വര്‍ഷം മുന്‍പാണ് ഞാന്‍ കേളുവൈദ്യരെ തേടിയെത്തിയത്. കൂടെ വയനാട്ടിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇടതുകൈയ്ക്ക് സ്വാധീനക്കുറവുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും നിരവധിതവണ ചികിത്സ നടത്തിയെങ്കിലും ഇടതുകൈയുടെ ശേഷിക്കുറവിന് പരിഹാരമുണ്ടായില്ല. അങ്ങനെ ഞങ്ങള്‍ കാട്ടിക്കുളം ആലത്തൂരിലെ കാളിക്കൊല്ലി കേളു വൈദ്യരുടെ വീട്ടിലെത്തി.
ഞങ്ങളെത്തിയ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. പാടത്ത് കൃഷിയിലാണെന്നറിഞ്ഞു. ഞങ്ങള്‍ വിവരം പറഞ്ഞതനുസരിച്ച് വീട്ടിലുള്ള ഒരാള്‍ പോയി അദ്ദേഹത്തെ കൂട്ടികൊണ്ടുവന്നു. തലയില്‍ തൊപ്പിക്കുടയും തോളത്ത് തൂമ്പയുമായിട്ടായിരുന്നു വരവ്. വയനാട്ടിലെ ഒരു സാദാ കര്ഷകന്. പിന്നെ കുളി കഴിഞ്ഞ് ഞങ്ങളുടെ അരികിലെത്തി.
ഞാന്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. വൈദ്യര് സുഹൃത്തിനെ നന്നായി പരിശോധിച്ചു. ഇടതുകൈ പൊന്തിക്കുകയും താഴ്ത്തുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. വലതുകൈയ്യും അതേപോലെ ചെയ്തു. രണ്ട് കൈകളിലേയും ഞരമ്പുകളും പിടിച്ച് പരിശോധിച്ചു. രണ്ട് കാലുകളിലെ പെരുവിരലുകളും സസൂക്ഷ്മം പരിശോധിച്ചു.
ഞങ്ങള്‍ ഇരുവരും ആകാംഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ‘ഇത് പേടിക്കാനൊന്നുമില്ല. ഞാന്‍ ശരിയാക്കിത്തരാം’ അദ്ദേഹം പഞ്ഞു. ഞങ്ങള്‍ക്ക് ആശ്വാസമായി. കുറെ പച്ചമരുന്നുകള്‍ തന്നുവിട്ടു, തിളപ്പിച്ചും കഷായമാക്കിയും കുഴമ്പാക്കിയുമൊക്കെ മാറ്റാന്‍. ആഴ്ച്ചയില്‍ ഒരുദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തി വൈദ്യര് പരിശോധന നടത്തി.
മൂന്ന് മാസം കൊണ്ട് അദ്ദേഹത്തിന്റെ കൈ പൂര്‍ണ്ണമായും സുഖമായി. അതിനുശേഷം ഇന്നോളം ഒരു കുഴപ്പവുമില്ല. സുഹൃത്ത് ഭീമമായ ഒരു തുക വൈദ്യര്‍ക്ക് നല്കി. അദ്ദേഹം അത് തിരിച്ചുകൊടുത്തു. ഇത് ഈശ്വരനിയോഗം മാത്രമെന്നായിരുന്നു വൈദ്യരുടെ മറുപടി.
ഇദ്ദേഹമാണ് ഇന്ന് പതിനായിരക്കണക്കിന് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാളിക്കൊല്ലി കേളുവൈദ്യര്‍(54).
കാളിക്കൊല്ലിയില്‍ ചെറിയ ഒരു ഓലഷെഡ്ഡില്‍ തുടങ്ങിയ പരിശോധന, ചികിത്സാവിധികള്‍, ഇന്ന് മുപ്പതിലധികം സഹായികളിലെത്തിനില്‍ക്കുന്നു. കാട്ടിക്കുളത്തെ സ്വകാര്യ ലോഡ്ജുകളിലെല്ലാം താമസക്കാര്‍ വൈദ്യരുടെ രോഗികളാണ്. വീടുകള്‍ വാടകയ്ക്കെടുത്ത് താമസിച്ചുവരുന്നവരും ഹോംസ്റ്റേകളില്‍ താമസിച്ച് ചികിത്സ നടത്തുന്നവരും നിരവധി. നട്ടെല്ല് ചികിത്സ, നാഡീ ചികിത്സ, ഒടിവ്, ചതവ് എന്നിവയ്ക്കുവേണ്ട എല്ലാത്തരം ചികിത്സകളും ഗോത്രാചാര പ്രകാരം ഇവിടെ നടന്നുവരുന്നു.
ഒരു സാധാരണ കര്‍ഷകനായ ഇ.സി.കേളുവേട്ടനില്‍നിന്ന് ഇന്നത്തെ കേളു വൈദ്യരിലേക്ക് എത്തിയതിന് പിന്നിലും ഒരു കഥയുണ്ട്. സ്വന്തം ജീവിതാനുഭവ കഥ. 25 കൊല്ലം മുമ്പ് പുഞ്ചകൃഷി കഴിഞ്ഞ് കന്നുകാലികളെ തൊട്ടടുത്ത കാട്ടിലേക്ക് മേയാന്‍ വിട്ടു. പുറകെ ഇടയന്മാരായി കേളുവൈദ്യരും കൂട്ടരും. വിശ്രമവേളകളില്‍ മുളംതണ്ടുകള്‍ വെട്ടി വീട്ടില്‍ ഉപ്പു സൂക്ഷിക്കുന്നതിനുള്ള കുറ്റികള്‍ നിര്‍മ്മിക്കുക പതിവായിരുന്നു.
ഇതിനിടെ വാക്കത്തി കാലില്‍ പതിച്ചു. രക്തംചീറ്റി, രക്തം കണ്ടതോടെ കൂടെയുള്ളവര്‍ ഭയന്നു. ഇതിനിടെ അദ്ദേഹം ബോധരഹിതമായി നിലംപതിച്ചു. കൂട്ടുകാര്‍ കൂകിവിളിച്ചതനുസരിച്ച് പ്രദേശത്തെ നാട്ടുകാര്‍ ഒന്നരകിലോമീറ്ററോളം ചുമന്നാണ് വാഹനത്തിലെത്തിച്ചത്. പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക്. അവിടെനിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്.
മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ പഴുപ്പ് വര്‍ദ്ധിച്ച് കാല് മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വൈദ്യരുടെ പിതാവ് ചന്തു ഇതിന് സമ്മതിച്ചില്ല. മെഡിക്കല്‍ കോളേജില്‍നിന്ന് സ്വമേധയാ ഡിസ്ചാര്‍ജ്ജ് വാങ്ങി വീട്ടിലെത്തി. അത്യാവശ്യം വൈദ്യവൃത്തി അറിയാവുന്ന പിതാവ് മകന്റെ സ്ഥിതി തിരിച്ചറിഞ്ഞു.
പച്ചമരുന്നുകളിറ്റിച്ച് കാലിലെ വൃണം അദ്ദേഹം ഭേദമാക്കി. തുടര്‍ന്ന് 62 ദിവസത്തെ ചികിത്സയിലൂടെ കാലിലെ മുറിവുകള്‍ പൂര്‍ണ്ണമായും ഭേദപ്പെടുത്തി. ഈ കാലഘട്ടത്തിലെ ബുദ്ധിമുട്ടുകളും വാഹനം ലഭിക്കാത്ത അവസ്ഥയും ചികിത്സാരീതിയും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കേളുവൈദ്യരുടെ കുടുംബം തീരുമാനിച്ചു. അങ്ങനെ ചികിത്സാരീതികള്‍ തുടങ്ങി. അതിന്ന് പടര്‍ന്ന് പന്തലിച്ച് ആദിവാസി വംശീയ ചികിത്സാ കേന്ദ്രമായി തലയുയര്‍ത്തി നില്ക്കുന്നു.
സ്വന്തം സഹോദരന് ചന്തുവിന്റെ ദേഹത്തേയ്ക്ക് കാപ്പിചാക്ക് വീണ് നട്ടെല്ല് പൊട്ടിയതും ചികിത്സാരംഗത്തേയ്ക്ക് കടക്കാന്‍ പ്രേരണയായി. ചന്തു ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന് എഴുന്നേറ്റുനില്ക്കാനും മറ്റും പ്രാപ്തനാക്കാന്‍ വൈദ്യര്‍ക്ക് കഴിഞ്ഞു. കേരളത്തിലേയും കര്‍ണാടകത്തിലേയും മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ഇവിടെ നിന്നും സുഖം പ്രാപിച്ച് മടങ്ങിയിട്ടുണ്ട്.
ഭാര്യ മിനിയോടും മക്കളായ നികേഷ്, നിഥുന് എന്നിവരോടുമൊപ്പം കാളിക്കൊല്ലി തറവാട്ടിലാണ് താമസം. അനുജന് അച്ചപ്പന്‍ വൈദ്യരും കേളുവിനൊപ്പം ചികിത്സ നടത്തിവരുന്നു. കുടുംബത്തിലെ മുപ്പതോളം പേരും ചികിത്സാസഹായികളായുണ്ട്.
വനത്തില്‍ നിന്നും പച്ച മരുന്നുകള്‍ ശേഖരിച്ച് ഉണക്കിപ്പൊടിച്ചും കഷായമാക്കിയും ചികിത്സ നടത്തിവരുന്നു. ശരീരം തളര്‍ന്ന് കിടപ്പിലായ ധാരാളം പേര് നീണ്ടകാലത്തെ ചികിത്സയ്ക്കൊടുവില്‍ സുഖം പ്രാപിച്ചു മടങ്ങിയിട്ടുണ്ട്.
പച്ചമരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുവെന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന ഭീഷണി. കാട്ടുപന്നികളും, കാട്ടാടുകളും, കാട്ടുപോത്തും, ആനയുമെല്ലാം ഇടയ്ക്കൊക്കെ ഇവിടെ വന്നുപോകും. വന്യജീവി ഭീഷണിയാണ് മരുന്ന് ശേഖരിക്കുന്നതിനുള്ള പ്രധാന തടസ്സം.
സ്വന്തമായി ഒരു ബയോഗാര്‍ഡന്‍ ഉണ്ടെങ്കില്‍ മരുന്ന് ക്ഷാമം പരിഹരിക്കാനാവും. അതിനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് കേളുവൈദ്യരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: