പാലക്കാട്:ജാതിവിവേചനം നേരിടുന്ന ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയിലെ അടിസ്ഥാന സൗകര്യവികസനം പ്രഖ്യാപനത്തിലൊതുങ്ങി.
മൂന്നുമാസമായിട്ടും ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. കോളനിയില്‍ ജാതിവിവേചനം നേരിടുന്നതായി പരാതി പറഞ്ഞവരെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ജാതി വിവേചനം നേരിടുന്നതായി പരാതി പറഞ്ഞ ചക്കിലിയ വിഭാഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമില്ല.
ചില സന്നദ്ധ സംഘടനകളുടെ സഹായമൊഴിച്ചാല്‍ സര്‍ക്കാരിന്റെയും മറ്റും വരവും പ്രഖ്യാപനങ്ങളും ജലരേഖയായി. കഴിഞ്ഞ ജൂണ്‍ ഇരുപതിന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാഭരണകൂടം കോളനിയില്‍ അദാലത്ത് നടത്തിയപ്പോള്‍ വീട് , കുടിവെളളം, റേഷന്‍ കാര്‍ഡ് , ശുചിമുറി, തെരുവ് വിളക്ക്, ശ്മശാനം തുടങ്ങി വിവിധങ്ങളായ 248 പരാതികള്‍ രേഖാമൂലം നല്കി.
പക്ഷേ മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടി ഒന്നുമുണ്ടായില്ല. വീടും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതപ്പെട്ട ഗുണേഭാക്താക്കളുടെ പട്ടിക ക്രമീകരിക്കുന്ന ജോലി ഇതുപൂര്ത്തിയായിട്ടില്ല. ജാതിവിവേചനമെന്ന് പരാതിപ്പെട്ടവര്‍ക്ക് ആനുകൂല്യം നല്കാതിരിക്കാന് ശ്രമിക്കുന്നതായും പരാതിയുണ്ട്. അടിസ്ഥാന സൗകര്യവികസനം തന്നെയാണ് കോളനിയിലെ പ്രധാനപ്രശ്നം. ഇത് പരിഹരിക്കാനുളള നിര്‍ദേശങ്ങള്‍ ഏറെയുണ്ടായിട്ടും ഉദ്യോഗസ്ഥ നടപടികള്‍ വൈകുന്നത് വീണ്ടും പരാതികള്‍ക്കിടയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: