കളമശ്ശേരി: സെപ്ടിക് ടാങ്ക് മാലിന്യം തള്ളാന്‍ വന്ന ടാങ്കര്‍ ലോറി നിയന്ത്രണം തെറ്റി കുറ്റിക്കാടിനുള്ളിലെ കുഴിയില്‍ വീണു. കളമശേരിയിലെ വിജനമായ എച്ച്എംടി ഭൂമിയില്‍ ഇന്നലെ രാത്രി പത്തിനാണ് സംഭവം.
സെപ്ടിക് ടാങ്ക് മാലിന്യവുമായി വന്ന ടാങ്കര്‍ ലോറി നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ പരിഭ്രാന്തിയിലായതാണ് അപകടത്തിന് കാരണമായത്. മണിക്കൂറുകള്‍ക്ക് മുമ്പ് സെപ്റ്റിക് ടാങ്ക് മാലിന്യം ഇവിടെ തള്ളി മടങ്ങിയ ലോറി വീണ്ടും വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നാട്ടുകാര്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നത്.
നാട്ടുകാരെ കണ്ടതോടെ ഡ്രൈവറും സഹായിയും വണ്ടി ഉപേക്ഷിച്ച് പ്രധാന റോഡിലേക്ക് ഓടി. സംഭവമറിഞ്ഞ പോലീസ് സ്ഥലത്തെത്തി രണ്ട് പ്രതികളെയും റോഡില്‍ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇരുവരെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മേഖലയില്‍ സമീപ സ്ഥലങ്ങളിലെയും മുനിസിപ്പാലിറ്റികളിലെയും വിവിധ തരം മാലിന്യം തള്ളുന്നത് വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഡിവിഷന് കൗണ്‍സിലര്‍ വി എസ് അബൂബക്കര്‍ പറഞ്ഞു. വാഹനങ്ങള്‍ കസ്റ്റഡിലെടുത്താലും കടുത്ത ശിക്ഷ ലഭിക്കാത്തതിനാല്‍ വീണ്ടും സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: