കാക്കനാട്: ഇലക്ട്രിക്കല്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ വിമതന്മാര് തമ്മില്‍ തര്‍ക്കം. സിപിഎം വിമതര്‍ എം.എം നാസറും കോണ്‍ഗ്രസ് വിമതനും ഇടത് ഭരണസമിതിയില്‍ വൈസ് ചെയര്‍മാനുമായ സാബു ഫ്രാന്‍സിസും തമ്മിലായിരുന്നു വക്കേറ്റം. കേബിള്‍ വലിക്കുന്ന വിഷയം ധനകാര്യ സ്റ്റാന്റിങ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ കമ്മറ്റിയുടെ ശുപാര്‍ശയായി കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
കോണ്‍ഗ്രസ് വിമതന് സ്വന്തം പാര്‍ട്ടിയിലേക്ക് തിരിച്ചുപോകാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ ശക്തമായിരിക്കെയാണ് കൗണ്‍സില്‍ യോഗത്തില്‍ വിമതന്മാര് തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. 43 അംഗ നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ് വിമതന്റെ ഭൂരിപക്ഷത്തിലാണ് ഇടത് ഭരണം നടക്കുന്നത്. വിമന്മാര് തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായാല്‍ ഭരണം താഴെ വീഴുമെന്നാണ് ഇടത് കൗണ്‍സിലര്‍മാര്‍ ഭയക്കുന്നത്. അതുകൊണ്ട് തന്നെ ജില്ലാസ്ഥാനത്തെ ഇടത് ഭരണം നിലനിര്‍ത്താന്‍ ഇരുവരെയും പിണക്കാതെ യോചിപ്പിച്ചുപോകാനായിരുന്നു പാര്‍ട്ടി നിര്‍ദേശം. വിമതന്മാര് ഇടഞ്ഞത് ഇടത് കൗണ്‍സിലര്‍മാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
നഗരസഭ പ്രദേശത്ത് കേബിള്‍ വലിക്കുന്നത്തിന് മീറ്ററിന് നൂറു രൂപ നിരക്കില്‍ ഈടാക്കണമെന്ന് യോഗത്തില്‍ വൈസ് ചെയര്മാന് ആവശ്യപ്പെട്ടു. ഇതോടെ ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി അംഗം കൂടിയായ എം.എം. നാസര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനെ എതിര്‍ത്തു സംസാരിച്ചതാണ് വൈസ് ചെയര്‍മാനെ ചൊടിപ്പിച്ചത്. ധനകാര്യ കമ്മറ്റി ചര്‍ച്ച ചെയ്തശേഷം അടുത്ത കമ്മറ്റിയില്‍ പരിഗണിച്ചാല്‍ മതിയെന്ന് ചെയര്‍പേഴ്സണ്‍ കെ.കെ നീനു നിര്‍ദേശിച്ചതോടെയാണ് പ്രശ്നത്തിന് താല്കാലിക ശമനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: