ക്ഷേത്രവാദ്യമായ പഞ്ചവാദ്യം സകലരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. പൂരപ്പറമ്പുകളിലും നടപ്പുരകളിലും പൊടിപൊടിക്കാറുണ്ടെങ്കിലും സ്വീകരണങ്ങള്‍ക്കുവരെ പഞ്ചവാദ്യം വേണമെന്നത് ആ വാദ്യത്തിന്റെ സ്വീകാര്യത വിളിച്ചറിയിക്കുന്നു. കാലങ്ങളായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പഞ്ചവാദ്യം ഒട്ടേറെ വാദ്യങ്ങള്‍ പങ്കെടുക്കുന്ന ഒരിനിമാണ്.
പഞ്ചവാദ്യം അവസാനിക്കുന്നത് തിമിലയിടച്ചിലോടുകൂടിയാണ്. തിമിലക്കാരന്റെ സാധകബല മികവുകാണിക്കുന്ന പ്രയോഗമാണ് തിമിലയിടച്ചില്‍. ഇലത്താളവും തിമിലയും മാത്രമാണ് ഇടയുന്ന നേരത്ത് രംഗത്തുണ്ടാവുക. അത് ഒരു മത്സരമായിട്ടായിരുന്നു ഈ മാസം ഏഴിന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അരങ്ങേറിയത്.
ചെണ്ട സര്‍വവാദ്യ കലാശാല കാഞ്ഞങ്ങാട് ഗുരു കാളവീട് കൃഷ്ണന്‍കുട്ടി മാരാരുടെ സ്മരണാര്‍ത്ഥം നടത്തിയ സാര്‍വദേശീയ തിമിലയിടച്ചില്‍ മത്സരം ‘തകൃതാമൃതം’ 2017. മത്സരത്തില്‍ ഒന്നാമനായി ‘തിമിലശ്രീ’യായി തിരഞ്ഞെടുത്തത് ആലുവയ്ക്കടുത്ത് തിരുവാല്ലൂരുകാരന്‍ കലാമണ്ഡലം പ്രദീപ്.
തിമില ഇടയുന്നതില്‍ പ്രതിഭകളായിരുന്നവര്‍ ഉള്‍ക്കൊണ്ട പന്ത്രണ്ടു ടീമിനേയും പിന്തള്ളിയാണ് പ്രദീപ് ഒന്നാമതായത്. പ്രശസ്ത പഞ്ചവാദ്യ അരങ്ങുകളില്‍ നിലകൊള്ളുന്ന കലാമണ്ഡലം പ്രദീപിന്റെ താളവട്ടവഴി ഇങ്ങനെ.
സ്കൂള്‍ പഠനകാലത്താണ് വീടിനടുത്ത് ആര്യഞ്ചേരി വേണു എന്ന ആശാന് ചെണ്ട പഠിപ്പിക്കുന്നു എന്നറിഞ്ഞത്. ദക്ഷിണ നല്കി അഭ്യാസം തുടങ്ങി. അത് അധികകാലം തുടര്‍ന്നില്ലെങ്കിലും വാദ്യകലയിലെ മഹാത്മാക്കള്‍ പിറന്ന കുഴൂര്‍ താവഴിയിലെ ഹരിയുടെ കീഴിലായി പിന്നീട് പഠനം തുടര്‍ന്നു. അക്കാലത്താണ് കലാമണ്ഡലത്തിലേക്ക് വിദ്യാര്‍ത്ഥികളെ എടുക്കുന്നു എന്നറിയുന്നത്.
ചെണ്ടയിലും തിമിലയിലും ഓപ്ഷനുണ്ടായിരുന്നെങ്കിലും 8-ാം ക്ലാസില്‍ തിമിലയ്ക്കാണ് ചേരാനായത്. തിമില പഠിപ്പിക്കാന്‍ അക്കാലത്ത് കലാമണ്ഡലം ശ്രീധരന് നമ്പീശന്, കോങ്ങാട് മധു എന്നിവരായിരുന്നു അദ്ധ്യാപകര്‍. രണ്ടാം വര്‍ഷം പഞ്ചവാദ്യത്തില്‍ അരങ്ങേറി.
പത്താം ക്ലാസിനുശേഷം വിട്ടുനിന്നു. തുടര്‍ന്ന് ഡിപ്ലോമയുമായി നാലുവര്‍ഷവും 2007ല്‍ കേന്ദ്രസര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പില്‍ രണ്ടുവര്‍ഷം തൃശ്ശൂര്‍പൂരം മഠത്തില്‍ വരവിന്റെ ഇപ്പോഴത്തെ നായകന് കോങ്ങാട് മധു ആശാനുകീഴില്‍ വിദഗ്ധ പരിശീലനം നേടി.
‘തകൃതാമൃത’ത്തില്‍ അഞ്ചുമിനിറ്റ് നേരമാണ് തിമിലയിടച്ചില്‍.
ഏഴംഗങ്ങളുമായി തുകല്‍വട്ടത്തില്‍ തീര്‍ത്ത തിമിലയുമായി പങ്കെടുക്കണം. ഇതെല്ലാം കൃത്യമായി അവതരിപ്പിച്ച് ഒന്നാമനായിത്തീര്‍ന്നത് പ്രദീപായിരുന്നു. ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. മത്സരത്തില്‍ തിമിലയുമായി പ്രദീപിനൊപ്പം മൂഴിക്കുളം രതീഷ്, പുതിയേടം ആദര്‍ശ്, പുതിയേടം അഭിഷേക്, താളത്തിന് കിടങ്ങൂര്‍ അപ്പു കടുങ്ങല്ലൂര്‍ ശ്രീരാഗ്, കടുങ്ങല്ലൂര്‍ രാഹുല്‍ എന്നിവര്‍ പ്രദീപിനൊപ്പം ചേര്‍ന്നു നിന്നാണ് ഇടച്ചില്‍ ഭംഗിയാക്കിയത്.
മദ്ധ്യകേരളത്തിലെ എണ്ണം പറഞ്ഞ പഞ്ചവാദ്യ അരങ്ങുകളില്‍ കാണാറുള്ള പ്രദീപ് പ്രശസ്തരായവര്‍ക്കൊപ്പവും തിമിലവായിച്ചിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ തെക്കും വടക്കും സ്വാധീനമുള്ളവര്‍ കുറവുതന്നെയാണ്.
കലാമണ്ഡലത്തില്‍ വളര്‍ന്നതിന്റെയും അവിടുത്തെ അദ്ധ്യാപന പരിചയത്താലും സ്വന്തം തട്ടകമായ ചാലക്കുടിക്കു തെക്കും പ്രദീപിന് അരങ്ങുകളുണ്ട്.
തിമിലയിലെ പല്ലാവൂരിന്റെ സൗന്ദര്യവും ചോറ്റാനിക്കരക്കാരുടെ മികവും കുഴൂര്‍ബാണിയുടെ സവിശേഷതയും നിറഞ്ഞ യുവനിരയില്‍ പ്രദീപിനും ഇടംകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: