കല്ലടിക്കോട്:ഗര്‍ഭാവസ്ഥയിലുള്ള ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗൈനക്കോളജിസ്റ്റിന് വീഴച്ചപറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്.കോങ്ങാട് പാറശ്ശേരി പുത്തന്‍വീട്ടില്‍ സേതുമാധവന്റെ പരാതിയിന്മേലാണ് ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ ചുമതലയുളള അഡിഷ്ണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഗര്‍ഭിണിയായ സേതുമാധവന്റെ ഭാര്യയെ പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്.എന്നാല്‍ ഗര്‍ഭസ്ഥശിശുക്കള്‍ ഇരട്ടകളാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നില്ല.പ്രസവ തിയതിയുടെ ദിവസങ്ങള്‍ക്ക് മുമ്പേ വേദന വന്നപ്പോള്‍ ഭാര്യയുമായി ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് ഇരട്ട കുട്ടികളാണെന്നും, കുട്ടികള്‍ മരിച്ചുവെന്നും ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുവാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ അതിനു വേണ്ട ആംബുലന്‍സ് അനുവദിക്കുവാന്‍ അതികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരുവാഹനത്തിലാണ് തൃശൂരില്‍ എത്തിച്ചത്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അനിതാ പൊന്നു കുട്ടിയെ ആശുപത്രിയില്‍ നിന്നും മാറ്റാനും വകുപ്പ് തല നടപ്പടികള് സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിലാണ് ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്.
തന്നെയും കുടുംബത്തെയും വഞ്ചിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ എംഎല്‍എ , ആരോഗ്യമന്ത്രി , മുഖ്യമന്ത്രി ,പോലീസ് ,മനുഷ്യാവകാശ കമ്മീഷന് തുടങ്ങിയവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം ജില്ലാ ആശുപത്രിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരിയായ കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
ഒടുവിലായാണ് ഗൈനക്കോളജിസ്റ്റിനു വീഴ്ച്ച പറ്റിയതായി ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ ചുമതലയുളള അഡിഷ്ണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നതായും സേതുമാധവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: