പാലക്കാട്:ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പൂര്‍ണ സുരക്ഷിതരാണെന്നും തൊഴിലാളികളുടെ ക്ഷേമത്തിനായി ജില്ലാ ഭരണകാര്യാലയം വേണ്ടെതെല്ലാം ചെയ്യുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ ഡോ: പി.സുരേഷ്ബാബു പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രചാരണത്തിനെതിരെ കഞ്ചിക്കോട് ചടയന്‍കാലായ് എസ്കെഎംഓഡിറ്റോറിയത്തില് നടന്ന ബോധവത്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
തൊഴിലാളികള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കാണുന്നതിനായി കലക്ടറേറ്റില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനത്ത് നിന്നും പോകുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകാര്യാലയം അടിയന്തര ഇടപെടല്‍ നടത്തിയത്.
0491 2505309 (ജില്ലാ കലക്ടറേറ്റ്), 8547655271 (ജില്ലാ ലേബര്‍ ഓഫീസര്‍), 0491 2537290 (എസ്പി ഓഫീസ്), 9497987148 (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , കസബ പൊലീസ് സ്റ്റേഷന്) നമ്പറുകളില്‍ വിളിച്ചാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പൊലീസിന്റെ 24 മണിക്കൂര്‍ സഹായം ലഭ്യമാണെന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭയപ്പെടേണ്ട യാതൊരു സാഹചര്യവും കേരളത്തിലില്ലെന്നും ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാര്‍ പറഞ്ഞു. ഹിന്ദിയില്‍ തൊഴിലാളികളോട് ആശയവിനിമയം നടത്തിയ എസ്.പി.തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ മാനെജ്മെന്റ് പ്രതിനിധികളും ഇതര സംസ്ഥാന തൊഴിലാളികളും പങ്കെടുത്ത യോഗത്തില്‍ തൊഴിലാളികള്‍ക്കായി ഹിന്ദിയിലുള്ള ബോധവത്കരണ ലഘുലേഖയും നല്കി.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആയുഷ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ കാര്‍ഡുകളുടെ വിതരണവും നടന്നു. യോഗത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ അധ്യക്ഷയായി, പുതുശ്ശേരി ഗ്രാമഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ ജി.രാജ്മോഹന്‍,ജില്ലാ ലേബര്‍ ഓഫീസര്‍ രാമകൃഷ്ണന്, ഫാക്ടറീസ് ആന്‍ഡ് ബോയിലേസ് ഇന്‍സ്പെക്ടര്‍ മുനീര്‍, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം പ്രസിഡന്റ് ഷെബീറലി , എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: