നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ വന്‍ നേട്ടങ്ങളിലൊന്നായ നോട്ട് അസാധുവാക്കല്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ചില പ്രതിപക്ഷപാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും പ്രധാനമന്ത്രി മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കുപ്രചാരണം നടത്താന്‍ അത് ഉപയോഗിക്കുകയാണ്.
നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇക്കൂട്ടര്‍ ആയുധമാക്കുന്നത്. അസാധുവാക്കിയ 1000, 500 രൂപാ നോട്ടുകളില്‍ തൊണ്ണൂറുശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചത്.
നോട്ട് അസാധുവാക്കുന്നതിന് മുന്‍പ് 15.44 ലക്ഷം കോടിയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് സമ്പദ്വ്യവസ്ഥയിലുണ്ടായിരുന്നത്. ഇതില്‍ 15.28 കോടി തിരിച്ചെത്തി. ഇതിനര്‍ത്ഥം രാജ്യത്ത് വളരെ കുറച്ചു മാത്രം കള്ളപ്പണമേയുള്ളൂ എന്ന് വിലയിരുത്തിയാണ് നോട്ട് അസാധുവാക്കല്‍ പരാജയമാണെന്നും, പ്രധാനമന്ത്രി മാപ്പ് പറയണമെന്നുമൊക്കെ തികഞ്ഞ രാഷ്ട്രീയ ദുഷ്ടലാക്കോടെ ചില കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നത്.
അസാധുവാക്കിയ നോട്ട് ഏതാണ്ട് മുഴുവനായും ബാങ്കുകളില്‍ തിരിച്ചെത്തിയതിനാല്‍ കള്ളപ്പണമില്ലെന്ന പ്രചാരണത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. നോട്ട് നിരോധനത്തിനുശേഷം നടത്തിയ 2.89 ലക്ഷം കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്തിവരികയാണെന്നും, 9.72 ലക്ഷംപേരുടെ 13.33 ലക്ഷം അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായതോടെയാണിത്.
ബാങ്കുകളില്‍ തിരികെയെത്തിയ 15 ലക്ഷം കോടി രൂപയില്‍ കള്ളപ്പണമുണ്ടാകാമെന്നും, ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടതുകൊണ്ടുമാത്രം കള്ളപ്പണം വെള്ളപ്പണമാകില്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കുകകൂടി ചെയ്തപ്പോള്‍ മോദി വിരോധം മുഖമുദ്രയാക്കിയവരുടെ ആവേശം കെട്ടുപോയി. ബാങ്കില്‍ തിരിച്ചെത്തിയ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതോടെ കള്ളപ്പണക്കാര്‍ക്ക് കൂട്ടിരിക്കുന്നവരുടെ മുഖംമൂടി അഴിഞ്ഞുവീഴുക തന്നെ ചെയ്യും. ഇതിന് ഇനി അധികനാള്‍ വേണ്ടിവരില്ല.
യഥാര്‍ത്ഥത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടിലെ കണക്കുകളുടെ നിജസ്ഥിതി മനസ്സിലാക്കാതെ, അതിനുള്ള ക്ഷമ കാണിക്കാതെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമം നടന്നത്. നോട്ട് അസാധുവാക്കല്‍ വിജയമാണെന്ന് റിപ്പോര്‍ട്ടിലെ ചുരുക്കം ചില കണക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്. 4.70 ലക്ഷത്തിലേറെ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തി.
വരുമാനം വെളിപ്പെടുത്താത്ത വകയില്‍ 29000 കോടിയിലേറെ രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. 16,000 കോടി രൂപ തിരിച്ചെത്തിയില്ല. ഇത് കള്ളപ്പണമാകാനാണ് എല്ലാ സാധ്യതയും. കറന്‍സി വിനിമയം 21 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു. നികുതിദായകരില്‍ 56 ലക്ഷം പേരുടെ വര്‍ധനവുണ്ടായി. വരുമാന വിവരം സമര്‍പ്പിച്ചവര്‍ 29.7 ശതമാനം വര്‍ധിച്ചു. മുന്‍വര്‍ഷം ഇത് 9.9 ശതമാനമായിരുന്നു.
വ്യക്തികളില്‍നിന്നുള്ള അധികവരുമാന നികുതിയില്‍ 41.79 ശതമാനം വര്‍ധനവുണ്ടായി. മൂന്നുലക്ഷം വ്യാജ കമ്പനികളെ നിരീക്ഷണത്തിലാക്കി. ഇത്തരം രണ്ട് ലക്ഷം കമ്പനികളുടെ അംഗീകാരം റദ്ദാക്കി. 400 ലേറെ ബിനാമി ഇടപാടുകള്‍ കണ്ടെത്തി.
800 കോടിയുടെ വിപണിമൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി. ഡിജിറ്റല്‍ പേയ്മെന്റുകളില്‍ 56 ശതമാനം വര്‍ധിച്ചു. ഒരു കോടിയിലേറെ തൊഴിലാളികള്‍ പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ എന്നിവയില്‍ അംഗമായി. എല്ലാറ്റിനുമുപരി മൂന്ന് ലക്ഷം കോടി രൂപ ബാങ്കുകളിലെത്തി.
നോട്ട് അസാധുവാക്കല്‍ വിജയമാണെന്ന് കരുതാന്‍ യാതൊരു അവകാശവാദങ്ങളുടേയും ആവശ്യമില്ല. ഈ കണക്കുകള്‍ മാത്രം മതി. എന്നാല്‍ ഇവയൊക്കെ മൂടിവച്ചുകൊണ്ട് ‘കള്ളപ്പണമില്ലായ്മ’യെക്കുറിച്ചും, ക്യൂനിന്ന് മരിച്ച ആളുകളെക്കുറിച്ചും അതിശയോക്തി കലര്‍ത്തി കഥകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ ജനങ്ങള്‍തന്നെ പാഠം പഠിപ്പിക്കും.
ഇവര്‍ കരയുന്നത് കള്ളപ്പണക്കാര്‍ക്കുവേണ്ടിയാണ്. നോട്ട് അസാധുവാക്കലിനുശേഷം നടന്ന ചെറുതും വലുതുമായ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജനങ്ങള്‍ നല്കിയ പിന്തുണ എല്ലാ കുപ്രചാരണങ്ങളുടേയും മുനയൊടിക്കുന്നതാണ്. ഇനിയും ഇത് അങ്ങനെതന്നെയായിരിക്കും. അസത്യത്തിന്റെ ഏത് കൂരിരുട്ടും സത്യത്തിന്റെ ഒരുതിരി വെട്ടത്തില്‍ ഇല്ലാതാകുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: