നഞ്ചെന്തിന് നന്നാഴി എന്നത് അന്വര്‍ത്ഥമാക്കുന്നു കേരളത്തിന്റെ മാത്രം ചെങ്കൊടിപ്പാര്‍ട്ടി. ഇരിക്കാന്‍ പലകപോലും ഇല്ലെങ്കിലും ‘കെളത്തം’ ചില്ലറയല്ല. അപ്പൂപ്പന്റെ അപ്പൂപ്പന് ആന വാല് കൈയില്‍ കെട്ടിയിരുന്നതിന്റെ ബലത്തിലാണ് ഇപ്പോഴും നടപ്പ്. ഓതിരവും കടകവും എല്ലാം പിന്നിട്ട് വെട്ടോടുവെട്ടു വെട്ടി മുന്നേറുന്ന ഏകകോശ ജീവി. കാലഹരണപ്പെടുന്ന വര്‍ഗ്ഗങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി മ്യൂസിയത്തിലാക്കാന്‍ പരുവത്തിലായ അപൂര്‍വ്വജന്മം.
തകര്‍ത്തെറിഞ്ഞ കുടുംബങ്ങളുടെ കണക്കുകളും, വെട്ടിയെറിഞ്ഞ കൈകളുടെ കണക്കുകളും കമ്പ്യൂട്ടറില്‍ തിരയണം. ചീന്തിത്തെറിച്ച ചോരകളുടെ ചൂട് ഇനിയും ആറിയിട്ടില്ല. മുറിവുകള്‍ ഉണങ്ങാം. മനസ്സിനേറ്റ മുറിപ്പാടുകള്‍ ഉണക്കാന്‍ ബുദ്ധിമുട്ടും. ഓര്‍മ്മയുണര്‍ത്തുന്ന വടുക്കള്‍ പ്രതിക്രിയയുടെ ശംഖനാദം മുഴക്കുന്ന നേരത്തിന് നമുക്ക് കാതോര്ക്കേണ്ടിവരും.
ഒന്നും അവസാനിക്കുന്നില്ല. ചിത്രം മാറിവരും. ചരിത്രം ആവര്‍ത്തിക്കപ്പെടും. കിരീടങ്ങള്‍ വീണ്ടും തെറിക്കും. സിംഹാസനങ്ങള്‍ തല്ലിത്തകര്ക്കപ്പെടും. അഹന്ത ആര്‍ക്കും ആനന്ദമുണ്ടാക്കിയിട്ടില്ല.
ഞാന്‍, ഞാനെന്ന ഭാവങ്ങള്‍. ഇല്ലാത്ത ഞാനിന്റെ കൈയും പിടിച്ച് വിശ്വം ജയിച്ചടക്കാന്‍ പുറപ്പെടുന്ന മൂഢമതേ!
ടി. കെ. സുബ്രഹ്മണ്യന്,
കായംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: