സ്വതന്ത്രഭാരതത്തിന് പ്രധാനമന്ത്രിയില്ലാത്ത എട്ടുമണിക്കൂര്‍ ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമായിരുന്നു അത്. മകന് രാജീവ് ഗാന്ധി നിയുക്ത പ്രധാനമന്ത്രിയായി ചുമതല ഏല്ക്കാന് തീരുമാനിക്കുന്നതുവരെ- ഇന്ദിരാഗാന്ധിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാതിരുന്ന ആ എട്ടുമണിക്കൂര്‍ സമയം ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയുണ്ടായിരുന്നില്ലെന്ന കാര്യം ആരും ഗൗരവമായി എടുത്തില്ല.
എന്നാല്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഭാരതചരിത്രത്തിലെ രാഷ്ട്രീയ അരാജകത്വത്തെ എപ്പോഴും ചൂണ്ടിക്കാട്ടാറുള്ള ഒരാളുണ്ട്. കണ്ണൂരിലെ സാംസ്കാരികരംഗത്ത് നിറസാന്നിധ്യമായ എന്‍.കെ.കൃഷ്ണന്. മറ്റാരും ഉന്നയിക്കാന്‍ തയ്യാറാകാത്ത ഇത്തരം ചോദ്യങ്ങള്‍ അദ്ദേഹം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് സാംസ്കാരിക സദസ്സുകളില്‍ എന്‍.കെ.കൃഷ്ണന്റെ ശബ്ദം വേറിട്ടതാകുന്നത്.
തുഞ്ചത്താചാര്യന് മുമ്പുതന്നെ മനോഹരമായ മലയാളത്തില്‍ കാവ്യരചന നടത്തിയ ചെറുശ്ശേരിയല്ലേ യഥാര്‍ത്ഥത്തില്‍ ഭാഷയുടെ പിതാവ് എന്ന്, തുഞ്ചത്താചാര്യനോടുള്ള എല്ലാ ആദരവും പുലര്‍ത്തിക്കൊണ്ടു തന്നെ അദ്ദേഹം ഉന്നയിച്ച ചോദ്യം പലരേയും ചൊടിപ്പിച്ചു. വടക്കേമലബാറിന്റെ സാംസ്കാരിക ഔന്നത്യം കണ്ടെടുക്കാനും അത് ജനങ്ങളിലെത്തിക്കാനും ഏറെ പരിശ്രമിച്ചത് അദ്ദേഹം സങ്കുചിതമനസ്കനായതുകൊണ്ടായിരുന്നില്ല.
ചരിത്രസത്യങ്ങളെയും സംസ്കാരത്തിന്റെ അടിവേരുകളെയും മനഃപൂര്‍വ്വം മറക്കുന്നവര്ക്കുവേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലുകളായിരുന്നു ആ ശ്രമങ്ങള്‍. എന്തുകൊണ്ടാണ് എപ്പോഴും ഇങ്ങനെ ഒഴുക്കിനെതിരെ നീന്തുന്ന വേറിട്ടൊരു നിലപാടെന്ന ചോദ്യത്തിന് കൃഷ്ണേട്ടന്റെ ഉത്തരം, ചെറുപ്പം മുതല്‍ എന്നിലടിയുറച്ച യുക്തിബോധമാവാം കാരണം എന്നാണ്.ഔദ്യോഗികതലത്തിലും സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയിലും ബഹുമുഖമുള്ള ജീവിതമായിരുന്നു എന്‍.കെ.കൃഷ്ണന്റേത്.
1932 ല്‍ കണ്ണൂര്‍ ജില്ലയിലെ പൊതുവാച്ചേരിയിലാണ് ജനനം. ആയുര്‍വേദത്തില്‍ പ്രവീണനായിരുന്ന കോമത്ത് കൂടന് കണ്ണന് വൈദ്യരുടെയും നാവത്ത് മാതു അമ്മയുടെയും മകന്. പൊതുവാച്ചേരി എലിമെന്ററി സ്കൂള്‍, ചാല ഹയര്‍ എലിമെന്ററി സ്കൂള്‍, കാടാച്ചിറ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
പില്ക്കാലത്ത് ശ്രീരാമകൃഷ്ണാശ്രമത്തില്‍ ചേര്‍ന്ന് സംന്യാസം സ്വീകരിച്ച് െ്രെതലോക്യാനന്ദ സ്വാമിയായ എം.എന്‍.ദാമോദര പണിക്കര്‍ ആയിരുന്നു കാടാച്ചിറ ഹൈസ്കൂളില്‍ അന്ന് പ്രധാനാദ്ധ്യാപകന്. അദ്ദേഹം ഇംഗ്ലീഷ് പഠിപ്പിച്ചതിന്റെ കരുത്താണ് പിന്നീടുള്ള തന്റെ പരന്ന വായനയ്ക്കും ഇംഗ്ലീഷില്‍ എഴുതാനും വിവര്‍ത്തനം ചെയ്യാനും പ്രസംഗിക്കാനും സാധിച്ചതിന് പിന്നിലെന്ന് കൃഷ്ണന് ഓര്‍ക്കുന്നു.
വായനയുടെ വിശാല ലോകത്തേയ്ക്ക് ചെറുപ്രായത്തില്‍ തന്നെ ആവേശപൂര്‍വ്വം കടന്നുചെല്ലാന്‍ പ്രതിഭാശാലിയായ ആ അദ്ധ്യാപകന് നിമിത്തമായി. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇംഗ്ലീഷ് കവിതകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുമായിരുന്നു. ആദ്യം വിവര്‍ത്തനം ചെയ്ത കവിത വില്യം വേഡ്സ്വര്‍ത്തിന്റെ സോളിറ്ററി റീപ്പര്‍. വിവേകാനന്ദസാഹിത്യത്തിലേക്ക് നയിച്ചത് ദാമോദരപ്പണിക്കര്‍ സാര്‍. ഗാന്ധിജിയുടെ ആത്മകഥയടക്കം പല കൃതികളും സ്കൂള്‍ പഠനകാലത്തു തന്നെ വായിച്ചു.
എസ്എസ്എല്‍സി കഴിഞ്ഞ ശേഷം കാടാച്ചിറ എലിമെന്ററി സ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. നാട്ടിലൊതുങ്ങിക്കൂടുന്നതിനേക്കാള് വിശാലമായ ലോകത്തേക്ക് കടന്നുചെല്ലാനുള്ള അവസരത്തിനായി കാത്തിരുന്നു. അങ്ങനെ പത്തൊമ്പതാം വയസ്സില്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നു. ഇരുപത്തിരണ്ട് വര്‍ഷത്തെ സൈനികസേവനം.
എയര്‍ഫോഴ്സിലെ ഔദ്യോഗിക ജീവിതം കൂടുതല്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാനും മറ്റ് ഭാഷകള്‍ പഠിക്കാനും സഹായിച്ചു. തമിഴ്, ബംഗാളി, പഞ്ചാബി ഭാഷകള്‍ക്ക് പുറമെ സംസ്കൃതവും പഠിച്ചു. 1973 ലാണ് എയര്‍ഫോഴ്സില്‍ നിന്ന് വിരമിക്കുന്നത്. നാട്ടിലെത്തി ഒരു മെഡിക്കല്് ഷോപ്പ് തുടങ്ങിയെങ്കിലും അത് പരാജയമായിരുന്നു.
പിന്നീട് കനറാ ബാങ്കില്‍ ചേര്‍ന്നു. തിരൂരങ്ങാടി, പൊന്നാനി, കണ്ണൂര്‍, തലശ്ശേരി എന്നീ ബ്രാഞ്ചുകളിലായി ഒരു വ്യാഴവട്ടക്കാലം ബാങ്കില്‍ ജോലി ചെയ്തു. ബാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷവും വെറുതെയിരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ട്യൂട്ടോറിയല്‍ കോളേജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകന് എന്നനിലയിലായിരുന്നു പുതിയ ദൗത്യം.
ഇംഗ്ലീഷ് വ്യാകരണം പഠിപ്പിക്കാനായിരുന്നു കൂടുതല്‍ താല്പര്യം. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും അന്വേഷിച്ചെത്തുന്ന ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ക്ലാസെടുക്കാറുണ്ട്. കൃഷ്ണേട്ടന് അങ്ങനെ കുറേപേര്‍ക്ക് കൃഷ്ണന് മാസ്റ്ററുമായി.
സ്കൂള്‍ പഠനകാലത്ത് തുടങ്ങിയ കവിതയെഴുത്ത് ഇപ്പോഴും തുടരുന്നുണ്ട് . സ്വന്തം കവിതകളും പരിഭാഷകളുമായി കുറേ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
‘ഞങ്ങളോ നിങ്ങളോ’ എന്ന കവിതാസമാഹാരത്തിനു പുറമെ വിശ്വദര്‍ശനം, വിശ്വമഹിമ, എന്റെ പ്രേമം നിനക്കായി എന്നീ കാവ്യപരിഭാഷകളും നിര്‍വ്വഹിച്ചു. വഴിയോരക്കാഴ്ചകള്‍ എന്ന ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് ആനുകാലികങ്ങളിലും മറ്റുമായി പ്രസിദ്ധപ്പെടുത്തിയ നിരവധി ലേഖനങ്ങള്‍. അവയില്‍ കൂടുതലും ഉത്തരമലബാറിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ചുള്ളവയാണ്.
ചെറുശ്ശേരിയെയും കൃഷ്ണഗാഥയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധേയമാണ്. അത്യുത്തരകേരളത്തിന്റെ ബഹുമുഖ പൈതൃകം എന്ന പഠനഗ്രന്ഥം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
മലയാളഭാഷയുടെ മാധുര്യം തൊട്ടറിഞ്ഞത് അമ്മ പാടിക്കേട്ട നാടന്പാട്ടുകളിലൂടെയാണിതെന്ന് എന്‍.കെ.കൃഷ്ണന് പറയുന്നു. നൂറുകണക്കിന് വടക്കന്‍പാട്ടുകള്‍ ഹൃദിസ്ഥമായിരുന്നു അമ്മയ്ക്ക്. ഞാറ്റുപാട്ടുകളും അരവുപാട്ടുകളുമൊക്കെ ഉള്‍ക്കൊണ്ടിരുന്ന ഭാഷാലാളിത്യവും താളവും നാട്ടുജീവിതവുമെല്ലാം തന്റെ കവിതയെഴുത്തിലേക്ക് ആവാഹിക്കാന്‍ കൃഷ്ണന് സാധിച്ചു.
കളിയെഴുത്തുകാരനെന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള എന്‍.കെ.കൃഷ്ണന് പ്രമുഖ ആനുകാലികങ്ങളില്‍ നിരവധി കായികലേഖനങ്ങളെഴുതി. നല്ലൊരു ടേബിള്‍ ടെന്നീസ് കളിക്കാരനാണ്. 1960 ല്‍ കോയമ്പത്തൂരില്‍ നടന്ന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ജി.രംഗനാഥനോട് പരാജയപ്പെട്ടത് അദ്ദേഹം ഓര്‍ക്കുന്നു. അതേവര്‍ഷം തന്നെ രംഗനാഥന് ദേശീയ ചാമ്പ്യനുമായി.
ഭാരതീയ വിചാരകേന്ദ്രത്തിന്റേയും തപസ്യ കലാസാഹിത്യവേദിയുടെയും കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലം നേതൃത്വം നല്കി. വിചാരകേന്ദ്രത്തിന്റെ കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷനായി ഇരുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഗീതാസ്വാദ്ധ്യായസമിതിയുടെ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു. ഇപ്പോഴും കണ്ണൂരിലെ ദേശീയ സാംസ്കാരിക സംഘടനകളുടെ എല്ലാ പരിപാടികളിലും സജീവനസാന്നിധ്യമാണ്.
ഏത് വേദിയിലായാലും തനിക്ക് പറയാനുള്ളത് വെട്ടിത്തുറന്നു പറയാനുള്ള ആര്‍ജവമാണ് ഈ ബഹുമുഖപ്രതിഭയെ വേറിട്ട വ്യക്തിയാക്കുന്നത്. കവിയായും വിവര്‍ത്തകനായും ചരിത്രപണ്ഡിതനായും കായികലേഖകനായും പ്രഭാഷകനായുമൊക്കെ പ്രതിഭയുടെ നറുമണം വിതറിക്കൊണ്ട് കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് കൃഷ്ണേട്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: