കല്പറ്റ:മറ്റെവിടെയും കാണാത്ത സസ്യജന്തുജാലങ്ങളുടെയടക്കം ആവാസവ്യവസ്ഥയായ കുറുവ ദ്വീപ് സമൂഹത്തില്‍ അനിയന്ത്രിത വിനോദസഞ്ചാരം വിലക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലാ ടൂറിസം പ്രമേഷന് കൗണ്‍സിലിന്റെയും ഡസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കുറുവയില്‍ ടൂറിസം പ്രവര്‍ത്തനം. ഇന്നത്തെ നിലയ്ക്ക് ഇത് തുടര്‍ന്നാല്‍ പശ്ചിമഘട്ടത്തിലെ ഏക ശുദ്ധജല ദ്വീപുസമൂഹം കഥാവശേഷമാകും. വിനോദസഞ്ചാരം പരിസ്ഥിതി സൗഹൃദമായി നടത്താന്‍ ഡി.ടി.പി.സിക്ക് കഴിയുന്നില്ലെങ്കില്‍ ദ്വീപുകള്‍ ശാശ്വതമായി അടച്ചിടാനുള്ള ആര്‍ജവം വനം-വന്യജീവി വകുപ്പ് കാട്ടണം.
വനം വകുപ്പിന്റെ നിയന്ത്രണത്തില്‍ നടത്തേണ്ട ഇക്കോ ടൂറിസം കുറുവ ദ്വീപ് സമൂഹത്തിന്റെ പാല്‍വെളിച്ചം ഭാഗത്ത് ഡി.ടി.പി.സിയാണ് നടത്തുന്നത്. കുറുവയെ വിറ്റുകാശാക്കുന്ന ഡി.ടി.പി.സി ജൈവവൈവിധ്യ സംരക്ഷണത്തിനു ചില്ലിക്കാശുപോലും ചെലവഴിക്കുന്നില്ല. വിനോദസഞ്ചാരത്തിനു മറവില്‍ അഴിമതിയും നടക്കുന്നതായാണ് അങ്ങാടിപ്പാട്ട്. മഴക്കലാത്ത് അടച്ചിട്ട കുറുവ ദ്വീപ് കബനി നദിയിലെ ജലനിരപ്പ് താഴുന്നതിനു മുമ്പുതന്നെ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാന്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ-റിസോര്‍ട്ട് കൂട്ടുകെട്ട് വനം-വന്യജീവി വകുപ്പില്‍ സമ്മര്‍ദം ചെലുത്തുകയാണ്. പാല്‍വെളിച്ചം,പാക്കം ഭാഗങ്ങളില്‍നിന്നായി ദിവസം രണ്ടായിരത്തോളം സന്ദര്‍ശകര്‍ക്കാണ് സീസണില്‍ കുറുവയില്‍ പ്രവേശനം അനുവദിക്കുന്നത്. ഇത്രയും ജനങ്ങളെ താങ്ങാനുള്ള ശേഷി ദീപ് സമൂഹത്തിനില്ല. സമീപപ്രദേശങ്ങളിലെ മനുഷ്യ-മൃഗ സംഘര്‍ഷവും കുറുവയിലെ ടൂറിസത്തിന്റെ തിക്തഫലമാണ്. കുറുവയില്‍ പ്രവേശനം അനുവദിക്കുന്ന സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തണം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വനം-വന്യജീവി വകുപ്പ് കര്‍ശനമായി പാലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
എം. ഗംഗാധരന് അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, എ.വി. മനോജ്, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി, രാമകൃഷ്ണന് തച്ചമ്പത്ത്, ഗോകുല്‍ദാസ്, സണ്ണി പടിഞ്ഞാറത്തറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: