ഭീകരതയുടെ നടുക്കത്തില്‍ ചരിത്രത്തിന്റെ എല്ലുതുളച്ചെത്തിയ മരണത്തിന്റെ ഇടിച്ചിറക്കം നടന്ന സെപ്റ്റംബര്‍ പതിനൊന്നിന് ഇന്നു പതിനാറുവര്‍ഷം. അമേരിക്കന്‍ പ്രതാപത്തിന്റെ നെഞ്ചൂക്കായി ആകാശത്തിലേക്കു തലനീട്ടിയ വേള്‍ഡ് ട്രേഡ് സെന്ററിന്റെ 110 നിലകളുള്ള രണ്ടു ആസ്ഥാന മന്ദിരങ്ങളില്‍ ഇസ്ലാമിക ഭീകരത എയര്‍ക്രാഫ്റ്റ് ഇടിച്ചിറക്കി നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ വേട്ടയാടുന്ന ഓര്‍മ്മദിനം. 2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച രാവിലെ 8.43നായിരുന്നു തട്ടിയെടുക്കപ്പെട്ട രണ്ടുവിമാനങ്ങള്‍ ദിശമാറ്റിപ്പറന്ന് അമേരിക്കയുടെ ഹൃദയംതന്നെയായ വേള്‍ഡ് ട്രേഡ്സെന്ററിനെ ചാമ്പലാക്കിയത്.
സിനിമയില്‍ ദുരന്തനിമിഷത്തിനു മുന്‍പ് ആകാശത്തു വട്ടമിട്ടുപറക്കുന്ന പക്ഷിയെപ്പോലൊന്ന് വേള്‍ഡ് ട്രേഡ് സെന്ററിനുമുകളില്‍ അപ്പോള്‍ പറക്കുന്നുണ്ടായിരുന്നു. അതിനുപിന്നാലെയാണ് പ്രശാന്തമായൊരു പ്രഭാതത്തെ നെടുകെ പിളര്‍ത്തിക്കൊണ്ട് തട്ടിയെടുത്ത അമേരിക്കന്വിമാനം അംബരചുംബിയുടെ എണ്‍പതാം നിലയെ തുളച്ചുകത്തിച്ചു ചാരമാക്കി കടന്നുപോയത്.
ശത്രുരാജ്യങ്ങളെ പേടിപ്പിച്ചും അമര്‍ച്ചചെയ്തും ലോകപോലീസായി പരിലസിച്ച അമേരിക്കയ്ക്ക് പ്രതിരോധമുറകളെല്ലാം പാടെ ഒതുങ്ങിപ്പോയശാപമുഹൂര്ത്തമായിരുന്നു അത്. അവരുടെ കരുതലും ജാഗ്രതയുമെല്ലാം ജലരേഖയാണെന്നു തോന്നിയ നിമിഷം. അമേരിക്ക കത്തുന്നുവെന്നും ചാമ്പലായെന്നുമായിരുന്നു മാധ്യമങ്ങള്‍ അന്നു റിപ്പോര്‍ട്ടു ചെയ്തത്. ന്യൂയോര്‍ക്കു സിറ്റിയെ പൊതിഞ്ഞ തീയുംപുകയും ഭീകരതയുടെ വിനാശകരമായ അടയാളമായി ലോകംമുഴുവന്‍ അതോടെ പരക്കുകയായിരുന്നു.
തട്ടിയെടുത്ത നാല് അമേരിക്കന്‍ വിമാനങ്ങളില്‍ രണ്ടെണ്ണമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ചാമ്പലാക്കിയത്. ഒന്നേമുക്കാല്‍ മണിക്കൂര്‍കൊണ്ട് എല്ലാം ചാമ്പലായി താഴെ പതിച്ചു. 3000ത്തോളം ജീവനുകള്‍ ഇല്ലാതായി. 6000പേര്‍ക്കു പരിക്കേറ്റു. സൗദി അറേബ്യയില്‍ ആസ്ഥാനമുറപ്പിച്ച അല്‍-ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ലാദനായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. അതിനായി സൗദിയില്‍നിന്നും മറ്റു അറബ് രാജ്യങ്ങളില്‍നിന്നും ലാദന് കൊടും ഭീകരരെ സംഘടിപ്പിച്ചിരുന്നു. അങ്ങനെ 19പേരാണ് ചാവേറുകളായത്. അമേരിക്കയെ നടുക്കിയത് മറ്റൊന്നായിരുന്നു, ആക്രമണം നടത്തിയ ഭീകരരില്‍ ചിലര്‍ ഒരുവര്‍ഷത്തിലധികം അമേരിക്കയില്‍ താമസിച്ച് ഫ്ലൈയിങ് സ്ക്കൂളില്‍ വിമാനം പറത്തല്‍ പരിശീലനം നേടിയതെന്ന സത്യം.
ഇസ്രയേലിനോടുള്ള പക അവരുടെ കൂട്ടുകക്ഷിയായ അമേരിക്കയോടു തീര്‍ക്കുകയായിരുന്നു ലാദന്. ഗള്‍ഫ് യുദ്ധത്തിലും തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ സൈനികനടപടിയിലും ഉണ്ടായ ഈ ചങ്ങാത്തത്തിനുനേരെയുള്ള പ്രതികാരം. മതത്തിന്റെയും ദൈവത്തിന്റെയുംപേരില്‍ മനുഷ്യനെ കൊന്ന് സ്വര്‍ഗം സ്വപ്നംകണ്ട ഭൂമിയിലെ ഏറ്റവും ഭീകര സംഘടനയായിരുന്നു അന്നു അല്‍-ഖ്വയ്ദ. ഇന്ന് ക്രൂരതയില്‍ അതിനേയും വെല്ലുന്ന നിരവധി ഭീകരസംഘടനകളുണ്ട്. മനുഷ്യഭാവനയില്‍പോലും കാണാനാവാത്ത മരണവേട്ട നടത്തുന്ന ഐഎസ് വരെ.
ഇന്നു ഭീകരതയുടെ മേച്ചില്‍പ്പുറമാണ് ലോകം. ചില രാജ്യങ്ങള്‍തന്നെ ഭീകരതയുടെ വിളനിലങ്ങളായി. ഇന്ത്യയെ എത്രവട്ടം ഭീകരത ആക്രമിച്ചിരിക്കുന്നു.
ജോര്‍ജ് ബുഷായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്. ആക്രമണം നടക്കുമ്പോള്‍ അദ്ദേഹം ഫ്ളോറിഡയിലായിരുന്നു. അന്നുരാത്രി 9ന് ബുഷ് ടെലിവിഷനിലൂടെ പറഞ്ഞത് ലോകം കേട്ടിരുന്നു. ആക്രമണം രാജ്യത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ അടിത്തറയെ ഉലച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും അമേരിക്കയുടെ അടിത്തറയെ ഉലയ്ക്കാനാവില്ല.
2011 മെയ് രണ്ടിന് പാക്കിസ്ഥാനിലെ അബാട്ടാബാദില്‍ നിന്നും ലാദനെ പിടികൂടി അമേരിക്ക വധിച്ചു. ശവശരീരംപോലും ആര്ക്കുംവിട്ടുകൊടുത്തില്ല. ഏതോ കടലിന്റെ അടിയൊഴുക്കിലേക്ക് അതുതള്ളിവിട്ടു. ബിന്‍ ലാദന് ശവകുടീരം പണിത് ഭാവിയിലത് തീര്‍ഥാടന കേന്ദ്രം പോലുമാക്കാന്‍ ആളുണ്ടാവുമെന്നു കരുതിയാവണം മത്സ്യങ്ങള്‍ക്കു തീറ്റയായി ആ ശവശരീരം ഒഴുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: