ഒറ്റപ്പാലം:താലൂക്ക് ആശുപത്രി വളപ്പിലെ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരം കണ്ടെത്താന്‍ സീവേജ് ട്രീറ്റ്മെന്റുപ്ലാന്റിന്റെ നിര്‍മ്മാണം ആരംഭിച്ചു. ആശുപത്രി മോര്‍ച്ചറിക്കു സമീപത്താണു പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ആശുപത്രി നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരമാകും. ആരോഗ്യ വകുപ്പില്‍ നിന്നും അനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതിയുടെ നിര്‍മ്മാണം. പിഡബ്ല്യുഡിക്കാണു നിര്‍മ്മാണ ചുമതല.
രണ്ടു മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ആശുപത്രി വളപ്പിലെ കെട്ടിടത്തിലുള്ള കുളിമുറികള്‍, ശുചി മുറികള്‍, വാഷ് ബെയ്സിന് എന്നിവയില്‍ നിന്നും പുറത്തു വരുന്ന മലിനജലം പ്ലാന്റിലെ സംഭരണിയിലേയ്ക്കു ഒഴുക്കി വിടുന്ന സംവിധാനത്തിലാണു പദ്ധതിയുടെ നിര്‍മ്മാണം. സംഭരണിയിലെത്തി ചേരുന്ന മലിനജലം ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കും. ഇത് വീണ്ടും ആശുപത്രി ആവിശ്യങ്ങള്‍ക്കും, വസ്ത്രങ്ങള്‍ കഴുകുവാനും മറ്റുംഉപയോഗിക്കാന് കഴിയുമെന്നാണു ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ ഇതിനു തീരുമാനമായിട്ടില്ല.
ആശുപത്രി വളപ്പിലെ വിവിധ കെട്ടിടങ്ങളിലായി മുപ്പതോളം ശുചിമുറികളും ഇരുപത് കുളിമുറികളുമുണ്ട്. ഇതില്‍ നിന്നും ഒഴുക്കിവിടുന്ന മലിനജലം മാതൃശിശുകേന്ദ്രത്തിനു സമീപത്തുള്ള സെപ്റ്റി ടാങ്കിലാണു നിലവില്‍ നിക്ഷേപിക്കുന്നത്.
എന്നാല്‍ ക്രമാധീതമായി ഒഴുക്കിവിടുന്ന മലിനജലം ടാങ്കില്‍ നിറയുന്നതോടെ ടാങ്ക് കവിഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി.
ഇതു ഗുരുതരമായ മാലിന്യപ്രശ്നത്തിനു കാരണമായി. ഇതോടെ പരാധികള്‍ വര്‍ദ്ധിച്ചു. ഇതിനു പരിഹാരമായി ഏകദേശം ഒന്നര ലക്ഷം രൂപ ചെലവഴിച്ച് രണ്ടു തവണ ടാങ്ക് വൃത്തിയാക്കിയിരുന്നു.
എന്നാല്‍ വീണ്ടും ടാങ്ക് നിറയാനുള്ള സാധ്യതയുണ്ട്. പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇതിനു പരിഹാരമാകുമെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: