കല്‍പ്പറ്റ: മാതൃഭാഷയ്ക്ക് ശക്തിപകരാന്‍ സംസ്കൃതഭാഷകൂടി പഠിക്കണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഡോ. എച്ച്.ആ ര്‍.വിശ്വാസ് പറഞ്ഞു. കല്പറ്റയില് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാനതല സംസ്കൃതദിനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക ഇന്ത്യന്‍ ഭാഷകളുടെയും ഉത്ഭവം സംസ്കൃതത്തിലാണെന്നിരിക്കെ സംസ്കൃതത്തിലൂടെ മാത്രമേ മാതൃഭാഷയുടെ പഠനം പൂര്‍ത്തീകരിക്കാനാകൂ. വിദേശരാജ്യങ്ങളില്‍ സംസ്കൃതത്തിന് പ്രതിദിനം പ്രാധാന്യം ഏറിവരികയാണ്. കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളില്‍ സംസ്കൃതം പഠിക്കാന്‍ അവസരമുണ്ടെന്നത് അഭിമാനകരമാണെന്നും ഇത്തരത്തില്‍ അവസരം നല്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനന്തവാടി ഗവ.യുപി സ്കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പഴശ്ശികുടീരത്തില്‍ നിന്നും ആരംഭിച്ച ദീപശിഖാപ്രയാണം കല്‍പ്പറ്റയില്‍ മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എസ്.എ.സെലിന് ഏറ്റുവാങ്ങി. ദീപശിഖയില് നിന്നും പകര്‍ന്ന ദീപം കൊളുത്തി എംഎല്‍എ സി.കെ.ശശീന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫിസറും സംസ്കൃതാധ്യാപകനുമായിരുന്ന എന്‍.കെ.രാമചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സംസ്കൃതാധ്യാപകര്ക്കായി നടത്തിയ രചനാമത്സരങ്ങളുടെ സമ്മാനവിതരണം നടത്തി. എം. കെ.സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സംസ്കൃതവിദ്യാര്‍ഥികള്‍ നടത്തിയ സംസ്കൃതസംഗീത ശില്പവും കലാപരിപാടികളും അവതരിപ്പിച്ചു.
അഡീഷണല്‍ പൊതുവിദ്യാഭ്യാസഡയറക്ടര്‍ ജിമ്മി കെ. ജോസ്, സംസ്കൃതം സ്പെ ഷ്യല്ഓഫിസര് ഡോ.ടി. ഡി. സുനീതിദേവി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശാകുന്തളഷണ്മുഖന്, ജില്ലാപഞ്ചായത്തംഗം എ.ദേവകി, കെ.പ്രഭാകരന്, എപിഒ പി.ശിവപ്രസാദ്, വി.രവീന്ദ്രന്, ഇ.സെയ്തലവി, എസ്.എ. സെലിന്, ഡോ.സുനില്കുമാര്നായര്, പി.ജി.അജിത്പ്രസാദ്, വി.ദിനേഷ്കുമാര്‍, കെ.കുഞ്ഞിക്കണ്ണന്, ഇ.മുസ്തഫ, പി.വി. മൊയ്തു, എം.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: