ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ശിക്ഷാവിധി ഇന്നാണ്. ഇയാള്‍ കുറ്റക്കാരനെന്ന് കോടതി വെള്ളിയാഴ്ചയണ് വിധിച്ചത്. വിധിക്കു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ സിങ്ങിന്റെ അനുയായികള്‍ സംഘര്‍ഷം അഴിച്ചുവിട്ടു. പഞ്ചാബ്, ഹരിയാന, ദല്‍ഹി, യുപി സംസ്ഥാനങ്ങളിലും ചണ്ഡീഗഢിലുമുണ്ടായ സംഘര്‍ഷത്തില്‍ 37 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മിക്കവരും സിങ്ങിന്റെ അനുയായികളാണ്. സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യം രംഗത്തിറങ്ങി. സംഭവത്തില്‍ പ്രധാനമന്ത്രി നടുക്കം പ്രകടിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പും നല്കി. വിധി പ്രഖ്യാപിച്ച പ്രത്യേക സിബിഐ കോടതി സ്ഥിതി ചെയ്യുന്ന പഞ്ചകുലയിലും അക്രമങ്ങള്‍ അരങ്ങേറി.
അനുയായികള്‍ സുരക്ഷാ സേനകളുമായി ഏറ്റുമുട്ടി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ടെലഫോണ്‍ എക്സ്ചേഞ്ച് ഓഫീസ്, റെയില്‍വേ സ്റ്റേഷന്, പോലീസ് സ്റ്റേഷന് എന്നിവയും ആക്രമിച്ചു. പഞ്ചാബില്‍ പെട്രോള്‍ പമ്പിനും വൈദ്യുതി നിലയത്തിനും തീയിട്ടു. നിരവധി സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
പോലീസിന് പലയിടങ്ങളിലും വെടിയുതിര്‍ക്കേണ്ടി വന്നു. ദല്‍ഹിയില്‍ പത്തിടത്ത് അക്രമമുണ്ടായി. 211 ട്രെയിനുകള്‍ റദ്ദാക്കി. അക്രമങ്ങള്‍ സംബന്ധിച്ച് ചണ്ഡീഗഢ് ഹൈക്കോടതിയും റിപ്പോര്‍ട്ട് തേടി.
പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹരം സംഘടനയില്‍നിന്ന് ഈടാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി റാം റഹീമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ആവശ്യപ്പെട്ടു. അക്രമം അടിച്ചമര്‍ത്തുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി. അതുപോലെ തന്നെ ചെയ്തു. ഏതാനും മണിക്കൂറുകള്‍കൊണ്ട് അക്രമം അവസാനിപ്പിക്കാന്‍ സാധിച്ചു.
2002ല്‍ സിങ്ങിന്റെ അനുയായിയായ ഒരു സ്ത്രീ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് കത്തയച്ചതാണ് കേസിന്റെ തുടക്കം. തന്നെയും അനുയായികളായ നിരവധി സ്ത്രീകളെയും ഇയാള്‍ ബലാത്സംഗം ചെയ്തതായി കത്തില്‍ വെളിപ്പെടുത്തിയിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ 2008ലാണ് വിചാരണ ആരംഭിച്ചത്.
രണ്ട് സ്ത്രീകള്‍ പീഡനത്തിനിരയായതായി മൊഴി നല്കി. തലസ്ഥാനമായ ചണ്ഡീഗഢിന് സമീപത്തെ പഞ്ച്കുല സിബിഐ കോടതിയിലേക്ക് 150ലേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് സിങ് വെള്ളിയാഴ്ച എത്തിയത്. രണ്ട് ദിവസമായി കോടതി പരിസരത്തേക്ക് അനുയായികളുടെ ഒഴുക്കായിരുന്നു. സ്ത്രീകളുള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ പഞ്ച്കുല നഗരത്തില്‍ തമ്പടിച്ചിരുന്നു. സൈന്യവും പോലീസും ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് പതിനായിരക്കണക്കിന് അക്രമികള്‍ പിന്‍വാങ്ങിയത്.
സിബിഐ കോടതി സ്ഥിതിചെയ്യുന്ന പഞ്ച്കുലയിലും ദേര സച്ചയുടെ ആസ്ഥാനമുള്ള സിര്‍സയിലുമാണ് അക്രമികള്‍ സുരക്ഷാ സേനകളുമായി ഏറ്റുമുട്ടി മരിച്ചത്. ഇവിടമുള്പ്പെടെ സംസ്ഥാനത്ത് എല്ലായിടത്തും സ്ഥിതി സാധാരണ നിലയിലായി. പലയിടങ്ങളിലും കര്‍ഫ്യൂ പിന്‍വലിച്ചു. സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി. ശിക്ഷ വിധിക്കുമെന്നതിനാല്‍ സുരക്ഷാ നടപടികള്‍ തുടര്‍ന്നു.
രണ്ട് കമ്പനി സൈനികരെയും പത്ത് കമ്പനി അര്‍ധസൈനികരെയും അധികമായി നിയമിച്ചു. കോടതി പരിസരത്ത് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്കി. വിധി പറയുന്ന ജഡ്ജി ജഗ്ദീപ് സിങ്ങിന് പ്രത്യേക സുരക്ഷ നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് അനുയായികളുള്ള പ്രബല വിഭാഗം കലാപവുമായി തെരുവിലിറങ്ങിയപ്പോള്‍ പത്തു മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്താന്‍ സാധിച്ചത് വലിയ നേട്ടമായാണ് സുരക്ഷാ സേനകള്‍ കാണുന്നത്.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ദേര സച്ചയ്ക്കെതിരെ കര്‍ശന നടപടികളും ഹരിയാന സര്‍ക്കാര്‍ ആരംഭിച്ചു. സംഘടനയുടെ മുഴുവന്‍ കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ ഉത്തരവിട്ടു. കുരുക്ഷേത്ര ജില്ലയില്‍ ഒന്‍പത് സ്ഥാപനങ്ങള്‍ പൂട്ടി. ഇവിടെനിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഗുര്‍മീത് സിങ്ങിന്റെയും സംഘടനയുടെയും സ്വത്തുക്കള്‍ ഏറ്റെടുക്കാനും നീക്കം തുടങ്ങി.
അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ദേര സച്ചയില്നിന്ന് ഈടാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സിര്‍സയിലെ ആസ്ഥാനത്തുനിന്ന് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം അവഗണിച്ച് ആയിരക്കണക്കിന് അനുയായികള്‍ തങ്ങുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉള്ളതിനാല്‍ നടപടിക്ക് സൈന്യം തയ്യാറായിട്ടില്ല.
ഓര്‍ക്കാപ്പുറത്താണ് പ്രകോപനമെങ്കിലും ശക്തമായ നടപടിയാണ് ഹരിയാനാ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. എന്നിട്ടും ചില രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ബിജെപി വിരുദ്ധത പ്രകടമാക്കാനാണ് ശ്രദ്ധിച്ചത്. മകന് മരിച്ചിട്ടായാലും മരുമകളുടെ കണ്ണീരുകാണണമെന്ന മോഹം പോലെയാണിവര് പെരുമാറിയത്.
ഇവര്‍ക്കുപിന്നാലെ പ്രധാന മന്ത്രിയേയും ഹരിയാനാ മുഖ്യമന്ത്രിയേയും വിമര്‍ശിക്കാന്‍ കോടതിയും തയ്യാറായി. ‘പ്രധാനമന്ത്രി ബിജെപിയുടേതല്ലെന്ന്’ ചോദിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചതെന്താണെന്ന് മനസ്സിലാകുന്നില്ല.
പ്രധാനമന്ത്രിയെ നിശ്ചയിച്ചത് ബിജെപിയാണെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹം പാര്‍ട്ടി പക്ഷപാതം കാണിച്ചില്ലെന്ന് ജനങ്ങളെല്ലാം സമ്മതിക്കും. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പെരുപ്പിച്ചുകാട്ടുകയല്ല, സമചിത്തതയോടെ പെരുമാറുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: