മീററ്റ്: മുത്തലാഖിലൂടെ മൊഴി ചൊല്ലാനുളള അവകാശം ഭരണാഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് മുത്തലാഖിലൂടെ മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ മീററ്റിലെ സര്‍ദാനയിലാണ് സംഭവം. സുപ്രിംകോടതി മുത്തലാഖ് നിരോധിച്ചതായി ബന്ധുക്കള്‍ ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും ഇത് ചെവിക്കൊള്ളാന്‍ ഭാര്യ തയാറായില്ല.
മൊഹല്ല കമറാ നവബാന്‍ എന്ന യുവതിയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി തന്നെ ഒഴിവാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ യുവതി പോലീസില്‍ പരാതി നല്കി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദിക്കാറുണ്ടായിരുന്നെന്നും തന്നെ വീട്ടില്‍നിന്നു പുറത്താക്കിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.
ആറു വര്‍ഷം മുമ്പ് വിവാഹിതയായ യുവതി മൂന്നു കുട്ടികളുടെ അമ്മയാണ്. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഒരിക്കല്‍ ഗര്‍ഭം അലസിപ്പോയതായും യുവതിയുടെ പരാതയിലുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിയെ മര്‍ദിക്കുന്നതു സംബന്ധിച്ച് ചോദിക്കുന്നതിനായി ഇവരുടെ കുടുംബാംഗങ്ങള്‍ ഭര്‍ത്താവിനെ കാണാന്‍ എത്തിയതിനു പിന്നാലെയായിരുന്നു മൊഴി ചൊല്ലലെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് ആറുപേരെയും പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് രീതി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നായിരുന്നു അഞ്ചംഗസുപ്രിംകോടതി ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആറുമാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ആറുമാസത്തിനകം പാര്‍ലമെന്റ് പുതിയ നിയമനിര്‍മാണം നടത്തണം. ഇതുണ്ടായില്ലെങ്കില്‍ നിരോധനം വീണ്ടും തുടരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മുത്തലാഖ് ആറു മാസത്തേക്കു സുപ്രീംകോടതി വിലക്കുകയും ചെയ്തു.പതിനഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവതം മുത്തലാഖിലൂടെ വേര്‍പെടുത്തപ്പെട്ട സൈറാബാനു, കത്തുവഴി മൊഴിചൊല്ലപ്പെട്ട അഫ്രിന് റഹ്മാന്, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്റത് ജഹാന്, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നീ സ്ത്രീകളാണ് മുത്തലാഖിന്റെ നിയമസാധുതയും ഭരണഘടനാ സാധുതയും ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: