കപടഗുരുക്കന്മാരും കപടശിഷ്യന്മാരും അരങ്ങു വാഴുന്നു എന്ന തോന്നലില്‍ നിന്നാവാം പ്രസക്തമായ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. നമുക്ക് അത്ഭുതമെന്ന് തോന്നത്തക്ക വണ്ണം കണ്‍കെട്ടുന്ന പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റേതാണത്. മേല്‍പ്പറഞ്ഞ ‘ഗുരുക്കന്മാ’ രില്‍ പലരും അത്ഭുതങ്ങള്‍ കാണിച്ചിട്ടാണല്ലോ ആളുകളെ മയക്കുന്നത്. അതുകൊണ്ട് കുറേ അത്ഭുതങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടെന്നും മറ്റു ചിലത് കൈയടക്കുവേലകളാണെന്നും അദ്ദേഹം വീഡിയോയില്‍ ഭംഗിയായി നമുക്കു പറഞ്ഞുതരുന്നു. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്ന ഒട്ടേറെപ്പേര്‍ ഉണ്ട്. അവര്‍ ചെയ്യുന്നത് മാജിക്കുകാര്‍ക്ക് ചെയ്യാന്‍ കഴിയും എന്ന് മുതുകാട് പറഞ്ഞുതരുന്നു. ഭസ്മം കഞ്ഞിപ്പശയിലാണെന്നു തോന്നുന്നു.
കുഴച്ച് തീരെച്ചെറിയ ഉരുളകളാക്കി ഉണക്കി അത് കൈവിരലുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പൊടിയാക്കുകയാണു ചെയ്യുന്നതത്രെ. ഇതുപോലെയുള്ള മാജിക്ക് പഠിച്ച് നമ്മെ കളിപ്പിക്കുന്ന ‘ഗുരുക്കന്മാര്’ ഉണ്ട്. പരേതാത്മാക്കളെക്കൊണ്ടു ജോലികള്‍ ചെയ്യിക്കുന്ന മന്ത്രവാദികളെക്കുറിച്ച് കുറേ മുമ്പ് ഞാന്‍ ഈ കോളത്തില്‍ എഴുതിയിരുന്നു. മറ്റു വായുലോകവാസികളായ ജിന്നുകളെയും മറ്റും ഈ ലോകവാസികളില്‍ ചിലര്‍ മനുഷ്യരെ പറ്റിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇവരുടെ പുറകെയും നാം പോകും. അല്ലാതെ സ്വയം അത്ഭുതപ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുണ്ടാക്കിയെടുക്കുന്നവരും ഉണ്ട്. അത് പ്രദര്‍ശിപ്പിച്ച് മറ്റുള്ളവരെ മോഹിപ്പിക്കുന്നതിനനുസരിച്ച് അവരുടെ ശക്തി ചോര്‍ന്നുപോകുന്നു. ഉയര്‍ന്ന അവസ്ഥകളില്‍ എത്തുന്നവരില്‍ നിന്നുപോലും അമാനുഷികമെന്നു നമ്മള് കരുതുന്ന പ്രവൃത്തികള്‍ കൊണ്ട് ശക്തി നഷ്ടപ്പെടുന്നു.
ലാളിത്യത്തിന്റെ ആള് രൂപവും എന്നാല്‍ ആന്തരികമായി അതിമാനുഷനുമായിരുന്ന എന്റെ ഗുരു ( ശ്രീ കരുണാകര ഗുരു ) അതുകൊണ്ടായിരിക്കണം പറഞ്ഞത്, ഒരു ജാലവിദ്യക്കാരനോ, മന്ത്രവാദിയോ, സിദ്ധനോ ആയി തന്നെ ആരും കരുതാനിടയാകരുതെന്ന്. ആത്മീയാവസ്ഥകള്‍ കടന്നു കഴിയുമ്പോള്‍ ഉണ്ടാകുന്ന സിദ്ധികള്‍ സഹജീവികള്‍ക്ക് അത്യന്താപേക്ഷിതമായ സന്ദര്‍ഭങ്ങളില്‍ ദൈവപ്രീതിക്ക് ഭംഗം തട്ടാത്ത വിധത്തില്‍ പ്രകൃതിയുടെ ആനുകൂല്യമനുസരിച്ച് മഹാത്മാക്കള്‍ ഉപയോഗിക്കാറുണ്ട്. ഓര്‍ക്കുന്നില്ലേ കൗരവസഭയില്‍, അതായത് പൊതുവേദിയില്‍ ദുശ്ശാസനന് തുണിയഴിക്കാന്‍ തുടങ്ങിയപ്പോള്‍ അഞ്ച് ഭര്ത്താക്കന്മാരുണ്ടായിട്ടും ദ്രൗപദി കൃഷ്ണനെ വിളിച്ചതും ഭഗവാന് സഹായിച്ചതും? കഴുകി വെച്ച അക്ഷയപാത്രത്തില്‍ പറ്റിപ്പിടിച്ച ചെറിയ ഭക്ഷണാംശം കണ്ടുപിടിച്ചു കഴിച്ച് ദുര്വാസാവിനെയും അനുചരരെയും തൃപ്തരാക്കിയതും സമാനമായ കഥ തന്നെ. തലമുറകള്‍ കൈമാറി വരുമ്പോള്‍ ഒരുപക്ഷെ ചില അതിശയോക്തികളോ വ്യതിയാനങ്ങളോ ഒക്കെ അനുഭവകഥാകഥനങ്ങളില് വന്നുപോയേക്കാമെങ്കിലും അന്തസ്സത്ത സത്യം തന്നെയായിരിക്കും.
എന്റെ ഗുരുവുമായുള്ള സമ്പര്‍ക്കത്തില്‍ ഉണ്ടായ അനുഭവങ്ങളില്‍ ( സ്വന്തവും മറ്റുള്ളവരുടേയും) നിന്ന് ഞാന്‍ മഹാത്മാക്കളുടെ ഈ തത്ത്വം സംശയത്തിനിടയില്ലാത്ത വിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. ഗുരുവിനോട് ഉണര്ത്തിക്കാത്ത വിഷമങ്ങള്‍ പോലും ചിലപ്പോള്‍ ഗുരു പരിഹരിച്ചിട്ടുണ്ട്. ചെറുതും വലുതുമായവ. മുന്നിലെത്തുന്നവരെ ജീവന് കൊണ്ട് ഒപ്പിയെടുക്കുന്ന പോലെ മനസ്സിലാക്കിയിരുന്നു ഗുരു. പക്ഷെ അറിഞ്ഞുവെന്ന് മുന്നില്‍ നില്ക്കുന്നവനു മിക്കവാറും മനസ്സിലാവുകയുമില്ല. നമ്മള് ഒളിപ്പിക്കുന്നതും മനസ്സിലാകും.
എന്നോട് രണ്ടു സന്ദര്‍ഭങ്ങളില്‍ ഗുരു പറഞ്ഞത് ഞാനോര്‍ക്കുകയാണ് : ‘സംന്യാസിക്കറിയാത്ത കള്ളമില്ല. ‘ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷമാണു ഞാന്‍ ആ വാക്യത്തിന്റെ ആന്തരാര്‍ത്ഥം അറിയുന്നത്. എന്റെ കുമ്പസാരം പൂര്‍ണ്ണമായിരുന്നില്ല. ഗുരുവിനോട് ഞാന്‍ കുറെ കാര്യങ്ങള്‍ ഒളിച്ചുവെച്ചിരുന്നു. അതൊക്കെ ഗുരു അറിഞ്ഞിരുന്നുവെന്ന് തീര്‍ച്ച. എന്നെ സഹായിക്കാനാണ് പറഞ്ഞതെന്നും ഇപ്പോള്‍ അറിയാം. പറയാന്‍ ബാക്കി വെച്ചിരുന്നതുകൂടി പറഞ്ഞിരുന്നെങ്കില്‍ അത് വലിയ ആത്മലാഭത്തിനു വഴിവെച്ചേനെ. എന്റെ ഗുരു മനുഷ്യവേഷത്തില്‍ ഒരു ഗംഭീരമായ ഉയരത്തിലുള്ള അമാനുഷികന്‍ തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: