കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നെങ്കിലും ചില സ്ഥാപനങ്ങള്‍ ചട്ടലംഘനം നടത്തുന്നതായി ആക്ഷേപം.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ക്കു തടയിടാനാണ് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിയമം കൊണ്ടുവന്നത്. ചട്ടം ലംഘിച്ചതായി കണ്ടെത്തിയാല്‍ ബില്‍ഡര്‍ക്ക് ജയില്‍ ശിക്ഷവരെ ലഭിക്കാം. കരാറില്‍ പറഞ്ഞിരിക്കുന്ന സമയത്ത് നിര്‍ദ്ദിഷ്ട വ്യവസ്ഥകളെല്ലാം പാലിച്ച് ഫ്ളാറ്റുകൈമാറുക, കരാര്‍പ്രകാരമുള്ള ചെലവില്കൂടുതല് ഈടാക്കാതിരിക്കുക തുടങ്ങിയവയാണ് ഏറ്റവും പ്രധാന വ്യവസ്ഥകള്‍.
ഐഎഫ്സിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ്ലിമിറ്റഡ് ഫ്ളാറ്റു ബുക്കുചെയ്തവരെ കബളിപ്പിക്കുന്നുവെന്നാണ് പരാതി. കൊച്ചിയിലെ പനമ്പള്ളി നഗറില്‍ ഐഎഫ്സിഐയ്ക്ക് പ്രോജക്ടുണ്ട്. 2011 ല്‍ നിര്‍മ്മാണം തുടങ്ങി ആറു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. ഫ്ളാറ്റു വാങ്ങിയവര്‍ 95 ശതമാനം പണവും 2014 ല്‍ നല്കി. പത്തുശതമാനം പണം വാങ്ങിയാല്‍ ഉടമയ്ക്ക് ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. പക്ഷേ, ഒരു വ്യവസ്ഥയും കമ്പനി പാലിച്ചിട്ടില്ല.
ഐഎഫ്സിഐ പനമ്പള്ളിനഗറില്‍ ഐഐഡിഎല്-ഏരീ എന്ന പേരില്‍ 14 നിലകളില്‍ പണിയുന്ന 56 ഫ്ളാറ്റുകളുടെ സമുച്ചയമാണ് 30 മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കുമെന്ന കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നത്. ഫ്ളാറ്റു വാങ്ങിയവര്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. രണ്ടുമുറി അപ്പാര്‍ട്ടുമെന്റിന് 95 ലക്ഷം രൂപവരെയാണ് കമ്പനി ഈടാക്കുന്നത്. സര്‍വീസില്‍നിന്നു വിരമിച്ചവര്‍ സമ്പാദ്യത്തില്‍ വലിയൊരു പങ്ക് മുടക്കിയാണ് ഈ സംരംഭത്തിനിറങ്ങിയത്.
കമ്പനി നല്‍കിയിരുന്ന വാഗ്ദാനം 2014 പകുതിയോടെ ഫ്ളാറ്റുകള്‍ കൈമാറാമെന്നാണ്. 2013 ല്‍ കെട്ടിട നിര്‍മ്മാണം ഏറെക്കുറേ പൂര്‍ത്തിയാക്കുകയും ചെയ്തു. ചതുരശ്ര അടിക്ക് 6850 രൂപ പ്രകാരമായിരുന്നു വില. 40 ഫ്ളാറ്റുകള്‍വരെ 2014 ല്‍ത്തന്നെ വിറ്റുപോയി. തുടര്‍ന്ന് പണികള്‍ നിര്‍ത്തിവച്ചു. ഇതുവരെ ഉടമകളുടെ പേരില്‍ ഫ്ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉടമകള്‍ കമ്പനിയെ സമീപിച്ചിട്ട് വ്യക്തമായ മറുപടി പോലും കിട്ടാത്ത സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിനു പരാതിപ്പെട്ടിരിക്കുകയാണ്. വിവരാവകാശ നിയമ പ്രകാരം, നിര്‍മ്മാണം 27 മാസം വൈകിയതായി കമ്പനിതന്നെ സമ്മതിച്ചിട്ടുണ്ട്. 56 ഫ്ളാറ്റുകള്‍ പണി പൂര്‍ത്തിയാക്കാന്‍ ആറുവര്‍ഷമായിട്ടും കഴിയാത്ത കമ്പനിക്കെതിരേ, നഷ്ടം സംഭവിച്ചവര്‍ നിയമ നടപടികള്‍ക്ക് ആലോചിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: