ജീവിതത്തിന്റെ ബാഹ്യക്കാഴ്ചകളിലെ വര്‍ണ്ണപ്പകിട്ടിലൂടെ മാത്രം മിന്നിപ്പോകുന്ന ഇന്നത്തെ പലസിനിമകള്‍ക്കും അനുഭവങ്ങളുടെ ആഴമില്ല. നിലവാരമില്ലാത്ത ഇത്തരം നീക്കുപോക്കുകളിലൂടെ ഊളിയിടുന്നതുകൊണ്ടാവണം സിനിമകള്‍ പലതും ഇപ്പോള്‍ ഏഴുനിലയില്പൊട്ടുന്നത്.
ഓണച്ചിത്രങ്ങള്‍ പരാജയപ്പെട്ടതിനുകാരണം നിലവിലുള്ള മാന്ദ്യം കൊണ്ടുമാത്രമല്ല, കെട്ടുറപ്പില്ലാത്ത പ്രമേയങ്ങളുടെ ദുര്‍ബലത കൊണ്ടുകൂടിയാണ്. ഇന്നത്തെ ഇത്തരം സിനിമാക്കാഴ്ചകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ജീവിതത്തിന്റെ തുടിപ്പുകൊണ്ട് സജീവമായിരുന്ന പഴയകാല ചിത്രങ്ങളില്‍ പലതും.അത്തരം ചിത്രങ്ങള്‍ കലാപരമായും കച്ചവടപരമായും വിജയക്കൊടി നാട്ടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പ്രേക്ഷകമനസില്‍ ഇഷ്ടംകൊണ്ട് ചരിത്രം സൃഷ്ടിച്ച ചിത്രങ്ങളിലൊന്നാണ് കെ.എസ്.സേതുമാധവന് സംവിധാനം ചെയ്ത കടല്‍പ്പാലം.
നിര്‍ബന്ധബുദ്ധിയായ അഡ്വ.നാരായണ കൈമള്‍ തന്റെ തത്വ സംഹിതയ്ക്കകത്ത് കുടുംബത്തെ തളച്ചിടാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഉണ്ടായ പ്രശ്നങ്ങളുടെ നാടകീയതകലര്ന്ന കഥയാണ് കടല്‍പ്പാലം.അച്ഛനെ അനുസരിച്ചും ധിക്കരിച്ചും അച്ഛനുമുന്നില്‍ അഭിനയിച്ചുമൊക്കെ മക്കള്‍ നടത്തുന്ന പ്രകടനങ്ങളും മറ്റും എങ്ങനെയാണ് കുടുംബത്തേയും ജീവിതത്തേയും ബാധിക്കുന്നതെന്ന് ഈ ചിത്രം കാട്ടിത്തരുന്നു. മക്കളുടെ യഥാര്‍ഥമുഖം കണ്ടെത്തിയ അച്ഛനും പലതും പഠിക്കേണ്ടിവരുന്നു.
നിരവധി ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമയ്ക്ക്് വൈകാരിക തീവ്രത ഒട്ടും ചോര്‍ന്നുപോകാത്തവണ്ണം നാടകകൃത്തുകൂടിയായ കെ.ടി.മുഹമ്മദിന്റെ രചനയില്‍ ആകാംക്ഷയോടെ കണ്ടിരിക്കാനുള്ള എല്ലാചേരുവയും ഉണ്ടായിരുന്നു. ജീവിതഗന്ധിയും കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുമുള്ള സംഭാഷണങ്ങള്‍ കുറിക്കുകൊള്ളുന്നതാണ്. ജീവിതം അറ്റമെത്താത്ത കടല്‍പ്പാലത്തിലൂടെയുള്ള യാത്രയാണെന്നു സിനിമ സൂചിപ്പിക്കുന്നു.
കാല്‍പ്പനികതയുടെ വിശറിവീശി ഭൂതകാലത്തെ തിരിച്ചുകൊണ്ടുവരുന്ന യേശുദാസ്, എസ്.പി.ബാലസുബ്രമണ്യം, വസന്ത, മാധുരി, ലീലയും പാടിയ മനോഹര ഗാനങ്ങള്‍ കടല്‍പ്പാലത്തിന്റെ സവിശേഷതയാണ്. ഈ കടലും മറുകടലും, കസ്തൂരി തൈലമിട്ടു, ഉജ്ജയിനിയിലെ…തുടങ്ങിയ പാട്ടുകള്‍ ഇന്നും കേള്‍വിയില്‍ തേന്മഴ പെയ്യിക്കുന്നുണ്ട്.
സത്യന്റെ ഇരട്ടവേഷമായിരുന്നു. അച്ഛന് കൈമളായും മകന് രഘുവായും.പ്രേംനസീര്‍, ഉമ്മര്‍, അടൂര്‍ ഭാസി, ബഹദൂര്‍, ശങ്കരാടി, ജയഭാരതി, ഷീല എന്നിങ്ങനെ അന്നത്തെ സൂപ്പര്‍ താരങ്ങളുടെ കറതീര്‍ന്ന അഭിനയംകൊണ്ട് മികവാര്‍ന്നു കടല്‍പ്പാലം.
1969 ലാണ് കടല്‍പ്പാലം റിലീസായത്. സേതുമാധവന്റെ സംവിധാന പ്രതിഭയില്‍ തിളക്കം കൂട്ടിയ ചിത്രങ്ങളില്‍ ഒന്നാണ് കടല്‍പ്പാലം. മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മിച്ച ചിത്രം. ക്യാമറ മെല്ലി ഇറാനി.എഡിറ്റിംങ് എം.എസ്.മണി.വയലാറിന്റെ ഗാനങ്ങളും ദേവരാജന്റെ സംഗീതവും.
കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് തുടങ്ങിയ വര്‍ഷമായിരുന്നു അത്.അഞ്ച് പ്രധാന അവാര്‍ഡുകള്‍ കടല്‍പ്പാലം നേടി.സത്യന്(മികച്ച അഭിനേതാവ്),കെ.ടി.മുഹമ്മദ്(സംഭാഷണം),വയലാര്‍(ഗാനരചന),ദേവരാജന്‍(സംഗീതം),പി.ലീല(ഗായിക).
പ്രതികരിക്കാൻ ഇവിടെ എഴുതുക: