കുഴല്‍മന്ദം:തലചായ്ക്കാന്‍ സുരക്ഷിതമായൊരു കൂരയില്ലാതെ രാജിയും 11 വയസ്സുള്ള മകള്‍ മാളവികയും. കണ്ണാടി മമ്പറം പള്ളത്ത് ശാന്താ ഭവനത്തില്‍ താമസിക്കുന്ന രാജിയും മകളുമാണ് ഏത് നിമിഷവും നിലംപൊത്താറായ വീട്ടില്‍ ഭീതിയോടെ കഴിയുന്നത്.
87 വര്‍ഷം പഴക്കമുള്ള മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്നതും, ചുമരുകള്‍ വിണ്ടുകീറിയതുമായ ഇടിഞ്ഞുപൊളിഞ്ഞ ഓട്ടുപുരയില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് രണ്ട് മനുഷ്യ ജീവനുകള്‍ ജീവിതം കഴിച്ചുകൂട്ടുന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി അമ്മ പാപ്പാളിനൊപ്പമാണ് രാജി താമസിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് പാപ്പാള്‍ മരിച്ചതോടെ രാജി ഒറ്റക്കായി.
കൂട്ടായി മകള്‍ മാളവിക മാത്രമാണുള്ളത്. തണ്ണീര്‍പ്പന്തല്‍ എഎംഎല്‍പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മാളവിക. പഠനത്തില്‍ സമര്‍ത്ഥയായ മാളവികയുടെ ഭാവിയെക്കുറിച്ചാണ് രാജിയുടെ ആശങ്ക. കൂലിപ്പണി ചെയതാണ് രാജി വീട്ടുകാര്യങ്ങള്‍ നോക്കുന്നതും മകളെ പഠിപ്പിക്കുന്നതും.
വളര്‍ന്നു വരുന്ന മകളുടെ സംരക്ഷണത്തിനായി വീടനുവദിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്കും, പഞ്ചായത്തിലും നിവേദനം നല്‍കിയിരുന്നു. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി കുടുംബത്തെ സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.വേണുഗോപാലും പഞ്ചായത്തംഗം ബേബി വേലായുധനും ഉറപ്പ് നല്കി. എന്നാല്‍ വീട് ലഭിക്കുന്നത് വരെ പഴയ വീട്ടില്‍ ജീവന്‍പണയം വച്ച് കഴിയണ്ട അവസ്ഥയാണ് ഈ അമ്മയ്ക്കും മകള്‍ക്കും. വീട് പണി കഴിയുന്നത് വരെ താത്ക്കാലികമായി താമസിക്കുന്നതിന് ഒരു ഷെഡെങ്കിലും പണിത് തരണമെന്നാണ് രാജി അപേക്ഷിക്കുന്നത്.
ഇതിനായി അവര്‍ സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ്. രാജിക്ക് പഞ്ചാബ് നാഷ്ണല്‍ ബാങ്ക് കിനാശേരി ശാഖയില്‍ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4294000105036013.
പ്രതികരിക്കാൻ ഇവിടെ എഴുതുക: