കണ്ണൂര്‍: ഹൈന്ദവ ജനതയുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടില്‍ നിന്നും സിപിഎം നേതൃത്വം പിന്തിരിയണമെന്ന് ആര്‍എസ്എസ് പ്രാന്തീയകാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷമായി കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ബാലദിനമായി ആഘോഷിച്ച് വരികയാണ്. ആത്മീയ അന്തരീക്ഷത്തില്‍ ലക്ഷക്കണക്കിന് കുട്ടികളും സ്ത്രീകളും ചേര്‍ന്ന് നടത്തുന്ന ഈ ശോഭായാത്ര പൊതുജനങ്ങളുടെ മുഴുവന്‍ ആദരവും അംഗീകാരവും നേടിയെടുത്തിട്ടുണ്ട്. കേരളത്തിലെ ഹൈന്ദവജനതയുടെ എല്ലാ അവാന്തര വിഭാഗങ്ങളും ഒത്തൊരുമിച്ച് നടത്തുന്ന ഏകപരിപാടിയും ശ്രീകൃഷ്ണ ജയന്തി തന്നെയാണ്. സന്യാസിവര്യന്മാരും സമുദായനേതാക്കളും സാംസാകാരിക നായകരും നേതൃത്വം നല്കുന്ന സ്വാഗതസംഘങ്ങളുടെ നേതൃത്വത്തിലാണ് സമാധാനപരമായും നിയമവിധേയമായും ഈ പരിപാടികള്‍ നടന്നുവരുന്നത്. ഹൈന്ദവ ഏകീകരണത്തിനും നവോത്ഥാനത്തിനും ഏറെ സഹായകരമായി ഈ പരിപാടി വമ്പിച്ച ജനപിന്തുണ ആര്‍ജ്ജിച്ച് വരുന്നു എന്നതും സര്‍വ്വരും അംഗീകരിച്ചിട്ടുള്ളതാണ്.
ഈ ജനപിന്തുണയും അംഗീകാരവും സിപിഎമ്മിനെ അസൂയപ്പെടുത്തുകയും വിറളിപിടിപ്പിക്കുകയും ചെയ്യുന്നു. ഹൈന്ദവ ഏകീകരണ പ്രവര്‍ത്തനങ്ങളെ എന്നും എതിര്‍ത്തിട്ടുള്ള സിപിഎം ചിലരെ പ്രീണിപ്പിക്കാനും പ്രീതിപ്പെടുത്താനും ശോഭായാത്രകളെ തടയാനുള്ള ശ്രമം നടത്തിവരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ശ്രീകൃഷ്ണജയന്തി ദിനത്തില്‍ തന്നെ ബദല്‍ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ശോഭായാത്രകള്‍ക്ക് അനുവാദം നിഷേധിച്ചും വൈകിപ്പിച്ചും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും സംഘടനാ സ്വാതന്ത്ര്യവും മതാവകാശങ്ങളും നിഷേധിക്കുകയാണ്. സിപിഎം പരിപാടിക്ക് സൗകര്യപ്രദമായ രീതിയില്‍ സമയം നല്കി ശ്രീകൃഷ്ണജയന്തി നടത്താനാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമാണെന്നാണ് എസ്ഐമാര്‍ പറയുന്നത്. എന്നാല്‍ എസ്പി പറയുന്നത് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നാണ്. ചില ഡിവൈസ്പിമാര്‍ മുഖേനയാണ് ഇത് വ്യക്തമാക്കുന്നതെന്നും വത്സന് തില്ലങ്കേരി ആരോപിച്ചു.
സിപിഎമ്മുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തന്നെ സിപിഎം സമാന്തര പരിപാടികള്‍ നടത്തുന്നത് പിണറായിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടി ഘടകവുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന് അന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഏതങ്കിലും ഒരു വിഭാഗത്തിന്റെ പരിപാടി തടസ്സപ്പെടുത്തുന്നതില്‍ സിപിഎം വിജയിച്ചാല്‍ മറ്റ് വിഭാഗങ്ങള്‍ക്കെതിരെയും അവര്‍ തിരിയും.
കഴിഞ്ഞ വര്‍ഷം ശോഭായാത്രക്കും സിപിഎം ഘോഷയാത്രകള്‍ക്കും അനുവാദം നല്‍കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സപ്തംബര്‍ 3 ന് തില്ലങ്കേരിയില്‍ വിനീഷ് എന്ന സംഘപ്രവര്ത്തകന് കൊല്ലപ്പെടുകയും ചെയ്തിരുന്നു. മതഭീകരവാദികളുടെ കയ്യടി നേടാനുള്ള വിലകുറഞ്ഞ നീക്കം ഹിന്ദുക്കളുടെ അവകാശത്തെ നിഷേധിച്ച് കൊണ്ടാവരുത്. ഒരുവിഭാഗത്തെ മാത്രം പരിഗണിക്കുന്ന നിലപാട് സര്‍ക്കാര്‍ ഉപേക്ഷിക്കണം. പോലീസ് സിപിഎമ്മിന്റെ ചട്ടുകമായും പോഷകസംഘടനയായും പ്രവര്‍ത്തിക്കരുത്. നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, സഹകാര്യവാഹ് കെ.ജയരാജന് മാസ്റ്റര്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: