മണ്ണാര്‍ക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാത വീതിക്കൂട്ടുമെന്ന പ്രഖ്യാപനം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടിയായില്ല.
എന്നാല്‍ ഇതുകാത്തുകിടക്കുന്ന മണ്ണാര്‍ക്കാടുകാരുടെ യാത്രാദുരിതം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. മഴക്കാലമായതിനാല്‍ അഴുക്കുചാലിലെ ചെളിയും വെള്ളക്കെട്ടും റോഡില്‍ കുമിഞ്ഞുകൂടിയതിനാല്‍ കാല്‍നടയാത്രയും ഇരുചക്രവാഹനങ്ങളും-ഓട്ടോറിക്ഷയും ഇതിലൂടെകടന്നുപോകുന്നത് ഏറെ സാഹസികമായാണ്. ഓപ്പറേഷന് അനന്തയുടെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ച് അവയുടെ അവശിഷ്ടങ്ങള്‍ ചാലില്‍ അടിഞ്ഞുകൂടിയതാണ് മഴവെള്ളം കെട്ടിനില്ക്കാന് കാരണം.
കോഴിക്കോട്-പാലക്കാട് ദേശീയപാതനാട്ടുകല് മുതല്‍ താണാവ് വരെയുള്ള റോഡിന്റെ വീതിക്കൂട്ടല്‍ ജോലി വൈകുതോറും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ പൈപ്പ് ലൈനിന്റെ ജോലികളും ജലസംഭരണികള്‍ മാറ്റിസ്ഥാപിക്കുന്നതുമെല്ലാം വീതികൂട്ടുന്നതിന് ഇപ്പോള്‍ തടസ്സമെന്നാണ് പറയുന്നത്.എന്നാല്‍ ഇത് മാറ്റി സ്ഥാപിച്ചാല്‍ മാത്രമാണ് റോഡിന്റെ വീതികൂട്ടല്‍ സാധ്യമാകൂ എന്നാണ് ദേശീയപാത വിദഗ്ദ്ധര്‍ പറയുന്നത്.
നിലവിലുള്ള പൈപ്പുകള്‍ മാറ്റാന്‍ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കുമരംപുത്തൂര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പൈപ്പുകള്‍ മാറ്റുന്നതിന് 15കോടിരൂപ വേണമെന്നാണ് ജലവകുപ്പിന്റെ നിലപാട്. ഇത് അനുവദിച്ചാല്‍ മാത്രമെ പൈപ്പ്ലൈനിന്റെ ജോലി തുടങ്ങുകയുള്ളൂ. റോഡിലെ കുണ്ടുംകുഴിയും വീതിയില്ലായ്മയും വാഹനങ്ങളുടെ തിരക്കും ടൗണില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കി.റോഡിന്റെ അറ്റകുറ്റപണികള്‍ക്ക് രണ്ട് കോടിരൂപ അനുവദിച്ചു എന്ന്പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: