കൊച്ചി: ഈ വര്‍ഷത്തെ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഇന്ന് നടക്കും. നാനാജാതി മതസ്ഥരായ പതിനായിരങ്ങള്‍ തീര്‍ത്ഥാടനത്തിലും തുടര്‍ന്നുള്ള ദിവ്യബലിയിലും പങ്കുചേരും.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ ദിവ്യബലി നടക്കും. മുന്നൂറോളം വൈദികര്‍ സഹകാര്മികരായിരിക്കുമെന്ന് തീര്‍ത്ഥാടന കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അറിയിച്ചു.
വൈകിട്ട് മൂന്നിന് സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ യുവജനപ്രതിനിധികള്‍ക്ക് പതാക കൈമാറി തീര്‍ത്ഥാടനം ഫ്ളാഗ് ഓഫ് ചെയ്യും. ഗോശ്രീ ജംഗ്ഷനില്‍ മൂന്നരയ്ക്ക് അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം യുവജന സമൂഹത്തിന് ദീപശിഖ കൈമാറും. രണ്ടിടത്തുനിന്നുമുള്ള തീര്‍ത്ഥാടക സമൂഹങ്ങള്‍ ജപമാല ചൊല്ലിയും മരിയഗീതികള്‍ ആലപിച്ചും കാല്‍നടയായി വല്ലാര്‍പാടം ബസിലിക്കയിലേക്ക് നീങ്ങും.
ബസിലിക്കയ്ക്ക് മുന്നിലെ മംഗളകവാടത്തിനു മുമ്പില്‍ ബസിലിക്ക റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ടും കൊമ്പ്രേരിയ അംഗങ്ങളും ചേര്‍ന്ന് തീര്‍ത്ഥാടകരെ സ്വീകരിക്കും. റോസറി പാര്‍ക്കില്‍ തയ്യാറാക്കിയിട്ടുള്ള ബലിവേദിയില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. സിഎസിയുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന ഗായകസംഘം തിരുക്കര്‍മ്മങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കും.
ദിവ്യബലിക്കുശേഷം വിശ്വാസികളെ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. കുടിവെള്ളം, അടിയന്തര വൈദ്യശുശ്രൂഷ തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാം തയ്യാറാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് തിരിച്ചുപോകാന്‍ പ്രത്യേകം വാഹനസൗകര്യം ഉണ്ടാകും. എറണാകുളം, കാക്കനാട്, വൈപ്പിന്‍, ചേരാനെല്ലൂര്‍, കൂനമ്മാവ്, കളമശേരി തുടങ്ങി അതിരൂപതയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസുകള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടന വേളയില്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ മുതല്‍ വല്ലാര്‍പാടം ബസിലിക്ക അങ്കണം വരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാനൂറില്പരം വാളന്റിയര്‍മാര്‍ സേവനത്തിനുണ്ടാകും.
കൊച്ചി: വല്ലാര്‍പാടം ബസിലിക്കയില്‍ നാളെ മരിയന്‍ കണ്വെന്ഷന് ആരംഭിക്കും. 15 വരെ നീണ്ടുനില്‍ക്കും. ദിവസവും വൈകിട്ട് 4.30 മുതല്‍ രാത്രി 8.30 വരെ ദിവ്യബലിയും ജപമാലയും ഉണ്ടാകും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ പങ്കെടുക്കും.
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ഫാ. നെല്സന് ജോബ്, ഫാ. ജോസ് ഉപ്പാണി, ഫാ. പ്രശാന്ത് തുടങ്ങിയ ധ്യാനപ്രഘോഷകര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സെപ്തംബര്‍ 24നാണ് ബസിലിക്കയില്‍ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍. 16ന് കൊടിയേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: