ഒറ്റപ്പാലം:മത്സ്യവിതരണ തൊഴിലാളിയെ കസ്റ്റഡിയിലെടുത്ത പോലീസ് മര്‍ദ്ദിച്ചതായി ആരോപണം.
മത്സ്യവിതരണത്തിനായി ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന കാറുമായി കൂട്ടിയിട്ടിയിടിച്ചെന്ന കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത നെല്ലിക്കുന്നത്ത് മുഹമ്മദ് ഷാഫിയെ (23) ഒറ്റപ്പാലം പോലീസ് ക്രൂരമായി മര്ദ്ദിച്ചതായാണു ആരോപണം. കഴിഞ്ഞ പന്ത്രണ്ടിനാണു സംഭവം. ഈസ്റ്റ് ഒറ്റപ്പാലത്തെ മത്സ്യവ്യാപാര സ്ഥാപനത്തില്‍നിന്നും വിതരണത്തിനായി പോകുമ്പോഴാണു വഴിയില്‍ അപകടമുണ്ടായതെന്നു പറയുന്നു. എന്നാല്‍ തന്റെ ബൈക്ക് കാറില്ഇടിച്ചിട്ടില്ലെന്നു പോലീസിനോടു പറഞ്ഞെങ്കിലും ഇതു മുഖവിലക്ക് എടുക്കാതെ ജീപ്പിലേക്കു വലിച്ചു കയറ്റി സ്റ്റേഷനിലെത്തിച്ച് പോലീസുകാര്‍ മൂന്നാംമുറ പ്രയോഗിക്കുകയായിരുന്നുയെന്ന് മുഹമ്മദ്ഷാഫി പറയുന്നു.
പോലീസ ്ഉദ്യോഗസ്ഥനും സഹപ്രവര്‍ത്തകരും ചേര്‍ന്നാണു തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ ഇടപെട്ടതോടെ ഇയാള്‍ സ്റ്റേഷനില്‍ നിന്നുംപുറത്തിറങ്ങി. എന്നാല്‍ സംഭവം വീട്ടില്‍ പറഞ്ഞില്ല.
കഴിഞ്ഞ ഞായറാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ രാത്രിയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൂരല്‍ വടികൊണ്ടുള്ള അടിയേറ്റ പാടുകള്‍ കാല്‍വെള്ളയിലും ഇടതു തോളിലും കാണപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ യുവാവിനെ മര്‍ദിച്ചെന്ന ആരോപണം പോലീസ് നിഷേധിച്ചു. അപകടത്തിനു ശേഷം യുവാവ് വാഹനം നിര്‍ത്താതെ പോയെന്നും അമിതവേഗത്തിലും അപകടകരമായും ബൈക്ക് ഓടിക്കുന്ന ഇയാളെ പല തവണ പിടിച്ചിട്ടുണ്ടെന്നും അതേ സമയം കസ്റ്റടിയിലെടുത്ത ഇയാള്‍ക്കെതിരെ കേസ്സ് ചുമത്തി വിട്ടയക്കുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ പോലീസ് മര്‍ദ്ദിച്ചെന്ന പരാധിപരിശോധിക്കുമെന്ന് സി.ഐ. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: