ചതുര്‍വേദങ്ങളില്‍ മറ്റു മൂന്നു വേദങ്ങള്‍ക്കില്ലാത്ത ചില സവിശേഷതകള്‍ അഥര്‍വവേദത്തിനുണ്ട്. മത ചരിത്രത്തിലും നരവംശ ശാസ്ത്രത്തിലും താല്‍പ്പര്യമുള്ളവര്‍ക്ക് ഇത്രയേറെ സഹായകരമായ മറ്റൊരു കൃതി അതിപ്രാചീന ഭാരതീയ സാഹിത്യത്തില്‍ കണ്ടുകിട്ടുകയില്ല. പ്രാചീന ഭാരതത്തിലെ വൈദ്യശാസ്ത്രത്തെക്കുറിച്ചറിയുന്നതിന് അഥര്‍വ്വവേദം തീര്‍ത്തും പ്രയോജനപ്രദമാണ്. രാഷ്‌ട്രമീമാംസയുടെ ഗഹനതയിലേക്ക് കടന്നു ചെല്ലുന്നതിന് ഏറെ സഹായകമാണ് അഥര്‍വ്വം. പ്രസിദ്ധ ഗ്രന്ഥങ്ങളായ ദണ്ഡനീതിയും അര്‍ഥശാസ്ത്രവും അഥര്‍വ്വത്തെ ആശ്രയിച്ചുള്ളതാണ്. അതിനാല്‍ ശതപഥബ്രാഹ്മണം അഥര്‍വ്വത്തെ ക്ഷത്രവേദമെന്നാണ് വിളിക്കുന്നത്.
അകുടിലമായത്, അഹിംസാപരമായത് എന്നിവയാണ് അഥര്‍വ്വം എന്ന പദത്തിന്റെ സാമാന്യ അര്‍ത്ഥം. അഗ്‌നിദേവനെ സ്തുതിക്കുന്ന പുരോഹിതന്‍ എന്ന അര്‍ത്ഥവും ഈ പദത്തിനുണ്ട്. ബ്രഹ്മപുത്രനായ അഥര്‍വ്വന്‍ എന്ന ആചാര്യനാണ് അഥര്‍വവേദത്തിന്റെ കര്‍ത്താവും സമാഹര്‍ത്താവും. അഗ്‌നിയെ ആദ്യമായി സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ആനയിച്ചത് അഥര്‍വ്വനാണെന്ന് പുരാണങ്ങളിലുണ്ട്. അഥര്‍വ്വവേദത്തിന്റെ പ്രാചീന നാമം അഥര്‍വ്വാംഗിരസ്സ് എന്നാണ്. അഥര്‍വ്വന്മാരും അംഗിരസ്സുകളും എന്നര്‍ത്ഥം. ചരിത്രാതീതകാലത്തെ പുരോഹിതവര്‍ഗത്തെയാവാം അംഗിരസ്സ് എന്ന് സൂചിപ്പിക്കുന്നത്. ആഭിചാരമന്ത്രമെന്ന മറ്റൊരര്‍ത്ഥം കൂടി ഇതിന് നല്‍കപ്പെടുന്നു. സന്തുഷ്ടിദായകമായ വിശുദ്ധിയെ സൂചിപ്പിക്കുന്ന അഥര്‍വ്വം രോഗനാശനമന്ത്രങ്ങളും അംഗിരസ്സ് ശത്രുനാശനാദി മന്ത്രങ്ങളുമായി പ്രയോഗിക്കപ്പെട്ടിരുന്നു.
അഥര്‍വ്വവേദത്തില്‍ പ്രധാനമായും ഭൈഷജ്യം, ആയുഷ്യം, ആഭിചാരം, സ്ത്രീകര്‍മ്മം, രാജകര്‍മ്മം, സാമനസ്യം, പൗഷ്ടികം, പ്രായശ്ചിത്തം, ബ്രാഹ്മണ്യാനീ എന്നിങ്ങനെയുള്ള ഒമ്പത് കര്‍മ്മങ്ങളെപ്പറ്റിയാണ് വിവരിക്കുന്നത്. കൂടാതെ, സൃഷ്ടികര്‍മ്മം, ഭൂമിയുടെ മഹത്വം, വിവാഹാഘോഷം, ശവസംസ്‌കാരം തുടങ്ങിയവയും പ്രതിപാദ്യ വിഷയങ്ങളാണ്. ഇരുപത് കാണ്ഡങ്ങളുള്ള വേദത്തില്‍ യുദ്ധവിജയത്തിനും , മഴ പെയ്യിക്കുന്നതിനും, കന്നുകാലികളുടെ രക്ഷയ്‌ക്കും, വന്യമൃഗങ്ങളില്‍ നിന്നുമുള്ള ഭയരക്ഷയ്‌ക്കും, കൊള്ളക്കാരെ അമര്‍ച്ച ചെയ്യുന്നതിനുമുള്ള നിരവധി പ്രാര്‍ത്ഥനകള്‍ കാണാം. അഥര്‍വ്വവേദത്തോടു ബന്ധപ്പെട്ട രണ്ടു ബ്രാഹ്മണങ്ങളിലൊന്നായ ഗോപഥ ബ്രാഹ്മണം ഭാരതത്തിനു വെളിയില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് പാശ്ചാത്യ പണ്ഡിതനായ ബ്ലൂഫീല്‍ഡായിരുന്നു. മഹാഭാഷ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള രണ്ടാമത്തെ ബ്രാഹ്മണമായ പൈപ്പലാദ ബ്രാഹ്മണം ഇന്ന് ലഭ്യമല്ല. അഥര്‍വ്വത്തിനു ആരണ്യകങ്ങള്‍ ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും ഗോപഥബ്രാഹ്മണത്തിന്റെ രണ്ട് അധ്യായങ്ങള്‍ ‘ഗോപഥാരണ്യകം’ എന്ന പേരില്‍ പ്രചരിച്ചു.
അഥര്‍വ്വവേദ സംഹിതയ്‌ക്ക് ഒമ്പത് ശാഖകളുണ്ടെന്ന് വ്യാകരണ മഹാഭാഷ്യത്തില്‍ പതഞ്ജലി സൂചിപ്പിക്കുന്നു. എന്നാല്‍ ഒമ്പതല്ല, പതിനഞ്ചു ശാഖകളുണ്ടെന്ന് ഷഡ്ഗുരു ശിഷ്യന്‍ സര്‍വാനുക്രമണികയില്‍ വ്യക്തമാക്കുന്നു. എന്തായാലും പൈപ്പലാദം, ശൗനകീയം എന്നീ സംഹിതകളുമായി ബന്ധപ്പെട്ട സംഹിതകള്‍ക്കാണ് പ്രചാരമുണ്ടായത്. ശൗനകീയ സംഹിതയേക്കാള്‍ മുമ്പുതന്നെ പൈപ്പലാദത്തിനാണെന്ന് ഇതേപ്പറ്റി പഠനം നടത്തിയവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഥര്‍വ്വവേദ സംഹിതയുടെ ശൗനകീയ ശാഖ ഇരുപത് കാണ്ഡങ്ങളായി വേര്‍തിരിച്ചതില്‍, 736 സൂക്തങ്ങളും 111 അനുവാക്യങ്ങളും 36 പ്രപാഠങ്ങളും 6,000 മന്ത്രങ്ങളുമാണുള്ളത്. ഭൃഗ്വീഗിരസ്സ്, ഛന്ദോ വേദം, മഹീവേദം, അമൃതവേദം, അംഗിരോവേദം, ക്ഷത്രവേദം, ആത്മവേദം തുടങ്ങി നിരവധി പേരുകളില്‍ അഥര്‍വ്വവേദം അറിയപ്പെടുന്നുണ്ട്.
മുപ്പതിലേറെ ഉപനിഷത്തുക്കള്‍ അഥര്‍വ്വവേദത്തിന്റെ ഭാഗമാണ്.
പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവ ഇവയില്‍ പ്രധാനം. ശങ്കരഭഗവദ്പാദര്‍ ഭാഷ്യം നിര്‍വഹിച്ച ദശോപനിഷത്തുകളില്‍ പ്രശ്‌നം ഉള്‍പ്പെടുന്നു. ഏറ്റവും ചെറിയ ഉപനിഷത്തെന്നു കേള്‍വിയുള്ളതും ‘അയമാത്മാ ബ്രഹ്മ’ മഹാവാക്യമുള്‍പ്പെട്ടതുമാണ് മാണ്ഡൂകൃം. ബ്രഹ്മന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഥര്‍വ്വവേദപുരോഹിതന്‍ ചതുര്‍വേദങ്ങളിലും അവഗാഹമുള്ള ആചാര്യനായിരിക്കണം. വേദജ്ഞരായ പുരോഹിതരുടെ സഭയിലെ അദ്ധ്യക്ഷന്‍ അക്കാലത്ത് മന്ത്രവാദി എന്നു പറയപ്പെട്ടിരുന്ന ബ്രഹ്മനാണ്. അഥര്‍വ്വവേദികളെ നമ്മുടെ ചില സംഹിതകള്‍ കൊള്ളരുതാത്തവരായി പ്രഖ്യാപിച്ച് ശിക്ഷിച്ചിരുന്നു എന്നതുമോര്‍ക്കണം. അഥര്‍വ്വത്തെ പിന്തുണയ്‌ക്കുന്ന ധര്‍മ്മശാസ്ത്രങ്ങളുമുണ്ട്. കാമന്ദകീയ നീതിസാരം എന്ന ഗ്രന്ഥം ഉദാഹരണമാണ്. അഥര്‍വ്വനിധി എന്ന മന്ത്രത്തെ രഘുവംശത്തില്‍ കാളിദാസന്‍ സൂചിപ്പിക്കുന്നുണ്ട്.
മറ്റു വേദങ്ങളില്‍ നിന്നും ഭാഷ ലളിതമായ അഥര്‍വ്വത്തിലെ ചില പദപ്രയോഗങ്ങളുടെയും സാരം പല വ്യാഖ്യാതാക്കളും വ്യത്യസ്തമായിട്ട് പറഞ്ഞിരിക്കുന്നതിനാല്‍ ആശയക്കുഴപ്പം വരാറുണ്ട്. ഋക്, യജുസ്സ്, സാമം എന്നീ മൂന്നു വേദങ്ങള്‍ക്കുള്ള പ്രാധാന്യം പൗരാണിക കാലത്ത് അഥര്‍വ്വത്തിന് ലഭിച്ചില്ല. ത്രയി എന്ന വിദ്യയില്‍ ഈ വേദം ഉള്‍പ്പെടുന്നില്ല. ആഭിചാര കര്‍മ്മങ്ങളെപ്പറ്റിയും മറ്റും പ്രസ്താവിക്കുന്നതിനാല്‍ മറ്റ് വേദ പണ്ഡിതന്മാര്‍ അഥര്‍വ്വത്തെ മാറ്റിനിര്‍ത്തി. ക്ഷുദ്രമന്ത്രവാദത്തിന്റെ ഗണത്തിലാണവര്‍ ഈ വേദത്തെ കണ്ടത്. ഇക്കാരണത്താല്‍ അഥര്‍വ്വവേദികളായ ബ്രാഹ്മണരുടെ എണ്ണം കുറഞ്ഞു. ഇന്നാകട്ടെ, മഹാരാഷ്‌ട്ര, ഒറീസ്സാ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ കുറച്ച് ഗ്രാമങ്ങളില്‍ മാത്രമായി അഥര്‍വ്വവേദികള്‍ ഒതുങ്ങി.
എന്നാല്‍, ബ്രഹ്മജ്ഞാനപരവും പ്രപഞ്ചോത്പത്തിപരവുമായ സൂക്തങ്ങള്‍ ചേര്‍ന്നതാണ് അഥര്‍വ്വം. പില്‍ക്കാലം ഉപനിഷത്തുക്കളില്‍ പ്രത്യക്ഷപ്പെട്ട സര്‍വബ്രഹ്മവാദവും വിശ്വദേവതാവാദവും അഥര്‍വ്വത്തിന്റെ സംഭാവനയാണെന്ന് പലരും സൗകര്യപൂര്‍വം മറന്നു.
പ്രപഞ്ചോത്പത്തി, ആത്മാവ്, മനസ്സ്, നിദ്ര, സ്വപ്‌നം, മനുഷ്യസ്വഭാവം തുടങ്ങിയവ സംബന്ധിച്ച അഥര്‍വ്വത്തിന്റെ ഉള്‍ക്കാഴ്ചകള്‍ ഇനിയും ലോകം പഠിക്കേണ്ടതുണ്ട്. ഇന്ദ്രജാലം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍ ഋഗ്വേദത്തിലും കാണാമെങ്കിലും അതിന് വലിയ രീതിയില്‍ ഉത്തേജനം നല്‍കിയത് അഥര്‍വ്വമാണ്. ഋഗ്വേദത്തെപ്പോലെ തന്നെ കാവ്യഭംഗിയും അലങ്കാരപ്രയോഗവും അഥര്‍വ്വത്തിനുമുണ്ട്. ഉപമ, രൂപകം, ഉല്ലേഖം എന്നീ അലങ്കാരങ്ങള്‍ അഥര്‍വ്വവേദത്തില്‍ മനോഹരമായി പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ഭൗതിക ജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ജീവിതവീക്ഷണം പുലര്‍ത്തുന്ന അഥര്‍വ്വം ഭൂമിയിലെ സുഖങ്ങളും സംഘട്ടനങ്ങളും ഒരേപോലെ സ്വാഗതം ചെയ്യുന്ന പ്രസാദാത്മകമായ വേദസംഹിതയാണ്.
അഥര്‍വ്വവേദത്തിലെ പ്രധാന ഋഷികള്‍ അഥര്‍വന്‍, അംഗിരസ്സ്, സവിതാ, ത്രിശോകന്‍, സാര്‍പ്പരാജ്ഞി, സൂര്യസാവിത്രി, ബൃഹസ്പതി, എന്നിവരാണ്. ഇതില്‍ ഏകദേശം 127 ഋഷികളുണ്ട്. അഥര്‍വ്വവേദം പ്രധാനമായും 179 ദേവതകളെയാണ് സ്തുതിക്കുന്നത്. ഇതില്‍ പതിനേഴ് പേര് സ്ത്രീകളാണ്. അഗ്‌നി, ആപന്‍, ഇന്ദ്രന്‍, കാമന്‍, ഇളാ, ഭാരതി, സരസ്വതി, ഭൂമി, രുദ്രന്‍ ,നിരൃാതി, അരാതി തുടങ്ങിയവര്‍ പ്രധാന അഥര്‍വ്വദേവതകളാണ്. മറ്റൊരു കാര്യം, അഥര്‍വം മറ്റു മൂന്നു വേദങ്ങളില്‍ നിന്നും വ്യത്യസ്തമായി ഛന്ദസ്സിന്റെ കാര്യത്തില്‍ വൈവിധ്യം പുലര്‍ത്തുന്നു എന്നതാണ്. ആര്‍ഷീഗായത്രി, ആസുരീ ഗായത്രി, വിരാട്ഗായത്രി എന്നീ മൂന്ന് ഛന്ദസ്സുകള്‍ ഇക്കാര്യം വെളിവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: