പാലക്കാട്:ഹിന്ദു ധര്‍മ്മത്തിന്റെ അടിത്തറയിളക്കാന്‍ ഒറ്റക്കെട്ടായ ശ്രമം നടക്കുന്നുവെന്ന് കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. പാലപ്പുറം ദുര്‍ഗ്ഗാ ഓഡിറ്റോറിയത്തില്‍ നടന്ന ആചാര്യസംഗമവും ഹിന്ദുനേതൃസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ ഭാരതത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഭാരതത്തിലെ ആചാര്യന്മാര് എന്ത് പറയുന്നുവെന്നറിയാന്‍ ലോകം ഉറ്റുനോക്കുകയാണ്. ആചാര്യന്മാരെ അവഗണിച്ചിരുന്ന കാലം കഴിഞ്ഞു. ഇനി അവഗണിക്കാനും കഴിയില്ല. ഇതില്‍ വിളറി പൂണ്ടവരാണ് ഹിന്ദു ധര്‍മ്മത്തിന്റെ അടിത്തറയിളക്കി ഭാരതത്തെ കളങ്കമാക്കാന്‍ ശ്രമിക്കുന്നത്.
പല രീതിയിലും ഭാരതത്തെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയുമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹിന്ദു ധര്‍മ്മത്തിലൂടെ നമ്മുടെ ഉയര്‍ച്ചക്കായി വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ നടത്തണ്ടത് അനിവാര്യമാണ്.അതിനായി ജനങ്ങള്‍ തമ്മില്‍ ഒത്തുചേരല്‍ ഉണ്ടാവണം. നായാടിയും നമ്പൂതിരിയും അടങ്ങുന്ന സമൂഹം പരമ വൈഭവത്തിലേക്ക് ഉയരണമെന്നും ചിദാനന്ദപുരി പറഞ്ഞു.
ദയനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, പാലപ്പുറം രാമകൃഷ്ണാശ്രമം സ്വാമി കൈവല്യാനന്ദ, ആര്യവൈദ്യ ഫാര്‍മസി എംഡി പദ്മശ്രീ ഡോ.പി. ആര്.കൃഷ്ണകുമാര്‍, ആര്‍എസ്എസ് ഒറ്റപ്പാലം ജില്ലാ സംഘചാലക് അഡ്വ.ജയറാം, മിനി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: