കൊച്ചി: മുളകിന്റെയും വെളുത്തുള്ളിയുടെയും പിന്‍ബലത്തില്‍ രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധന. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം 35 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയിലുണ്ടായത്. കയറ്റുമതി മൂല്യം 4589.14 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സുഗന്ധവ്യഞ്ജന കയറ്റുമതി 2,27,938 ടണ്‍ ആയിരുന്നു. നടപ്പു വര്‍ഷം ആദ്യപാദം 3,06,990 ടണ്ണായി. മുളകാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഏറ്റവുമധികം കയറ്റുമതി ചെയ്തത്. 1,198 കോടി രൂപ മൂല്യമുള്ള 1,33,000 ടണ്‍ മുളകാണ് വിദേശത്തേയ്ക്ക് കയറ്റി അയച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഉത്പന്നമാണ് മുളക്. ഇന്ത്യയ്ക്ക് ഈ ആവശ്യത്തിനനുസരിച്ച് മുളക് കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് പറഞ്ഞു. വെളുത്തുള്ളി കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ ബോര്‍ഡ് എടുക്കുന്ന നടപടികളും ഫലം കണ്ടു. അളവിലും മൂല്യത്തിലും വെളുത്തുള്ളിക്കും വന്‍വര്‍ധനയുണ്ടായി. മൂല്യത്തില്‍ 107 ശതമാനത്തിന്റെയും അളവില്‍ 169 ശതമാനത്തിന്റെയും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
പെരുംജീരകത്തിന്റെ കയറ്റുമതി ആഗോളതലത്തില്‍ 13,250 ടണ്ണാണ്. അളവില്‍ 92 ശതമാനത്തിന്റെയും മൂല്യത്തില്‍ 49 ശതമാനത്തിന്റെയും വര്‍ധനയാണ് പെരുംജീരകത്തിനുണ്ടായത്. കടുക്, തക്കോലം, അയമോദകം തുടങ്ങിയവയുടെ കയറ്റുമതി അളവില്‍ 83 ശതമാനവും മൂല്യത്തില്‍ 63 ശതമാനവും വളര്‍ച്ച നേടി.
ഏലം കയറ്റുമതിയില്‍ 134.55 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 1220 ടണ്‍ ഏലം കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ആദ്യപാദത്തില്‍ ഇത് യഥാക്രമം, 90.81 കോടി രൂപയും 1,206 ടണ്ണുമായിരുന്നു. അളവില്‍ 10 ശതമാനത്തിന്റെയും മൂല്യത്തില്‍ 48 ശതമാനത്തിന്റെയും വര്‍ധന ഏലത്തിനുണ്ടായി.
ഇഞ്ചിയുടെയും പുതിന ഉത്പന്നങ്ങളുടെയും കയറ്റുമതി കൂടി. സംസ്കരിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും കയറ്റുമതി വിപണിയില്‍ മികച്ച ഡിമാന്റുണ്ട്. കറിപ്പൊടി, പേസ്റ്റ്, സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയെല്ലാം കയറ്റുമതി വളര്‍ച്ചയിലുണ്ടായ മുന്നേറ്റത്തില്‍ കാര്യമായ പങ്ക് വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: