തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിനെ കൊലപ്പെടുത്തിയത് തീവ്രവാദ സംഘടനയാണെന്ന സംശയം ബലപ്പെടുന്നു. ലോകത്തിന് തന്നെ ഭീഷണിയായി മാറിയ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ജില്ലയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം മാസങ്ങള്‍ക്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് സിറിയ(ഐഎസ്ഐഎസ്) എന്ന സംഘടന കേരളത്തിലും പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളുകളേറെയായി. പോലീസും കേന്ദ്ര ഇന്റലിജന്‍സും ഈ വസ്തുത സമ്മതിക്കുന്നുണ്ടെങ്കിലും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ അങ്ങനെയില്ലെന്നാണ് പറയുന്നത്. രാഷ്ട്രീയക്കാരുടെ മൗനസമ്മതത്തോടെയാണ് ഇത്തരം സംഘടനകള്‍ സംസ്ഥാനത്ത് ശക്തിയാര്‍ജ്ജിക്കുന്നത്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ കേരളം കൊലക്കളമാക്കാനും മതപരിവര്‍ത്തനം, നിര്‍ബന്ധിത മതപ്രചാരണം എന്നിവയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കാസര്‍ഗോഡും മലപ്പുറത്തും അറസ്റ്റിലായ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ മലപ്പുറത്തെ ഹിന്ദു നേതാക്കളെയും മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നവരെയും കൊലപ്പെടുത്താന്‍ നീക്കമുണ്ടെന്ന് വ്യക്തമായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രാദേശിക ബിസിനസുകാരില്‍ നിന്നും ധനസഹായവും ലഭിക്കുന്നുണ്ട്. ഇങ്ങനെ പണം നല്‍കുന്നവരെ പോലീസ് നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വിപിന്‍ താമസിക്കുന്നത് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്താണ്. ഹിന്ദു സംഘടനാ പ്രവര്‍ത്തകനായിട്ടും നാട്ടുകാര്‍ക്കിടയില്‍ പൊതുസമ്മതനായിരുന്നു അദ്ദേഹം. വിപിന്‍ മതതീവ്രവാദ സംഘടനകളില്‍ നിന്ന് പല തരത്തിലുള്ള ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരു മുറിയും അടുക്കളയും മാത്രമുള്ളതാണ് കൂലി പണിക്കാരനായ വിപിന്റെ വീട്, വീട്ടിലേക്ക് വഴിയില്ല. സ്വന്തം ബൈക്ക് റോഡരികിലുള്ള മറ്റൊരു വീട്ടിലാണ് വെക്കാറുള്ളത്. സംഭവദിവസം അവിടെ നിന്നും വണ്ടിയെടുക്കുമ്പോള്‍ തന്നെ അക്രമികള്‍ക്ക് ആരോ വിവരം നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വെച്ചാണ് പിന്തുടര്ന്നെത്തിയ മൂന്നംഗ അക്രമി സംഘം വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്. തിരൂര്‍-ചമ്രവട്ടം റോഡില്‍ രാവിലെ ഏഴിന് ബസ് യാത്രക്കാരുടെയും നാട്ടുകാരുടെ മുന്നിലിട്ടാണ് അതിക്രൂരമായ രീതിയില്‍ വിപിനെ വെട്ടിയത്. കൊലപാതകത്തിനു പിന്നിലുള്ള ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാണ് ഹിന്ദു സംഘടനകളും നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: