കൊച്ചി : തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം നടത്തുന്നതിന് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. നിലവിലുള്ള പൂര്‍ണ്ണത്രയീശ സേവാ സംഘത്തിന്റെ കാലാവധി 2015 ല്‍ കഴിഞ്ഞതാണ്. ഇതു പുതുക്കുകയോ ക്ഷേത്രോപദേശക സമിതിക്ക് രൂപം നല്‍കുകയോ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് നവംബറില്‍ തുടങ്ങുന്ന വൃശ്ചികോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കും മേല്‍നോട്ടത്തിനും അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. അംഗീകാരമില്ലാത്ത സേവാസംഘം ഉത്സവം നടത്തുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഉത്സവം നടത്താനായി ഭക്തരെ പ്രതിനിധാനം ചെയ്യുന്ന വിവിധ ഗ്രൂപ്പുകളില്‍ നിന്ന് പത്ത് പേരെ ഉള്‍പ്പെടുത്തി ഒരു അഡ്ഹോക്ക് കമ്മിറ്റിക്ക് കമ്മിഷന് രൂപം നല്‍കണം. കമ്മിഷന്റെ മേല്‍നോട്ടത്തില്‍ ഈ കമ്മിറ്റിയാകും ഉത്സവം നടത്തുക. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് കമ്മിഷന് പൊലീസ് സംരക്ഷണം തേടാന്‍ കഴിയുമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: