കൊച്ചി: ഇസ്ലാമിലൂടെ മാത്രം രക്ഷ എന്ന വാദത്തിന് ആധുനിക കാലത്തും മാറ്റമുണ്ടായിട്ടില്ലെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. ഇരുപതു വര്‍ഷത്തോളം മുസ്ലീമിനൊപ്പം സഹവസിച്ച ഒരന്യമതസ്ഥന്‍ മുസ്ലീമായി മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ ഒപ്പം കഴിഞ്ഞ മുസ്ലീം, മതനേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരുന്നു. ഇസ്ലാമിലൂടെ മാത്രം മോക്ഷം എന്നു പറയുന്നവര്‍ മറ്റു മതസ്ഥരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ.എസ്. രാധാകൃഷ്ണന് രചിച്ച് കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച ‘ഇസ്ലാം ബഹുസ്വരതാ സമൂഹത്തില്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭയിലൂടെ മാത്രം മോക്ഷം എന്നു പഠിപ്പിച്ചിരുന്നതിന് ഇപ്പോള്‍ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
ഇസ്ലാമിനെക്കുറിച്ച് നടന്നുവരുന്ന സംവാദങ്ങള്‍ ഏകപക്ഷീയ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് പുസ്തകം പരിചയപ്പെടുത്തിയ ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളിപാറപ്പുറം പറഞ്ഞു. അവരുന്നയിക്കുന്ന വാദങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന ഏകപക്ഷീയ അടിച്ചേല്പിക്കലാണ് ഇപ്പോള്‍ നടന്നുവരുന്നത്. ബഹുസ്വരതയെ അംഗീകരിക്കുന്ന സമീപനം ഇസ്ലാമിക പക്ഷത്തിനില്ല. രാഷ്ട്രീയ ഇസ്ലാം മുഹമ്മദ് നബിയുടെ കാലം മുതല്‍ സ്വീകരിച്ചുവരുന്ന സമീപനവും അതാണെന്ന് മുരളിപാറപ്പുറം പറഞ്ഞു.
ബഹുസ്വര സമൂഹത്തില്‍ സമാധാനത്തോടെ ജീവിക്കാനുള്ളതെല്ലാം ഖുറാനിലുണ്ടെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുതിര്‍ന്ന അഭിഭാഷകന് അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാന് പറഞ്ഞു. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച് കുഴപ്പത്തിലാക്കുകയാണ് പലരും.
ഉന്മാദം മതാത്മകമാകുന്നതാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഫാ.പോള്‍ തേലക്കാട് അഭിപ്രായപ്പെട്ടു. ഉന്മാദമല്ല, ഉത്തരവാദിത്വമാണ് മതത്തിന്റെ അന്തസത്തയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളെ ഗ്രന്ഥങ്ങളിലല്ല, തെരുവിലാണ് വിലയിരുത്തേണ്ടതെന്ന് മാധ്യമ നിരീക്ഷകന് ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ഗ്രന്ഥങ്ങളില്‍ പല നല്ലകാര്യങ്ങളും പറയുന്നുണ്ടെങ്കിലും മതാനുയായികള്‍ തെരുവില്‍ അതല്ല പ്രവര്‍ത്തിക്കുന്നത്. മതഗ്രന്ഥങ്ങള്‍ വായിച്ച് ആരും മതംമാറുന്നില്ല. മറ്റു കാരണങ്ങളാലാണ് അത് സംഭവിക്കുന്നത്. പ്രൊഫ ജോസഫിന്റെ കൈവെട്ടി മാറ്റിയതിനു ശേഷം മുഹമ്മദെന്ന പേര് ഒരെഴുത്തിലും ഉപയോഗിക്കാന്‍ ആരും തയ്യാറാകുന്നില്ല. കൈവെട്ടി മാറ്റിയവര്‍ ജയിച്ചു കൊണ്ടേയിരിക്കുകയാണെന്നും ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരന് ഡോ. കെ.എസ്. രാധാകൃഷ്ണന് മറുപടി പറഞ്ഞു. കുരുക്ഷേത്ര ഡയറക്ടറും നാഷണല്‍ ബുക്ട്രസ്റ്റ് അംഗവുമായ ഇ.എന്‍. നന്ദകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ മാനേജര്‍ കെ.രാജേഷ് ചന്ദ്രന് സ്വാഗതവും എഡിറ്റര്‍ ആര്.എം. ദത്തന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: