അഗളി:അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് ബദല്‍ റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു.കഴിഞ്ഞദിവസങ്ങളില്‍ പെയത് ശക്തമായ മഴയില്‍ ചുരും റോഡിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവരെ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല. കോയമ്പത്തൂര്‍ വഴിയാണ് പലരുമിപ്പോള്‍ അട്ടപ്പാടിയിലെത്തുന്നത്.
നിലവില്‍ ചുരത്തിന്റെ പലഭാഗങ്ങളിലും റോഡിന്റെ അവസ്ഥ ദയനീയമാണ്.ഇനിയുള്ള ദിവസങ്ങളില്‍ മഴ കനത്താല്‍ ചുരം തകരുവാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വിദഗ്ദരുടെ അഭിപ്രായം. അതേസമയം റോഡ് പുനര്‍നിര്‍മ്മിച്ചാല്‍ പോലും നിലനില്‍ക്കില്ലെന്നും പറയുന്നു.ഈ സാഹചര്യത്തിലാണ് ബദല്‍ റോഡെന്ന ആവശ്യം പ്രദേശവാസികള്‍ക്കിടയില്‍ ശക്തമാകുന്നത്.
യാത്രാ ക്ലേശം പരിഗണിച്ച് 2014ലാണ് പൊതുമരാമത്ത് വകുപ്പ് ബദല്‍ റോഡിനായി സാധ്യത പഠനം നടത്തിയത്. അഗളിയില്‍ നിന്നും മുണ്ടന്‍പാറ, പാറവളവ്, കുറുക്കന് കുണ്ട് വഴി കാഞ്ഞിരപുഴയ്ക്ക് സമീപമുള്ള പൂഞ്ചോലയിലെത്തുന്നതായിരുന്നു ബദല്‍ റോഡ്.
പതിനഞ്ച് കിലോമീറ്റര്‍ ആണ് റോഡിന്റെ ദൂരം. ഇത് യാഥാര്‍ത്ഥ്യമായാല്‍ ചുരം റോഡുവഴിയുള്ള ഗതാഗതം ഒഴിവാക്കി മുപ്പത് കിലോമീറ്റര്‍ ലാഭിക്കാനുമാകും. പഠനം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബദല്‍ റോഡെന്ന ആവശ്യം കടലാസിലൊതുങ്ങിയിരിക്കുകയാണ്.
റോഡ് നിര്‍മ്മാണത്തിന് തടസ്സമായിരിക്കുന്നത് വനം വകുപ്പിന്റെ അവകാശവാദങ്ങളാണ്. റോഡ് കടന്നുപോകുന്ന പാതയില്‍ രണ്ട് കിലോമീറ്റര്‍ വനമേഖലയാണ്. ഇതിലൂടെ റോഡ് നിര്‍മ്മിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം ആവശ്യമാണ്. എന്നാല്‍ നിക്ഷിപ്ത വനമേഖലയായതിനാല്‍ വകുപ്പിന്റെ അനുവാദം ഇതുവരെ ലഭിച്ചിട്ടില്ല.
നിലവില്‍ ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാല്‍ നൂറ്റമ്പതോളം കിലോമീറ്റര്‍ കറങ്ങി കോയമ്പത്തുര് വഴി മാത്രമേ പാലക്കാടും, മറ്റ് സ്ഥലങ്ങളിലുമെത്താനാകൂ. അന്തര്‍സംസ്ഥാന തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തില്‍ പലപ്പോഴും ഇതുവഴിയുള്ള ഗതാഗതം ദുരിതപൂര്‍ണ്ണവുമാണ്. നിശ്ചിത ബദല്‍ റോഡ് യാഥാര്‍ഥ്യമായാല്‍ ആദിവാസികളുള്‍പ്പെടുന്ന സാധാരണ ജനവിഭാഗങ്ങള്‍ക്ക് ഏറെ ഉപകാരമാണ്.
അഴിമതിക്കാരായ ചില ഫോറസ്റ്റ് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ചില വന്‍കിട ബിസിനസുകാരുടെ താത്പര്യങ്ങളും പരിസ്ഥിതിവാദികളുടെ അന്ധമായ പ്രകൃതി സ്നേഹവുമാണ് ബദല്‍ റോഡിന് തടസമായിരിക്കുന്നതെന്നാണ് പൊതുജനാഭിപ്രായം.
നിലവില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്നത് അട്ടപ്പാടിയുടെ ആരോഗ്യകാര്‍ഷിക വാണിജ്യ മേഖലയാണ്. അവശ്യവസ്തുക്കള്‍ പോലും ചുരം കടന്ന് അട്ടപ്പാടിയില്‍ എത്തിക്കാനാവുന്നില്ല. ചരക്ക് നീക്കം പൂര്‍ണ്ണമായും തടസപ്പെട്ടതിനാല്‍ വാഴക്കൃഷിക്കാര്‍ അടക്കമുള്ള കര്‍ഷകര്‍ ദുരിതത്തിലാണ്. കാര്‍ഷികവിഭവങ്ങളുടെ വിലയിടിവും കൂടിയായതോടെ കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്.
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് തുടങ്ങി നിരവധി ആശുപത്രികള്‍ ഉണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അധികഫീസ് ഈടാക്കുന്ന അന്യസംസ്ഥാന ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അട്ടപ്പാടി നിവാസികള്‍.
അട്ടപ്പാടിയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ബദല്‍ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ: എന്‍.ഷംസുദ്ദീന് പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത് വനം വകുപ്പാണ്. എന്നാല്‍ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കുവാന്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: