മാനന്തവാടി: ഈ കാലവര്‍ഷത്തില്‍ ജില്ലയിലെ മഴക്കുറവ് 37 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ ലഭിച്ച ഉയര്‍ന്ന തോതിലുള്ള മഴയാണ് നേരത്തെ 47 ശതമാനമായിരുന്ന മഴക്കുറവ് 37 ശതമാനത്തിലെത്തിച്ചത്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ ജില്ലയില്‍ 59 ശതമാനത്തിന്റെ മഴക്കുറവായിരുന്നു അനുഭവപ്പെട്ടത്. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തന്റെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച അവസാനിച്ച ആഴ്ച വരെ ജില്ലയില്‍ മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ 37 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇത് 59 ശതമാനവും ഈ മാസം 13 ന് അവസാനിച്ച ആഴ്ച വരെ 47 ശതമാനവുമായിരുന്നു. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ ബുധനാഴ്ച വരെ ജില്ലക്ക് ലഭിക്കോണ്ടിയിരുന്നത് 2551.9 മില്ലീമീറ്റര്‍ മഴയായിരുന്നു. ഇതില്‍ ലഭിച്ചത് 1601.3 മില്ലീ മീറ്റര്‍ മഴയാണ്. 47 ശതമാനം മഴക്കുറവുണ്ടായിരുന്ന ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലഭിച്ച ഉയര്‍ന്ന മഴയാണ് തോത് കുറയാനിടയാക്കിയത്.
കഴിഞ്ഞ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ജില്ലയില്‍ 287 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഈ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത് വൈത്തിരിയിലാണ്. വൈത്തിരിയില്‍ 282.9 മില്ലീ മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ മാനന്തവാടിയില്‍ 187.2 മില്ലീ മീറ്ററും ബത്തേരിയില്‍ 99.2 മില്ലി മീറ്ററും അമ്പലവയലില്‍ 78.2 മില്ലി മീറ്ററും മഴ ലഭിക്കുകയുണ്ടായി.
മണ്‍സൂണ്‍ കാലവര്‍ഷം സെപ്റ്റംബര്‍ 30-ഓടെ അവസാനിക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ പോലും ജില്ലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന മഴക്കുറവ് പരിഹരിക്കപ്പെടുകയില്ലെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: