വടക്കഞ്ചേരി:കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്ക നിര്മ്മാണംഡിസംബറില് പൂര്‍ത്തിയാവുമെന്ന് കരാര്‍ കമ്പനി.പതിനൊന്ന് ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിച്ചത്.
ആറുവരിപ്പാതാ നിര്‍മ്മാണ കമ്പനിയായ കെഎംസി തുരങ്ക നിര്‍മ്മാണം ഏറ്റെടുത്ത പ്രഗതി ഗ്രൂപ്പിന് കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നായിരുന്നു സമരം. പത്തുദിവസത്തിനകം കുടിശ്ശികയായ 36 കോടി രൂപ നല്‍കാമെന്ന ഉറപ്പിന്മേലാണ് ഇപ്പോള്‍ പണികള്‍ ആരംഭിച്ചത്.
ഇതേ വേഗതയില്‍ പണികള്‍ തുടര്‍ന്നാല്‍ ഡിസംബറോടെ തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയാവുമെന്ന് കരാര്‍ കമ്പനി പറഞ്ഞു. നിലവില്‍ ഒന്നാം തുരങ്കത്തിന്റെ തൊണ്ണൂറു ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.
രണ്ടാം തുരങ്കത്തിന്റെ ചാല് നിര്‍മ്മാണവും റോഡ് പണിയും ഉരുക്ക് പാളികളുടെ നിര്‍മാണവും, ഇലക്ട്രിക്കല്‍ പണികളുമാണ് അവശേഷിക്കുന്നത്.ഉപകരാര്‍ കമ്പനിക്ക് ഫണ്ട് നല്കുന്നതില് വീഴ്ച വരുന്നതിനാലാണ് വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: