ന്യൂദല്‍ഹി: ചൈനാ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വിസ നിഷേധിച്ചെന്ന ആരോപണവുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഈ മാസം 11 മുതല്‍ 16 വരെ ലോക ടൂറിസം ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നയതന്ത്ര വിസക്ക് അപേക്ഷിച്ചത്. കാരണം അറിയിക്കാതെ വിസ നിഷേധിച്ചെന്നും പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും കടകംപള്ളി പറഞ്ഞു.
മന്ത്രിയുടെ ആരോപണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചില്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് വിസ അനുവദിക്കാന്‍ പ്രത്യേക അനുമതികള്‍ ആവശ്യമാണ്. ചില അന്താരാഷ്ട്ര പരിപാടികളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളാണ് പങ്കെടുക്കേണ്ടത്. സന്ദര്‍ശന രാജ്യത്തെ എംബസ്സിയുടെ അനുമതിയും വേണം. അപേക്ഷയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നല്കുന്ന സൂചന.
അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷ സാഹചര്യവും വിദേശകാര്യ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ദോക്ലാമില്‍ രണ്ടര മാസത്തിലേറെ ഇരുസൈന്യവും മുഖാമുഖം അണിനിരന്നിരുന്നു. നേരത്തെ ചൈനയില്‍ നടന്ന ബ്രിക്സ് രാജ്യങ്ങളിലെ തൊഴിലാളി സംഘടനകളുടെ സമ്മേളനത്തില്‍ സിഐടിയു ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ ചൈനയ്ക്ക് അനുകൂലമായി സംസാരിച്ചതായി സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു.
ഇന്ത്യ എതിര്‍ക്കുന്ന ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയെ പുകഴ്ത്തിയായിരുന്നു നേതാക്കളുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: