ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇലക്ട്രിക് വാഹന വിപണിയലേക്ക് എത്താനൊരുങ്ങുന്നു. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ തദ്ദേശീയ കമ്പനികളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനെതുടര്‍ന്നാണ് മാരുതി-സുസുകിയും ചുവടുമാറ്റത്തിനൊരുങ്ങുന്നത്.
വിവിധ മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനുകീഴിലെ ഏജന്‍സികള്‍ക്കുമായി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് (ഇഇഎസ്എല്‍) ഇലക്ട്രിക് വാഹനങ്ങള്‍ സംഭരിക്കുന്നത്.
1,120 കോടി രൂപ ചെലവഴിച്ച് ടാറ്റ മോട്ടോഴ്സില്‍നിന്ന് പതിനായിരം ടിഗോര്‍ ഇലക്ട്രിക് കാറാണ് ഇഇഎസ്എല്‍ വാങ്ങുന്നത്. ടാറ്റ മോട്ടോഴ്സ് സമര്‍പ്പിച്ച ബിഡുമായി ഒത്തുപോകുന്നതാണെങ്കില്‍ 40 ശതമാനം ഓര്‍ഡര്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് നല്‍കാമെന്ന് ഇഇഎസ്എല്‍ വ്യക്തമാക്കിയിട്ടുണ്ട്.
2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായിത്തീരുകയെന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യത്തിപ്പം സഞ്ചരിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്സുമാണെന്ന് പറയാം. ഇ2ഒ, ഇ-വെരിറ്റോ വാഹനങ്ങളുമായി മഹീന്ദ്ര കുറച്ചുകാലമായി ഇലക്ട്രിക് വിപണിയിലെ സാന്നിധ്യമാണെങ്കില്‍ ടിഗോര്‍ എന്ന കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക് പതിപ്പ് നിര്‍മ്മിച്ച് വിപണി പ്രവേശനത്തിന് തയ്യാറെടുക്കുകയാണ് ടാറ്റ മോട്ടോഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: