പാലക്കാട്:ശക്തമായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയിലെങ്ങും വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. അഗളി, ചെറുപ്പളശ്ശേരി, മണ്ണാര്‍ക്കാട്, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് നാശനഷ്ടം ഏറെയും.ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറിപഴവര്‍ഗ വിളകള്‍ നശിച്ചതായാണ് കൃഷിവകുപ്പ് നല്കുന്ന വിവരം.
അഗളി:കനത്ത മഴയില്‍ അട്ടപ്പാടിയില്‍ പല ഭാഗത്തും വ്യാപക നാശനഷ്ടം. മേഖലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുവീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. ഞായറാഴ്ച രാവിലെ ആറരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുതുര്‍ പഞ്ചായത്തിലെ ആനക്കല്‍ ഊരിന്റെ ഭാഗമായ രാമന്കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഊരുവാസികളായ പച്ച, ജാനകി എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. സംഭവ സമയത്ത് പച്ചയും കുടുംബവും വീട്ടിലില്ലായിരുന്നു. ജാനകി മകന് മാതന്റെ വീട്ടിലുമായിരുന്നു. ഉരുള്‍ പൊട്ടലില്‍ മാതന്റെ 60ഓളം ആടുകളും 700വാഴകളും ഒലിച്ചുപോയി. പ്രദേശത്തെ ആറോളം വീടുകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചു. ചെന്തക്കട്ടി മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് മേഖലയില്‍ വ്യാപകനാശനഷ്ടമുണ്ടായത്. മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത പ്രദേശവാസികളെ ഐ.ടി.ഡി.പി.യ്ക്കു കീഴിലുള്ള കാരുണ്യാശ്രമത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു.
അഗളി പഞ്ചായത്തിലെ കല്ക്കണ്ടി വണ്ടന്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിയിരിക്കുംതൊട്ടില് ഔസേപ്പ്, മുണ്ടക്കോട്ടുക്കുറശി റംല എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. സംഭവസമയത്ത് വീടിനുള്ളിലായ ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ഓടയില്‍ നാസറിന്റെ ബൈക്ക് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. മേഖലയിലെ നാലോളം വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. പ്രദേശവാസികളെ കക്കുപ്പടി ഗവ.യു.പി. സ്കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ജെല്ലിപ്പാറ കുരിശുമലയ്ക്കുസമീപം തോട്ടിങ്കരയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഇല്ലിക്കല്‍ ജോസിന്റെ് വീട് പൂര്‍ണ്ണമായും നശിച്ചു. മേഖലയിലെ മറ്റ് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുക്കാലി ചോലക്കാടുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ ചെമ്മണ്ണൂരില്‍ രണ്ടുവീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ചെമ്മണ്ണൂര്‍ സ്വദേശികളായ ഗിരീഷ്, സുരേന്ദ്രന് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ചെര്‍പ്പുളശ്ശേരി: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലില്‍ തൂത കാളക്കുന്നിനു സമീപം പനഞ്ചിക്കല്‍ ശ്രീനിവാസന്റെ വീട് ഭാഗികമായി തകര്‍ന്നു. അടുക്കളയോട് ചേര്‍ന്നുള്ള ഇരുപതടിയോളം ഉയരത്തിലുള്ള മണ്ണും പാറയും പൊട്ടിയടര്‍ന്ന് വീടിന്റെ കോണ്‍ക്രീറ്റ് ഭാഗമുള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. ഞായറാഴ്ച രാവിലെ ഏകദേശം 10 മണിയോടെയാണ് നാശനഷ്ടമുണ്ടായത്. സംഭവ സമയത്ത് ശ്രീനിവാസന്റെ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല അബേദ്ക്കര്‍ കോളനി ഉരുള്‍പ്പൊട്ടി 30ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. വാണിയംപാറയില്‍ വീട്ടിനകത്ത് വെള്ളം കയറി. ആറു വീട്ടുകാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തെങ്കരകോല്പ്പാടത്ത് അയ്യപ്പക്ഷേത്രത്തിലും നെല്ലിപ്പുഴ ശ്രീഭദ്രകാളി ക്ഷേത്രത്തിലും വെള്ളം കയറി. കോല്‍പ്പാടത്ത് പണിക്കരുപാറക്കല് വീട്ടില്‍ ഗോപാലന്റെ വീട്ടില്‍ വെള്ളം കയറി വൃദ്ധരായ മാതാപിതാക്കളേയും കുട്ടികളേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുക്കണ്ണത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ കുടുങ്ങിയ എട്ട് അസാം സ്വദേശികളെ ഫയര്‍ഫോഴ്സും, പോലീസും, നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. തെങ്കര, ചേറുംകുളം, മെഴുകുംപാറ ഭാഗങ്ങളിലുള്ള കോഴിഫാമുകളില്‍ വെള്ളം കയറി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത, പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ദീന്, മണികണ്ഠന്, ചിന്നക്കുട്ടന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നെല്ലിപ്പുഴ മാന്തോണിഭാഗത്ത് എട്ടു വീടുകള്‍ വെള്ളത്തിനടിയിലായി. അട്ടപ്പാടിചുരത്തില്‍ ഉരുള്‍പ്പൊട്ടല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ രണ്ടുദിവസമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: