അഗളി:അട്ടപ്പാടിയിലെ ആദിവാസികളുടെ കാര്‍ഷികപരമായ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘മില്ലറ്റ് ഗ്രാമം’ (ചെറുധാന്യ ഗ്രാമം) പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല.
സംസ്ഥാന കൃഷി വകുപ്പ് പട്ടികവര്‍ഗ്ഗ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രഥമയോഗം 11ന് കൃഷിമന്ത്രിയുടെയും പട്ടികജാതിവര്‍ഗ്ഗ, പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ അഗളിയില്‍ നടന്നിരുന്നെങ്കിലും പദ്ധതിയ്ക്ക് ആവശ്യമായ തുകയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ ആദിവാസികള്‍ തന്നെ തങ്ങളുടെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ ഉല്‍പ്പാദിക്കും. ഇവരുടെ ആവശ്യം കഴിഞ്ഞുള്ളവ കൃഷി വകുപ്പ് നേരിട്ട് കര്‍ഷകരില്‍ നിന്നും ശേഖരിച്ച് വിപണിയില്‍ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ മേഖലയിലെ മൂന്നുപഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത 34 ഊരുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരമ്പരാഗത ഭക്ഷ്യവിഭവങ്ങളായ റാഗി,ചോളം, മക്കചോളം,ചാമ, വരഗ, പനിവരഗ,കുതിരവായ് എന്നിവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ പയറുവര്ഗങ്ങളില്പെട്ട മുതിര, തുവര, ഉഴുന്ന്, പയര്‍ എന്നിവയും 15 ഹെക്ടറില്‍ പച്ചക്കറിയും കൃഷിചെയ്യും. കര്‍ഷകരുടെ ഭൂമി ഉഴുതും, വിത്തുകളും ആവശ്യമായ ജൈവളവും കൃഷി വകുപ്പ് നല്‍കും. മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ണ്ണതയിലെത്തിക്കുകയാണ് ലക്ഷ്യം.
മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി മൊത്തം ആറുകോടി 11ലക്ഷം രൂപയാണ് ആവശ്യം. ഇതില്‍ നാലുകോടി 11ലക്ഷം രൂപ പട്ടികവര്‍ഗ്ഗ വകുപ്പും രണ്ടുകോടി രൂപ കൃഷി വകുപ്പുമാണ് നല്‍കുന്നത്. എന്നാല്‍ ഇതില്‍ കൃഷി വകുപ്പിന്റെ് രണ്ടുകോടി മാത്രമേ പദ്ധതിയ്ക്കായി ഇതുവരെ ലഭിച്ചിട്ടുള്ളൂ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നുള്ള തുകയുടെ കാര്യത്തില്‍ തത്വത്തില്‍ അനുവാദം കിട്ടിയിട്ടുണ്ടെങ്കിലും തുക ഇനിയും അനുവദിച്ചിട്ടില്ല.
ആദ്യഘട്ടത്തില്‍ പദ്ധതിയ്ക്കായി രണ്ടുകോടി 42 ലക്ഷം രൂപയാണ് ആവശ്യം. ഇതില്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും ലഭിക്കേണ്ട 42 ലക്ഷം രൂപ ഇനിയും ലഭിച്ചിട്ടില്ല. കൂടാതെ കൃഷിയില്‍ ആദിവാസികളെ സഹായിക്കാന്‍ ആവശ്യമായ ഫീല്‍ഡ് അസിസ്റ്റന്റുമാരെ ഇനിയും നിയമിച്ചിട്ടുമില്ല.
മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് അട്ടപ്പാടി കൃഷി അസി.ഡയറക്ടര്‍ ബി.സുരേഷ് പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മില്‍ ഇതില്‍ ധാരണയായിട്ടുണ്ട്. മേഖലയിലെ കാലാവസ്ഥ വ്യതിയാനമാണ് പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രധാന വെല്ലുവിളിയായി കൃഷി വകുപ്പ് കാണുന്നത്. ഇതിനെ അതിജീവിച്ച് പദ്ധതി സുഗമമായി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷി അസി.ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: