ഏഴുവര്‍ഷം മുമ്പാണ് വിനോദത്തിനുവേണ്ടി മേരിയൊരു ഉദ്യാനം ആരംഭിച്ചത്. വീട്ടിലെ 20 സെന്ററില്‍ മേരിക്ക് കൂട്ടായി നിരവധി പുഷ്പങ്ങളുണ്ടായി. കൂട്ടത്തില്‍ ഏറെയും ഓര്‍ക്കിഡ്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ സ്വദേശിയായ മേരിയുടെ വീട് പൂക്കളുടെ വിസ്മയ ലോകമാണ്. ഇന്ന് അവയുടെ സുഗന്ധത്തിനൊപ്പം അംഗീകാരവും മേരിയെ തേടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഉദ്യാനപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മേരിക്കാണ് ഇത്തവണത്തെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉദ്യാന ശ്രേഷ്ഠ അവാര്‍ഡ്.
മേരിയുടെ കുടുംബം വര്‍ഷങ്ങളായി മുംബൈയിലായിരുന്നു സ്ഥിര താമസം. ഭര്‍ത്താവായ തോമസ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. 2009 ല്‍ വിആര്‍എസ് എടുത്ത് കുടുംബം നാട്ടിലേക്ക് തിരിച്ചു വന്നു. പിന്നീടാണ് വീട്ടിലെ പുരയിടത്തില്‍ ഓര്‍ക്കിഡ് കൃഷി ആരംഭിച്ചത്. അതിന് ശേഷം വിവിധയിനം ചെടികള്‍ ശേഖരിച്ച് വില്‍പ്പന തുടങ്ങി. പലതരം ഓര്‍ക്കിഡുകള്‍ക്ക് പുറമേ വിവിധതരം ചെമ്പരത്തികള്‍, ബോണ്‍സായി ചെടികള്‍, നിരവധി വിദേശ പുഷ്പങ്ങള്‍ തുടങ്ങിയവയും ഉദ്യാനത്തിലുണ്ട്. കൈവശമില്ലാത്ത ഇനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ന് പൂക്കള്‍ക്ക് പുറമേ അലങ്കാര മത്സ്യക്കൃഷിയും ചെയ്യുന്നുണ്ട്. പ്ളാറ്റി, സോള്ട്ടെയില് എന്നീ ഇനങ്ങളാണ് ആദ്യം കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ ഓസ്ക്കാറിന്റെ വെറൈറ്റികളായ ടൈഗര്‍, പൈയര്‍ റെഡ്, കോപ്പര്‍, ആല്‍ബിനോ എന്നിവയാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഒന്‍പത് സിമന്റ് ടാങ്കും, 16 ഫൈബര്‍ ടാങ്കും, 20 ഗ്ലാസ് ടാങ്കുമാണ് മത്സ്യക്കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. പൂക്കളുടെ സീസണല്ലാത്ത സമയങ്ങളില്‍ അലങ്കാര മത്സ്യങ്ങള്‍ വരുമാനം നല്കുന്നു. ഇന്ന് സീസണില്‍ 60,000 ഓളം രൂപ പൂക്കളും, ഒന്നര ലക്ഷത്തോളം രൂപ മത്സ്യങ്ങളും വഴി ലഭിക്കുന്നുണ്ട്.
മത്സ്യങ്ങള്‍ ഹോള്‍സെയില്‍, റീട്ടെയില്‍ രീതികളില്‍ വില്‍പ്പന നടത്താറുണ്ട്. കോഴിക്കോട്, ബെംഗളുരു എന്നിവിടങ്ങളിലാണ് വില്‍പ്പന ഏറെയും നടത്തുന്നത്. എല്ലാ ഇനങ്ങള്‍ക്കും വിപണി കണ്ടെത്താന്‍ ഭര്‍ത്താവ് തോമസും ഇന്ന് മേരിക്കൊപ്പം സഹായത്തിനുണ്ട്. തുടക്കത്തില്‍ മനസ്സിന്റെ സന്തോഷം കരുതി മാത്രമാണ് ഉദ്യാനം ആരംഭിച്ചതെന്നാണ് മേരി പറയുന്നത്. കൃഷിക്ക് പിന്തുണയുമായി ബെംഗളുരുവില്‍ ജോലി ചെയ്യുന്ന മകള്‍ ഷാലറ്റ് തോമസും, വിദ്യാര്‍ഥിയായ മകന് ഷിബു തോമസും മേരിക്ക് കൂട്ടായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: