ലാ പാസ്: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിക്ക് അപ്രതീക്ഷിത തിരിച്ചടി. ദുര്‍ബലരായ ബൊളീവിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് ചിലി പരാജയപ്പെട്ടു. മറ്റൊരു മത്സരത്തില്‍ കൊളംബിയ സ്വന്തം മൈതാനത്ത് ബ്രസീലിനെ സമനിലയില്‍ തളച്ചു. അതേസമയം ഉറുഗ്വെ വിജയവഴിയില്‍ തിരിച്ചെത്തി.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചിലിക്കെതിരെ അപ്രതീക്ഷിത വിജയമാണ് ബൊളീവിയ നേടിയത്. നേരത്തെ തന്നെ യോഗ്യത നേടാതെ പുറത്തായതിനാല്‍ ബൊളീവിയക്ക് ഒന്നും നോക്കാനുണ്ടായിരുന്നില്ല. ചിലിയുടെ സൂപ്പര്‍ താരങ്ങളെ സമര്‍ത്ഥമായി പൂട്ടിയിട്ട ബൊളീവിയ കളിയുടെ 59-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ നേടിയത്. ജുവാന്‍ കാര്‍ലോസാണ് ഗോള്‍ നേടിയത്.
പരാജയത്തോടെ ചിലിയുടെ യോഗ്യതാ സ്വപ്നങ്ങളും തുലാസിലായി. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും അവര്‍ക്ക് യോഗ്യത നേടാനാകുമെന്ന് ഉറപ്പില്ല. നിലവില്‍ 16 കളികളില്‍ നിന്ന് 23 പോയിന്റുമായി ആറാമതാണ് ചിലി.
കൊളംബിയക്കെതിരായ മത്സരത്തില്‍ ആധിപത്യം കാനറികള്‍ക്കായിരുന്നു. മികച്ച പന്തടക്കം പ്രകടിപ്പിച്ച ബ്രസീല്‍ ആദ്യപകുതിയുടെ പരിക്കു സമയത്താണ് ലീഡ് നേടിയത്. മിഡ് ഫീല്‍ഡര്‍ വില്യനാണ് ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 11 മിനിറ്റായപ്പോഴേക്കും വെറ്ററന്‍ താരം റഡമല്‍ ഫാല്‍ക്കാവോയിലൂടെ കൊളംബിയ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് ഇരുടീമുകളും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സമനില വഴങ്ങിയില്ലെങ്കിലും യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ പട്ടികയില്‍ ബ്രസീല്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റ് അവരുടെ അക്കൗണ്ടിലുണ്ട്. അതേസമയം കൊളംബിയക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. 26 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് വീണ കൊളംബിയക്ക് വെല്ലുവിളിയുമായി പെറുവും അര്‍ജന്റീനയും തൊട്ടുപിന്നിലുണ്ട്.
അതേസമയം മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ വിജയം കണ്ടു. പരാഗ്വയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഉറുഗ്വെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 27 പോയിന്റുമായി ഉറുഗ്വെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 76-ാം മിനിറ്റില്‍ അരങ്ങേറ്റ താരം ഫെഡറികൊ വാല്‍വെര്‍ഡെയിലൂടെ ഉറുഗ്വെ മുന്നിലെത്തി.
നാല് മിനിറ്റിന് ശേഷം ഗോമസ് ഉറുഗ്വെയ്ക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കെ റൊമേരൊ ഒരു ഗോള്‍ മടക്കി. എന്നാല്‍ സമനില ഗോള്‍ നേടാനുള്ള സമയം ബാക്കിയുണ്ടായിരുന്നില്ല.
മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പെറുവും യോഗ്യതാ പ്രതീക്ഷ സജീവമാക്കി. 16 കളികളില്‍ നിന്നും 24 പോയിന്റുമായി നാലാം സ്ഥാനത്താണ് പെറു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: