പത്തനംതിട്ട: ബിജെപി അവഗണിക്കാന്‍ കഴിയാത്ത ശക്തിആയതുകൊണ്ടാണ് ഇരുമുന്നണികളും ചേര്‍ന്ന് ആക്രമിക്കുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനരക്ഷാ യാത്രയുടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൂടിയ ജില്ലാ ഭാരവാഹികളുടെയും ചുമതലക്കാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്നത് ബിജെപി ആണ്. ബിജെപി ജനരക്ഷായാത്ര പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാരും, കമ്മ്യൂണിസ്റ്റുകാരും യാത്രകള്‍ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. കേരള രാഷ്ട്രീയത്തില്‍ ബിജെപിയെ എതിര്‍ക്കുന്നവരും, അനുകൂലിക്കുന്നവരും എന്ന രണ്ടു പക്ഷമേ ഇന്നുള്ളു. എല്ലാവര്ക്കും ജീവിക്കണമെന്നതാണ് യാത്രയുടെ ലക്ഷ്യം. അതുറപ്പാക്കേണ്ടത് സര്‍ക്കാരാണ്. ഇത് ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. കേരള ചരിത്രത്തിലെ ഒരു മഹാ സംഭവമായി ജനരക്ഷാ യാത്ര രേഖപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 3ന് പയ്യന്നൂരില്‍ നിന്നു തുടങ്ങുന്ന യാത്ര 14ന് ഉച്ചയോടുകൂടി കോഴഞ്ചേരിയില്‍ എത്തും. തുടര്‍ന്ന് പത്തനംതിട്ടയിലേക്ക് തിരുവല്ല, ആറന്മുള, റാന്നി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ അകമ്പടിയോടെ പദയാത്രയായെത്തും. പത്തനംതിട്ട പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് കോര്‍ണറില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ അന്നത്തെ യാത്ര സമാപിക്കും. പതിനഞ്ചാം തീയതി രാവിലെ പത്തു മണിക്ക് അടൂരില്‍ നടക്കുന്ന പൊതുയോഗത്തിനു ശേഷം യാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും. ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ കുടിയ യോഗത്തില്‍ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം വി.എന്‍. ഉണ്ണി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര്.നായര്‍, എസ്. എന്‍. ഹരികൃഷ്ണന്, സംസ്ഥാന സമിതി അംഗം റ്റി.ആര്. അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: