മാനന്തവാടി: കെല്ലൂരിലെ മുന്‍ ഡി.സി.സി. സെക്രട്ടറിക്കെതിരെ രൂക്ഷമായ പരാതിയുമായി മൂന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റികള്‍ രംഗത്ത്. വെള്ളമുണ്ട, പനമരം, എടവക പഞ്ചായത്ത് കമ്മറ്റികളിലാണ് സി. അബ്ദുള്‍ അഷ്റഫിനെതിരെ പടയൊരുക്കം നടത്തുന്നത്.
പ്രദേശത്ത് യു.ഡി.എഫ്. സംവിധാനത്തോട് ചേര്‍ന്നു നില്‍ക്കാതെ ഗൂഢലക്ഷ്യവുമായി അവസരത്തിനൊത്ത് ലീഗിനെ ക്ഷയിപ്പിക്കാന് ശ്രമിക്കുന്നതായി ആരോപിച്ചാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ലീഗ് രംഗത്ത് വന്നത്. കഴിഞ്ഞ പഞ്ചായത് തിരഞ്ഞെടുപ്പില്‍ മാനാഞ്ചിറ വാര്‍ഡില്‍ ലീഗിനെതിരെ പ്രവര്‍ത്തിക്കാന്‍ നേതൃത്വം നല്കിയതും നിയമസഭാതിരഞ്ഞെടുപ്പില്‍ ജയലക്ഷ്മിക്കതിരെ പ്രവര്‍ത്തിച്ചതും ഇതിനുദാഹരണമായി ലീഗുകാര്‍ ആരോപിക്കുന്നു.
ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം നടന്ന രാപ്പകല്‍സമരത്തില്‍ പങ്കെടുക്കാനെത്തിയ ഇയാളുമായി ലീഗ് പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലെത്തുകയും ഇയാളെ മണ്ഡലം യു.ഡി.എഫ്. ഭാരവാഹികള്‍ വേദിയില്‍ നിന്നും പിടിച്ചു മാറ്റുകയുമായിരുന്നു. ഒക്ടോബര്‍ രണ്ടിന് പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നടന്ന ലീഗ് കുടുംബ സംഗമം പരാജയപ്പെടുത്തുന്നതിനായി പ്രദേശത്ത് ഇയാളുടെ നേതൃത്വത്തില്‍ ശാന്തിയാത്ര എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് ചെണ്ടമേളം നടത്തിയതായി ലീഗുകാര്‍ ആരോപിക്കുന്നു. ലീഗിന് അനുവദിച്ച മൈക്ക് പെര്‍മിറ്റ് റദ്ദ്ചെയ്യിപ്പിക്കാനും ഇയാള്‍ മുന്‍കൈയ്യെടുത്തതായും പറയപ്പെടുന്നു.
പിന്നീട് എസ്.പി. ഓഫീസില്‍ നിന്നാണ് പെര്മിഷന് ലഭിച്ചത്. ഇതേതുടര്‍ന്നാണ് പനമരം പഞ്ചായത്ത് യു.ഡി.എഫ്. കമ്മറ്റിക്ക് മുസ്ലിം ലീഗ് പരാതി നല്‍കിയത്.
പത്ത് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ പ്രതിപക്ഷനേതാവ് നടത്തുന്ന പടയൊരുക്കം യാത്ര ബഹിഷ്കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: