കല്‍പ്പറ്റ: ജില്ലയിലെ മിക്ക പഞ്ചായത്തുകളും മാലിന്യമുക്തമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നതിന് ഒരുകുറവുമില്ല. ദേശീയ പാതയോരങ്ങളിലും മറ്റ് പാതകളിലും നിത്യേന അറവുമാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പരിശോധന ഇല്ലാത്തതും പിടിക്കപ്പെട്ടാലുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളമാണ് മാലിന്യം തള്ളാന്‍ പ്രേരകമാകുന്നത്.
കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ പുളിയാര്മലയ്ക്കും മടക്കിമലയ്ക്കും ഇടയിലുള്ള പല ഭാഗങ്ങളില്‍ രാപകല്‍ ഭേദമില്ലാതെയാണ് മാലിന്യം തള്ളുന്നത്. അറവുമാലിന്യ ദുര്‍ഗന്ധത്താല്‍ മൂക്കടച്ചുപോലും ഇതുവഴി പോകാനാവില്ല. തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച് റോഡരികിലും മറ്റും കൊണ്ടിടുന്നതും പതിവാകുന്നു. വനഭാഗങ്ങളിലാണ് ജില്ലയില്‍ കൂടുതലും മാലിന്യം തള്ളുന്നത്.
മുന്‍പ് ലോറിയില്‍ കൊണ്ടുവന്ന ആശുപത്രി മാലിന്യം മുത്തങ്ങയില്‍ തള്ളിയത് നാട്ടുകാര്‍ കയ്യോടെ പിടികൂടി. തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തില്‍ ജെസിബി ഉപയോഗിച്ച് അതേ മാലിന്യം കോരി തിരിച്ചയച്ചു. പനമരത്തും പച്ചിലക്കാടുമെല്ലാം അഴുകിയ മാലിന്യം ലോറിയില്‍ കൊണ്ടുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. പിന്നീട് ഇവ കല്‍പ്പറ്റ മെഡിക്കല്‍ കോളേജ് സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. ജില്ലയുടെ പലഭാഗത്തും മൂക്ക് പൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ അറവ് മാലിന്യം തള്ളിയ കല്‍പ്പറ്റ സ്വദേശികളായ അമ്പലങ്ങാട് സിദ്ദീഖ് (21), പാലക്കാപറമ്പില്‍ ഹര്‍ഷാദ് (24), ഇരിട്ടി കുളിയന്തറ സ്വദേശിയായ പതിനേഴുകാരന് എന്നിവരെ ചുരം സംരക്ഷസമിതി പ്രവര്‍ത്തകര്‍ പിടികൂടി താമരശ്ശേരി പോലീസിന് കൈമാറി.
രണ്ട് ചാക്കുകളിലായി കോഴിക്കോട് ഭാഗത്ത് നിന്നും ഗുഡ്സില്‍ കയറ്റികൊണ്ടുവന്ന അറവ് മാലിന്യത്തില്‍ ഒരു ചാക്ക് താഴോട്ട് തട്ടുകയും മറ്റേത് തട്ടാനുള്ള ശ്രമത്തിനിടയില്‍ ചുരം സംരക്ഷണസമിതിയുടെ കയ്യില്പ്പെടുകയുമായിരുന്നു. ഉച്ചസമയത്ത് ചുരത്തില്‍ യാത്രക്കാര്‍ കുറവുള്ള നേരം നോക്കിയാണ് ഇവര്‍ മാലിന്യം തട്ടിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും വാഹനസഹിതം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചുരത്തിലെ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരുടെ ആവശ്യം. പിടികൂടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാനും മാലിന്യം തള്ളുന്നവരെ റിമാന്റ് ചെയ്യാനുമുള്ള നടപടികളാണ് ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
പുളിയാര്മലയ്ക്കുസമീപം റോഡരികില്‍ തള്ളിയ മാലിന്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: