അങ്ങാടിപ്പുറം: ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തിന് പുതിയ റെയില്‍വേ മേല്‍പ്പാലം ശാപമായി മാറുന്നു. മുമ്പ് റെയില്‍വേ ഗേറ്റ് അടയ്ക്കുമ്പോള്‍ മാത്രം ഉണ്ടായിരുന്ന ഗതാഗതക്കുരുക്ക് മേല്‍പ്പാലം വന്നതോടെ സദാസമയവും അഴിയാക്കുരുക്കായി.
ക്ഷേത്രനഗരി ഗതാഗതക്കുരുക്കിലകപ്പെട്ട് വീര്‍പ്പുമുട്ടുകയാണ്. ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലേക്ക് രോഗികളെ കൊണ്ടുവരുന്ന ആംബുലന്‍സുകളും ഈ കുരുക്കില്‍ അകപ്പെടുന്നു. കോടികള്‍ മുടക്കിപ്പണിത ഈ പാലംകൊണ്ട് ഈ രണ്ട് ടൗണുകളിലെയും ഗതാഗതക്കുരുക്കിന് ശമനമായില്ലെന്ന് മാത്രമല്ല, കൂടുതല്‍ രൂക്ഷമാകുകയും ചെയ്തു.
ദേശീയപാതയില്‍ നാലുവരിയായി വരുന്ന വാഹനങ്ങള്‍ പാലത്തില്‍ രണ്ടുവരിയായി നീങ്ങാനേ കഴിയൂവെന്നതാണ് പ്രധാന പ്രശ്നം. മേല്‍പ്പാലത്തിന് സമീപത്തെ 43-ഓളം പോക്കറ്റ് റോഡുകള്‍ വഴി വരുന്ന വാഹനങ്ങള്‍ മേല്‍പ്പാലത്തില്‍ കയറി വേണം മറുകരയിലെത്താന്‍.
ഇതിനായി പാലത്തിലേക്ക് തിരിയാന്‍ വേണ്ടത്ര സ്ഥലമോ സംവിധാനമോ ഒരുക്കാതെയുള്ള നിര്‍മാണമാണ് കുരുക്കിന് മറ്റൊരു കാരണം. ദിവസേനയുണ്ടാവുന്ന ഈ കുരുക്കിന് താല്‍ക്കാലികമായി എന്തെങ്കിലും പരിഹാരം കാണാന്‍ അധികൃതരും മെനക്കെടുന്നില്ല. പകല്‍സമയത്ത് ഇതുവഴിയുള്ള വലിയ ചരക്ക് ലോറികളുടെ യാത്രയെങ്കിലും ക്രമീകരിച്ചാല്‍ തെല്ലൊരാശ്വാസമാകും.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ മംഗല്യപൂജ നടക്കുന്ന ദിവസങ്ങളിലും വിവാഹങ്ങള്‍ ഏറെയുണ്ടാകുന്ന ദിവസങ്ങളിലുമാണ് കുരുക്ക് രൂക്ഷമാകുന്നത്. ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് നിര്‍മ്മിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: