വടക്കഞ്ചേരി:കഴിഞ്ഞകുറച്ചു ദിവസമായി വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത നിര്‍മ്മാണത്തൊഴിലാളികള്‍ നടത്തിയ സമരം നിര്‍ത്തി.ഇതോടെ ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചു.
ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് സമരം ഉപേക്ഷിച്ച് വെള്ളിയാഴ്ച മുതല്‍ പണിക്കിറങ്ങിയത്.വ്യാഴാഴ്ച വൈകുന്നേരം ഒരുമാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് നല്കാന് അധികൃതര്‍ തയ്യാറായതോടെയാണ് തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്.
അഞ്ച് മാസത്തെ ശമ്പളം ഇവര്‍ക്ക് നല്കാനുണ്ടെങ്കിലും ഒരു മാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചിരിക്കുന്നത്.ഈ മാസം അവസാനത്തോടു കൂടി ഒരു മാസത്തെ ശമ്പളം കൂടി നല്‍കും.നവംബര്‍ 15നുള്ളില്‍ ഇവരുടെ മുഴുവന്‍ കുടിശ്ശികയും നല്‍കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു.അഞ്ച് മാസത്തോളമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദേശീയപാതാ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന 102 തൊഴിലാളികളാണ് മൂന്ന് ദിവസം പണിമുടക്കി സമരം നടത്തിയത്.
പണിമുടക്കിയ തൊഴിലാളികള്‍ ദേശീയപാതാ അതോറിറ്റിയുടെ ഓഫീസ് ഉപരോധിക്കുകയും റോഡ് തടയുകയും ചെയ്തിരുന്നു.സൂപ്പര്വൈസര്മാരുള്പ്പെടെയുള്ള തൊഴിലാളികളാണ് സമരത്തിലേര്‍പ്പെട്ടിരുന്നത്.ദേശീയപാതാ നിര്‍മ്മാണം പുനരാരംഭിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പെയ്ത മഴ പ്രവൃത്തികളെ ബാധിച്ചു. വരും ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാവാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: