ആലപ്പുഴ: ഏഴാമത് കയര്‍ കേരള നാളെ വൈകിട്ട് നാലരയ്ക്ക് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 39 രാജ്യങ്ങളില്‍ നിന്നായി 140 പ്രതിനിധികള്‍ ഇതിനോടകം കയര്‍ കേരളയില്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 150 ആഭ്യന്തര പ്രതിനിധികളും മേളയില്‍ പങ്കെടുക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ച് മുതല്‍ ഒന്‍പതു വരെയാണ് മേള നടക്കുന്നത്. കയര്‍ സഹകരണ സംഘങ്ങളുടെ ആധുനീകരണത്തിലൂന്നിയ ഒരു രണ്ടാം കയര്‍ പുനഃസംഘടനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇതിന്റെ പ്രഖ്യാപനം കയര്‍ കേരളയില്‍ നടക്കും.
തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി മണ്ണു, ജല സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനുള്ള കരാറിന് കയര്‍ കേരളയില്‍ ധാരണയാകും. 700 പഞ്ചായത്തുകള്‍ ഈ സാമ്പത്തിക വര്‍ഷം കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണുജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
അന്തര്‍ദേശീയ പവലിയന് മന്ത്രി ജി. സുധാകരനും ദേശീയ പവലിയന് മന്ത്രി പി. തിലോത്തമനും, ടൂറിസം മ്യൂസിയം പവലിയന് മന്ത്രി തോമസ് ചാണ്ടിയും ഉദ്ഘാടനം ചെയ്യും. ദേശീയ സെമിനാറുകളും കലാപരിപാടികളും ഉള്‍പ്പെടെയുള്ള പരിപാടികളാണ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഒന്‍പതിന് വൈകിട്ട് നാലിന് സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. മന്ത്രി മേഴ്സിക്കുട്ടിയമ്മ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: