പാലക്കാട്:കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലതര്‍ക്കം രൂക്ഷമാകാനുള്ള കാരണം പശ്ചിമഘട്ടത്തിലെ വനനശീകരണമാണെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നെല്ലിയാമ്പതി, ആനമല തലക്കാവേരി , കുര്‍ഗ്, ആനമുടി മേഖലകളിലെ പശ്ചിമഘട്ട വന ശ്രേണിയിലെ തുടര്‍ച്ച നഷ്ടപ്പെട്ടത് കാവേരി, കബനി , ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ നദികളുടെ ജലശേഷി നഷ്ടപ്പെടുത്താനിടയാക്കി. അന്തര്‍സംസ്ഥാന നദിജലതര്ക്കങ്ങള് കേവലം രാഷ്ട്രീയ തര്ക്കമാത്രമല്ലെന്നും പരിസ്ഥിതി തകര്‍ച്ചയുടെ ദുരന്തമാണെന്നും സംരക്ഷണ ഏകോപന സമിതി കുറ്റപ്പെടുത്തി.
പശ്ചിമഘട്ടം സംരക്ഷിക്കുവാന്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയും ജില്ലകള്‍ തോറുള്ള വിമാനത്താവളങ്ങളുും വികസനമല്ലെന്നും വിനാശമാണെന്നും സമിതി അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകരെ വികസന വിരോധികളെന്ന് മുദ്രകുത്തി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സമിതി അപലപിച്ചു.പശ്ചിമഘട്ടത്തില്‍ പതിനാറായിരത്തോളം ക്വാറികള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
ആകെ 103 ക്വാറികള്‍ക്ക് മാത്രമാണ് നിയമപരമായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ മൂന്നരലക്ഷം ഹെക്ടര്‍ വനഭൂമി ഇല്ലാതായി. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഒന്നരക്കോടി വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പശ്ചിമഘട്ടസംരക്ഷണയാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ അവകാശപത്രിക സമര്‍പ്പിക്കും.
പത്രസമ്മേളനത്തില്‍ ചെയര്മാന് ജോണ്‍ പെരുവന്താനം,ജനറല്‍ കണ്‍വീനര്‍ എസ് ബാബുജി, വൈസ് ചെയര്മാന് പ്രൊഫ ഗോപാലകൃഷ്ണന്, എന്‍പിഎം ദേശീയ കോ ഓര്‍ഡിനേറ്റര്‍ വിളയോടി വേണുഗോപാല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: