കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രാബല്യത്തില്‍ വന്ന തദ്ദേശ വകുപ്പ് മാന്വല്‍ നടപ്പാക്കുന്നത് നവംബര്‍ 22വരെ തടഞ്ഞുകൊണ്ട് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവായി. കേരളാ ഗവ: ആയുര്‍വേദ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് അഡ്വ. തമ്പാന് തോമസ് മുഖേന നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. നിലവില്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ഭാരതീയ ചികിത്സാ വകുപ്പിന്റെ മാന്വല്‍ പ്രകാരം അധികാരവും, ചുമതലയും വ്യക്തമായി നിര്‍വ്വചിച്ചു നല്‍കിയിട്ടുണ്ട്. നിയമത്തിന് വിധേയമായി വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരുന്നുണ്ട്.
ഡിപ്പാര്‍ട്ട്മെന്റ് മാന്വല്‍ നിലനില്‍ക്കേ തദ്ദേശ വകുപ്പ് സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനു വേണ്ടി മറ്റൊരു മാന്വല്‍ പുറത്തിറക്കിയത് ഭരണഘടനാലംഘനമാണെന്ന് ഫാര്‍മസിസ്റ്റ് അസോസിയേഷന് വാദിക്കുന്നു.
തദ്ദേശ വകുപ്പ് മാന്വല്‍ ഉത്തരവായതോടെ വകുപ്പ് മേധാവികള്‍ക്കും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, ആശുപത്രി മേധാവികള്‍ക്കും ഉണ്ടായിരുന്ന അധികാരം വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ്, കോര്പ്പറേഷന് ജില്ലാ പഞ്ചായത്ത് അധികാരികള്‍ എന്നിവര്‍ക്കായി കൈമാറിയിരിക്കുകയാണ്. ഇതോടെ ഭാരതീയ ചികിത്സാവകുപ്പിന്റെ സംസ്ഥാന ജില്ലാതല ഓഫീസുകളുടെ പ്രസക്തി ഇല്ലാതാകും. നിലവില്‍ നിയമന അതോറിറ്റിക്കാണ് ജീവനക്കാരുടെ മേല്‍ അച്ചടക്കനടപടി എടുക്കുന്നതിന് അധികാരമുള്ളത്. പുതിയ നിയമം നടപ്പിലായതോടെ വകുപ്പ് മേധാവിയെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റിനും ജീവനക്കാരനെ ശിക്ഷിക്കുന്നതിന് അധികാരമുണ്ടാകും.
ജീവനക്കാരന് ഒരു തെറ്റിന് രണ്ട് ശിക്ഷ നേരിടേണ്ടി വരുന്ന വിചിത്രമായ അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നും അസോസിയേഷന് പറയുന്നു. ജീവനക്കാരുടെ സേവന സ്വാതന്ത്യത്തെ ഹനിക്കുന്ന തദ്ദേശവകുപ്പ് മാന്വല്‍ പിന്‍വലിക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. കേരള ഗവ. ആയുര്‍വ്വേദ നഴ്സസ് അസോസിയേഷനും മാന്വല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: