മലയിന്‍കീഴ്: മാറനല്ലൂരില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ അക്രമം. അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകനും അമ്മയ്ക്കും മര്‍ദ്ദനം. മാറനല്ലൂര്‍ കോട്ടമുകള്‍ പാല്‍കുന്ന് പൗരസമിതി സംഘടിപ്പിച്ച വടംവലി മത്സരത്തിനിടയിലാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഇരുഭാഗത്തും നിരന്ന വടംവലി മത്സരത്തില്‍ ബിജെപി പ്രവര്‍ത്തകരാണ് വിജയിച്ചത്.
ഇതെ തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയും നടന്നുവെങ്കിലും ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലക്ക് ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് ഡിഫി പ്രവര്‍ത്തകര്‍ ചര്‍ച്ചക്കെത്തി. ചര്‍ച്ച അലസിയതോടെ വീണ്ടും കയ്യേറ്റമായി. ബിജെപി പ്രവര്‍ത്തകനായ കോട്ടമുകള്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശരത്തിനെ കയ്യേറ്റം ചെയ്യാന്‍ ഒരുവിഭാഗം ശ്രമിച്ചു. തുടര്‍ന്ന് വീട്ടിനുള്ളിലേക്ക് കയറി ഓടിയ ശരത്തിനെ പിന്തുടര്ന്നെത്തിയവര് മര്‍ദ്ദിച്ചു.ശരത്തിന്റെ അമ്മ ശാന്തയേയും, അച്ഛന് ശശിയേയും ഇവര്‍ ക്രൂരമായി ആക്രമിച്ചു. മൂവരേയും നെയ്യാറ്റിന്‍കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഒത്തു തീര്‍പ്പിന് എന്ന പേരില്‍ ബിജെപി പ്രവര്‍ത്തകരെ വിളിച്ചശേഷം ശരത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: