ആലുവ: ബാസ്ക്കറ്റ് ബോള്‍ ലോകത്താരംഭിച്ചതിന്റെ 125-ാം വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ത്യന്‍ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ തുടങ്ങും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ വൈഎംസിഎയുടെ ഇന്ത്യയിലെ 9 റീജ്യണുകളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. രാജ്യത്തെ 500 കേന്ദ്രങ്ങളിലൂടെ 50000 കുട്ടികളെ ബാസ്ക്കറ്റ്ബോള്‍ പരിശീലിപ്പിച്ച് താരങ്ങളാക്കുകയാണ് ലക്ഷ്യമെന്ന് വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യുവും ആലുവ പ്രോജക്ട് ചെയര്മാന് എജി എബ്രഹാമും ആലുവായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അമേരിക്കയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ വൈഎംസിഎയുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഇന്‍സ്ട്രക്ടറായിരുന്ന ജെയിംസ് നാസ്മിത്ത് രൂപകല്‍പ്പന ചെയ്തതാണ് ബാസ്ക്കറ്റ്ബോള്‍. നൂറിലധികം രാജ്യങ്ങളില്‍ ഇന്ന് ബാസ്കറ്റ് ബോള്‍ കളിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
കാരുണ്യ പരിപാടികളുടെ ഭാഗമായി ഇന്ത്യയിലെ വൈഎംസിഎകളുടെ നേതൃത്വത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് ക്രിസ്മസ് വാരം കാരുണ്യവാരമായി ആചരിക്കും. പ്രാദേശിക വൈ.എം.സി.എകളുടെ നേതൃത്വത്തില്‍ ബാലഭവനങ്ങള്‍, വൃദ്ധസദനങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷണ, വസ്ത്രവിതരണം നടത്തും.
ദേശീയ വൈഎംസിഎയുടെ യൂത്ത് വിമന്‍ ചില്‍ഡ്രന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 8 ന് തിരുവല്ലയില്‍ ദേശീയ യുവജന സംഗമം നടത്തും. ആലുവ തോട്ടുമുഖത്തെ വൈ.എം.സി.എ ക്യാമ്പ് സെന്ററില്‍ കേരള വൈ.എം.സി.എയുടെ ആദ്യത്തെ സെക്രട്ടറിയായിരുന്ന ഡബ്ല്യു.ഒ.ജോര്‍ജിന്റെ സ്മരണയ്ക്ക് ദേശീയ വൈ.എം.സി.എയുടെ സഹകരണത്തോടെ ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പ്രാരംഭ പണികള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 10 ന് ഉദ്ഘാടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: