ഏറ്റുമാനൂര്‍ എന്നു കേള്‍ക്കുമ്പോള്‍ മുമ്പൊക്കെ അവിടത്തെ മഹാക്ഷേത്രവും കെടാവിളക്കും ഏഴരപൊന്നാനയും ആറാട്ടിന് ആനകള്‍ നിരക്കുന്ന കോവില്പാടവും വാദ്യമേളങ്ങളും പാട്ടുകച്ചേരികളുമൊക്കെയാണ് ഓര്‍മവരിക. ചെറുപ്പത്തില്‍ അവിടെ പോയത് തറവാട്ടിലെ ഒരു കുട്ടിയുടെ ചോറൂണിനായിരുന്നു. മെയിന്ഗാഡില് നിന്ന് ക്ഷേത്രവളപ്പിലേക്കു തിരിയുമ്പോള്‍ അകലെ ഗോപുരത്തിനുമുകളില്‍ ഉയര്‍ന്ന് കാണുന്ന പൊന്നിന് കൊടിമരം ഇന്നും മനസ്സില്‍ തെളിയുന്നുണ്ട്. ചുറ്റമ്പലത്തിന്റെ പഴമ മുക്കാല്‍ നൂറ്റാണ്ടിനപ്പുറത്തേപ്പോലെ തന്നെയാണിന്നും. പിന്നീട് ഏറ്റുമാനൂര്‍ മഹിമ പലരില്‍ നിന്നും ഐതിഹ്യമാലയില്‍നിന്നും മറ്റും മനസ്സിലായി.
ഞങ്ങളുടെ സ്കൂളില്‍ ഡ്രില്‍ മാസ്റ്ററായിരുന്ന വെങ്കിടാചലമയ്യര്‍ ഏറ്റുമാനൂര്ക്കാരനായിരുന്നു. അദ്ദേഹം തന്റെ അനുനാസികാ സമൃദ്ധമായ ശബ്ദത്തില്‍ ഏറ്റുമാനൂര്‍ പുരാണം പറയുമായിരുന്നു. പ്രശസ്ത അധ്യാപകനും നര്മസാഹിത്യകാരനുമായിരുന്ന പ്രൊഫസര്‍ ആനന്ദക്കുട്ടന് ഏറ്റുമാനൂരില്‍ പഠിക്കുമ്പോള്‍ വെങ്കിടാചലമയ്യര്‍ എന്ന ഡ്രില്‍ മാസ്റ്റര്‍ ഒരിക്കല്‍ ക്ലാസ് ടീച്ചര്‍ ഇല്ലാത്ത അവസരത്തില്‍ വന്ന് ഹാജര്‍ വിളിച്ചപ്പോള്‍ തന്റെ പേര് ആട്ടുമുട്ടന്‍ നായര്‍ എന്നു വായിച്ചതായി എഴുതിയതോര്‍ക്കുന്നു.
പിന്നീട് സംഘപ്രചാരകനായപ്പോള് ഏറ്റുമാനൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വന്നത്, ക്ഷേത്ര സംരക്ഷണ സമിതിയുടെ സമുന്നത നേതൃത്വത്തിലുള്ള പി.എന്‍. ഗോപാലകൃഷ്ണനെയാണ്. അദ്ദേഹവുമായും ആറുപതിറ്റാണ്ടിന്റെ ബന്ധമുണ്ട്. ഒരു കാലത്തു തൊടുപുഴയിലെ സംഘപ്രവര്‍ത്തനത്തിന്റെ മുഴുവന്‍ ചുമതലയും അദ്ദേഹത്തിനായിരുന്നു. കേരള സര്‍വീസ് ബാങ്കില്‍ ജീവനക്കാരനായി തൊടുപുഴയില്‍ എത്തിയ അദ്ദേഹം; ആ ബാങ്ക് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ലയിച്ചശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു ജോലിക്കയറ്റം കിട്ടി പോകുന്നതുവരെ തൊടുപുഴയില്‍ ഉണ്ടായിരുന്നു.
ഈ ഏറ്റുമാനൂര്‍ വിശേഷങ്ങളൊക്കെ വിവരിച്ചത് ഏറ്റുമാനൂര്‍കാരന്റെ സപ്തതി പ്രമാണിച്ച് കഴിഞ്ഞാഴ്ച കോട്ടയത്തു നടന്ന ചടങ്ങില്‍ പങ്കെടുത്തത് അനുസ്മരിക്കാനായിരുന്നു. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ പൊതുജീവിതത്തിന്റെ അരനൂറ്റാണ്ടുകൂടി അന്ന് അനുസ്മരിക്കപ്പെട്ടു. അന്നവിടെ എത്തിച്ചേര്‍ന്ന ജനസഞ്ചയത്തിന്റെ വൈപുല്യവും വൈവിധ്യവും കക്ഷി രാഷ്ട്രീയത്തിനതീതമായിരുന്നു. ഏറ്റുമാനൂരിനും കോട്ടയത്തിനും മാത്രമല്ല കേരളത്തിനാകെ സുപരിചിതമാണ് രാധാകൃഷ്ണന്റെ പേര്. അദ്ദേഹത്തെ ജനസംഘത്തിലേക്ക് ആനയിച്ചവരുടെ കൂട്ടത്തില്‍ എനിക്കും ഒരു പങ്ക് അവകാശപ്പെടാനുണ്ട് എന്ന് പറയാം. സഹപാഠികളായ കോട്ടയത്തെ സ്വയംസേവകര്‍ക്കും അരനൂറ്റാണ്ടിനപ്പുറം അവിടെ പ്രചാരകനായിരുന്ന മാധവനുണ്ണിക്കുമാണ് അതിന്റെ പ്രധാനമേന്മ. ഒഴുകുന്ന തോണിയില്‍ ഒരുന്തുകൊടുത്ത പങ്കേ എനിക്കവകാശപ്പെടാനുള്ളൂ.
വിദ്യാഭ്യാസം കഴിഞ്ഞു ഹൈറേഞ്ചില്‍ സംഘപ്രവര്‍ത്തനമാരംഭിക്കണമെന്ന സംഘതീരുമാനപ്രകാരം മുന്നോട്ടുവന്ന ആളായിരുന്നു രാധാകൃഷ്ണന്. കാഞ്ചിയാര്‍ എന്ന സ്ഥലത്തായിരുന്നു പ്രവര്ത്തിച്ചതെന്നാണെന്റെ ഓര്‍മ്മ. ഏതാനും വര്‍ഷം കഴിഞ്ഞ് ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയം എറണാകുളത്തേക്ക് മാറ്റിയപ്പോള്‍ അവിടെ ഒരു മുഴുസമയ കാര്യദര്‍ശി ആവശ്യമായി വന്നു. അതിന് രാധാകൃഷ്ണന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ പരമേശ്വര്‍ജിക്ക് അതിഷ്ടപ്പെട്ടു. അങ്ങനെ ഏറ്റുമാനൂരിലെ വീട്ടില്‍ ചെന്ന് വിവരം പറയുകയും നേരത്തെ തന്നെ പരിചയപ്പെട്ടിരുന്ന അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കണ്ട് പരിചയം പുതുക്കി, ഭക്ഷണവും കഴിച്ച് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് എറണാകുളത്തെത്തി അദ്ദേഹം ചുമതല ഏറ്റെടുത്തു. ജനസംഘത്തിന്റെയും കേരള രാഷ്ട്രീയത്തിന്റെയും നിര്‍ണായക ഘട്ടത്തില്‍ അതിന്റെ മര്‍മ്മ പ്രധാന സ്ഥാനത്തദേഹമുണ്ടായിരുന്നു. അതുവരെ വി.കെ. രാധാകൃഷ്ണനായിരുന്ന അദ്ദേഹത്തെ ഏറ്റുമാനൂര്‍ രാധാകൃഷ്ണനാക്കിയത് മഞ്ചനാമഠം ബാലഗോപാല്‍ എന്ന മുതിര്‍ന്ന പത്രക്കാരനായിരുന്നു. ഗുരുവായൂര്‍ കേശവന്, ആറന്മുള വലിയ ബാലകൃഷ്ണന്, വൈക്കത്ത് ഗംഗാധരന് എന്നപോലെ ഒരാനയാവും രാധാകൃഷ്ണന് എന്ന് ചിലര്‍ കരുതിയേക്കും എന്നുകൂടി അന്ന് ബാലഗോപാല്‍ തമാശ പൊട്ടിച്ചു.
ജനസംഘ പത്രിക എന്ന പാക്ഷിക ബുള്ളറ്റിന്, പ്രസിദ്ധീകരിക്കുന്നതിനും രാഷ്ട്രവാര്‍ത്ത സായാഹ്ന പത്രം ഇറക്കുന്നതിനും ലഘുലേഖകള്‍ തയ്യാറാക്കുന്നതിനുമെല്ലാം അദ്ദേഹം ഉത്സാഹിയായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷമുണ്ടായ ആപല്‍ക്കരമായ ഘട്ടത്തിലെ അവസരോചിതമായ സേവനം ഇന്നും രോമാഞ്ചകരമാകുന്നു. ലഘുലേഖകള്‍ അച്ചടിപ്പിക്കാന്‍ തമിഴ്നാട്ടില്‍ മലയാള സൗകര്യമുള്ള പ്രസുകളില്‍ പോയതും പോലീസ് വാറണ്ടും ലുക്കൗട്ട് നോട്ടീസും നിലനില്‍ക്കെ, മരണപ്പെട്ട സ്വപിതാവിനെ കാണാനാകാതെ ഒളിവില്‍ കഴിയേണ്ടിവന്നതും ആലുവയിലെ സ്വയംസേവകരുടെ സഹായത്തോടെ പെരിയാറ്റില്‍ അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചതും എങ്ങനെ മറക്കാനാവും? അടിയന്തരാവസ്ഥക്കാലത്ത് എനിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നപ്പോള്‍ അതിന് വ്യാജനാമത്തില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ പ്രവേശിച്ചതും അവിടെ ഒരാഴ്ചക്കാലം പരിചരണത്തിന് രാധാകൃഷ്ണന് വന്നതും മറക്കാനാവില്ല. ഇരുവരും മുള്മുനയിലെന്നപോലെയാണ് ആ നാളുകള്‍ കഴിഞ്ഞത്.
അടിയന്തിരാവസ്ഥയ്ക്കുശേഷം നിലവില്‍ വന്ന ജനതാപാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ കേരള ചുമതല ജനസംഘത്തിന് ലഭിച്ചപ്പോള്‍, സുന്ദര്‍ സിങ് ഭണ്ഡാരിജിയുടെ ആവശ്യപ്രകാരം രാധാകൃഷ്ണന്റെ പേരാണ് നല്‍കിയത്. അന്നു മുതല്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് എന്ന പേര് പരന്നു. പിന്നീട് യുവമോര്‍ച്ചയുടെയും നേതൃത്വം അദ്ദേഹത്തിനായി. ബിജെപിയുടെയും യുവമോര്‍ച്ചയുടെയും പ്രവര്‍ത്തനത്തോടൊപ്പം വിദ്യാഭ്യാസ മേഖലയിലും പ്രസാധന രംഗത്തും രാധാകൃഷ്ണന്റെ ദൃഷ്ടി ചെന്നെത്തി. കേരളത്തിലെ എണ്ണപ്പെടുന്ന രാഷ്ട്രീയ നേതാക്കളിലൊരാളായിത്തീര്‍ന്നു അദ്ദേഹം.
രാധാകൃഷ്ണന് ബിജെപിയുടെ കോട്ടയംജില്ലാ നേതൃത്വം വഹിച്ചയവസരത്തില് ഉണ്ടാക്കിയ ഒരു നേട്ടം ജില്ലാ സമിതിക്കു സ്വന്തമായി സ്ഥലവും കാര്യാലയവും ഉണ്ടാക്കിയതാണ്. കേരളത്തില്‍ സ്വന്തമായി അവ നേടിയ ജില്ലകോട്ടയമാണെന്ന് ഞാന്‍ വിചാരിക്കുന്നു. അതിനിടെ കേന്ദ്രത്തില്‍ അടല്‍ജിയുടെ മന്ത്രിസഭ നിലവില്‍ വന്ന കാലത്ത് അദ്ദേഹത്തെ റബര്‍ബോര്‍ഡ് വൈസ് ചെയര്മാന് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. റബര്‍ ബോര്‍ഡിന്റെ സാധാരണ ചുമതലകള്‍ക്കു പുറമെ സാമൂഹ്യരംഗത്തുള്ള സേവനങ്ങള്‍ നിര്‍വഹിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി അറിയാം.
ഏറ്റുമാനൂരിന്റെയും കോട്ടയത്തിന്റെയും പൊതുജീവിതത്തില്‍ നിറസാന്നിധ്യമായി നിരവധി ദശകങ്ങള്‍ പിന്നിട്ട അദ്ദേഹം അച്ഛനും മുത്തച്ഛനുമൊക്കെയായി സപ്തതിയിലെത്തിയത് പൊടുന്നനെയാണെന്നു തോന്നിപ്പോയി. ഇതിനിടെ ജന്മഭൂമിക്ക് കോട്ടയത്തുനിന്ന് പതിപ്പ് ആരംഭിക്കാനുള്ള സംരംഭത്തിന്റെ മുന്നിലും അദ്ദേഹമുണ്ടായിരുന്നു. അതിനായി രൂപീകൃതമായ ട്രസ്റ്റിന്റെ തലപ്പത്തു രാധാകൃഷ്ണനായിരുന്നുവെന്നാണോര്മ്മ. ഇന്ന് ജന്മഭൂമിയുടെ ഏറ്റവും ഊര്‍ജ്ജസ്വലമായ പതിപ്പ് കോട്ടയത്തെതാണെന്ന് അവിടത്തുകാര്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ അതിനും അദ്ദേഹത്തിന് അഭിമാനിക്കാം.
ബാല്യം വിട്ടൊഴിഞ്ഞകാലത്തുതന്നെ രാഷ്രട്രസേവനത്തിന് ഇറങ്ങാന്‍ രാധാകൃഷ്ണന്റെ പ്രചോദനം സംഘശാഖകള്‍ ആയിരുന്നുവെന്നതിന് സംശയമില്ല. എന്നാല്‍ അതിന് നിദാനമായ ഒരു ജൈവിക മൂല്യം കൂടിയുണ്ടെന്നു ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ അച്ഛന് 1940 കളില്‍ നാവികേസനയിലായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ബോംബെയിലെ നാവികാസ്ഥാനത്ത് 1946 ല്‍ അരങ്ങേറിയ നാവിക കലാപത്തിന്റെ രഹസ്യ സംഘാടകരില്‍പ്പെട്ട അദ്ദേഹം അക്കാരണത്താല്‍ അറസ്റ്റിലാകുകയും കോര്‍ട്ട് മാര്‍ഷല്‍ ചെയ്യപ്പെടുകയുമുണ്ടായി.
സ്വതന്ത്രഭാരതം പില്ക്കാലത്ത് അവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി പുനരധിവസിപ്പിച്ചപ്പോള്‍ സെന്‍ട്രല്‍ എക്സൈസില്‍ പ്രവേശിക്കാന്‍ സാധിച്ചു. സംഘപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്ര സേവനത്തിന് സ്വയം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ ആ ജൈവിക പ്രചോദനം സഹായിച്ചിരിക്കും.
രാധാകൃഷ്ണന് തലകറുപ്പിച്ചു ചെറുപ്പം അഭിനയിക്കാന്‍ മിനക്കെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും അദ്ദേഹത്തെ ചെറുപ്പം കൈവിടുന്നില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ പരിപാടി കണ്ടപ്പോള്‍ തോന്നിയത്. അദ്ദേഹത്തിന് എഴുപതിന്റെ ചെറുപ്പത്തില്‍ തുടര്‍ന്നും ജനസേവനത്തിനുള്ള അവസരങ്ങള്‍ കൈവരട്ടെ എന്നാശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: